ഇന്ത്യന്‍ കമ്പനിയാകാന്‍ ചൈനയുടെ എം.ജി മോട്ടോര്‍; ജെ.എസ്.ഡബ്ല്യുവുമായി കൈകോര്‍ത്തു
പ്രമുഖ ചൈനീസ് വാഹന നിര്‍മ്മാതാക്കളായ എം.ജി മോട്ടോര്‍ 'ഇന്ത്യന്‍ കമ്പനി' എന്ന ലേബല്‍ സ്വന്തമാക്കാനുള്ള നടപടികളുടെ ഭാഗമായി പ്രമുഖ വ്യവസായ ഗ്രൂപ്പായ ജെ.എസ്.ഡബ്ല്യുവുമായി കൈകോര്‍ത്തു. എം.ജി മോട്ടോറിന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനി എസ്.എ.ഐ.സി (SAIC) മോട്ടോറും ജെ.എസ്.ഡബ്ല്യു ഗ്രൂപ്പും ഇത് സംബന്ധിച്ച ധാരണയിലെത്തി.
ധാരണപത്ര പ്രകാരം എം.ജി മോട്ടോറില്‍ 35 ശതമാനം ഓഹരി പങ്കാളിത്തം ജെ.എസ്.ഡബ്ല്യുവിന് ലഭിക്കും. വാഹന വിപണിയിലേക്കുള്ള ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന്റെ ചുവടുവയ്പ്പ് കൂടിയാണിത്. നാല് വര്‍ഷത്തിനുള്ളില്‍ എം.ജി മോട്ടോഴ്സ് ഇന്ത്യയുടെ 51 ശതമാനം ഓഹരി ജെ.എസ്.ഡബ്ല്യു സ്വന്തമാക്കിയേക്കും
ഗ്രീന്‍ മൊബിലിറ്റിയില്‍ ശ്രദ്ധ
ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തുക, ഉല്‍പ്പാദന ശേഷി വിപുലീകരിക്കുക, ഗ്രീന്‍ മൊബിലിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പുത്തന്‍ വാഹനങ്ങള്‍ അവതരിപ്പിക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളാണ് ഈ സംയുക്ത സംരംഭത്തിനുള്ളത്. ഇതിൽ ഗ്രീന്‍ മൊബിലിറ്റിക്കാര്യങ്ങളിലാണ് ജെ.എസ്.ഡബ്ല്യു കൂടുതൽ ശ്രദ്ധചെലുത്തുക.
പുതിയ തലമുറ ഇന്റലിജന്റ് കണക്റ്റഡ് എന്‍.ഇ.വികളും ഐ.സി.ഇ വാഹനങ്ങളും ഉള്‍പ്പെടെ ലോകോത്തര സാങ്കേതികവിദ്യ പ്രാപ്തമാക്കിയ ഫ്യൂച്ചറിസ്റ്റിക് വാഹനങ്ങള്‍ കൊണ്ടുവരുന്നതിന് സംയുക്ത സംരംഭം വഴിയൊരുക്കും. ഈ സംയുക്ത സംരംഭത്തിന്റെ പ്രധാന ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന് ഇ.വി വാഹന മേഖലയുടെ വികസനമാണ്. ഗ്രീന്‍ മൊബിലിറ്റി സൊല്യൂഷനുകളില്‍ ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.
നൂറിലധികം രാജ്യങ്ങളില്‍ സാന്നിധ്യമുള്ള എസ്.എ.ഐ.സിക്ക് ഏകദേശം 11,000 കോടി ഡോളര്‍ വാര്‍ഷിക വരുമാനമുണ്ട്. ജെ.എസ്.ഡബ്ല്യു ഗ്രൂപ്പിന് 2,300 കോടി ഡോളറും. എം.ജി മോട്ടോര്‍ ഇന്ത്യ നേരത്തെ ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹീറോ മോട്ടോര്‍കോര്‍പ്പ്, പ്രേംജി ഇന്‍വെസ്റ്റ് എന്നിവരുമായി ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തുന്നതായി സൂചനകളുണ്ടായിരുന്നു.