നിങ്ങള്‍ അറിഞ്ഞില്ലേ, എല്‍ & ടിയുടെ മെഗാ ലയനപ്രഖ്യാപനം

തങ്ങളുടെ രണ്ട് ലിസ്റ്റഡ് ഐടി സേവന കമ്പനികളായ എല്‍ & ടി ഇന്‍ഫോടെക് (എല്‍ടിഐ), മൈന്‍ഡ്ട്രീ എന്നിവയെ ലയിപ്പിക്കാനൊരുങ്ങി ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (എല്‍ & ടി). വെള്ളിയാഴ്ചയാണ് കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചത്. നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. LTIMindtree എന്ന പേരായിരിക്കും ലയനത്തിന് ശേഷം സ്ഥാപനം പ്രവര്‍ത്തിക്കുക. വരുമാനത്തിന്റെയും ലാഭത്തിന്റെയും കാര്യത്തില്‍, ടിസിഎസ്, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, വിപ്രോ, ടെക് മഹീന്ദ്ര എന്നിവയ്ക്ക് ശേഷം രാജ്യത്തെ ആറാമത്തെ വലിയ ഐടി പ്ലെയര്‍ ആയിരിക്കും LTIMindtree.

ലയനം മികച്ച ഏകോപനവും സമന്വയ മൂല്യവും കൊണ്ടുവരുമെന്ന് എല്‍ & ടി ഗ്രൂപ്പ് ചെയര്‍മാന്‍ എ എം നായിക് പറഞ്ഞു. ''രണ്ട് കമ്പനികളുടെയും പ്രകടനം മറ്റ് വലിയ കമ്പനികളെക്കാള്‍ ഉയര്‍ന്നതായി ഞങ്ങള്‍ കണ്ടു. ലയിപ്പിച്ച സ്ഥാപനത്തിന് വലിയ വെല്ലുവിളികള്‍ ഏറ്റെടുക്കാനും സ്‌കീം ഫലപ്രദമാകുമ്പോള്‍ എത്തിക്കാനുമുള്ള വൈദഗ്ധ്യവും വിഭവങ്ങളും ഉണ്ടായിരിക്കും,'' അദ്ദേഹം ലയന പ്രഖ്യാപനത്തിനിടെ വ്യക്തമാക്കി.
ഇടപാട് ഷെയര്‍ഹോള്‍ഡര്‍, റെഗുലേറ്ററി അംഗീകാരത്തിന് വിധേയമാണ്. പദ്ധതി പ്രാബല്യത്തില്‍ വരുമ്പോള്‍, മൈന്‍ഡ്ട്രീയുടെ എല്ലാ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്കും ഓരോ 100 ഓഹരികള്‍ക്കും 73 ഓഹരികള്‍ എന്ന അനുപാതത്തില്‍ എല്‍ടിഐയുടെ ഓഹരികള്‍ നല്‍കും. ഇഷ്യൂ ചെയ്ത എല്‍ടിഐയുടെ പുതിയ ഓഹരികള്‍ എന്‍എസ്ഇയിലും ബിഎസ്ഇയിലും ട്രേഡ് ചെയ്യപ്പെടും. ലയനത്തിനുശേഷം എല്‍ടിഐയുടെ 68.73 ശതമാനം എല്‍ & ടി കൈവശം വയ്ക്കും.
മൈന്‍ഡ്ട്രീയിലെ സിഇഒയും എംഡിയുമായ ദേബാഷിസ് ചാറ്റര്‍ജിയാണ് സംയുക്ത സ്ഥാപനത്തിന് നേതൃത്വം നല്‍കുന്നതെങ്കിലും, എല്‍ടിഐയുടെ സിഇഒയും എംഡിയുമായ സഞ്ജയ് ജലോണയുടെ രാജി മുതിര്‍ന്ന തലത്തിലുള്ള തര്‍ക്കത്തിന് വഴിവെക്കുമോയെന്ന ആശങ്കയുണ്ട്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it