Begin typing your search above and press return to search.
3000 കോടിയിലധികം രൂപയുടെ കുടിശിക, തൊഴിലുറപ്പ് പദ്ധതിക്കുള്ള തുക 25% വെട്ടിച്ചുരുക്കി കേന്ദ്രം
മഹാന്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിക്ക് ഇത്തവണത്തെ ബജറ്റില്‍ 72,034 കോടി രൂപയാണ് കേന്ദ്രം നീക്കിവെച്ചിരിക്കുന്നത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ കുറവ് തുകയാണ് കേന്ദ്രം ഇത്തവണ അനുവദിച്ചത്. 2020-21 കാലയളവില്‍ 1,10,527 കോടി രൂപയായിരുന്നു തൊഴിലുറപ്പ് പദ്ധതിക്കായി നല്‍കിയത്. ഈ തുക 97,034.7 കോടിയായി കേന്ദ്രം പുതുക്കി നിശ്ചയിക്കുകയും ചെയ്തു.നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് തൊഴിലുറപ്പ് പദ്ധതികളിലെ പങ്കാളിത്തം കൂടിയത് കണക്കിലെടുത്ത് കേന്ദ്രം കൂടുതല്‍ തുക അനുവദിക്കുകയായിരുന്നു.
2020 ലോക്ക്ഡൗണ്‍ കാലത്താണ് ഏറ്റവും അധികം ആളുകള്‍ തൊഴിലുറപ്പ് പദ്ധതികളുടെ ഭാഗമായത്. സമ്പത്ത് വ്യവസ്ഥ സാധാരണ നിലയിലെത്തിയപ്പോഴും തൊഴിലുറപ്പ് പദ്ധതികളിലെ പങ്കാളിത്തം കൊവിഡിന് മുമ്പുള്ളതിനെക്കാള്‍ ഉയര്‍ന്ന നിലയിലാണെന്നാണ് 2022 സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് നിലനില്‍ക്കെയാണ് തൊഴിലുറപ്പ് വിഹിതം കേന്ദ്രം വെട്ടിക്കുറച്ചത്. കൊവിഡിന്റെ സമയത്ത് ജനങ്ങളെ പട്ടിണിയില്‍ നിന്ന് രക്ഷിച്ചത് തൊഴിലുറപ്പ് പദ്ധതിയാണെന്നും ബജറ്റില്‍ വിഹിതം 25 ശതമാനമെങ്കിലും വര്‍ധിപ്പിക്കേണ്ടതായിരുന്നെന്നും മസ്ദൂര്‍ കിസാന്‍ ശക്തി സങ്കതന്‍ സ്ഥാപക അരുണാ റോയി പറയുന്നു.
പീപ്പിള്‍സ് ആക്ഷന്‍ ഫോര്‍ എംപ്ലോയിമെന്റ് ഗ്യാരന്റി നടത്തിയ പഠനം പറയുന്നത് 6.68 കോടി ജനങ്ങള്‍ക്കായി തൊഴിലുറപ്പ് വിഹിതം 2.64 ലക്ഷം കോടിയായി എങ്കിലും ഉയര്‍ത്തണമെന്നാണ്. എന്നാല്‍ സാഹചര്യം ആവശ്യപ്പെടുകയാണെങ്കില്‍ കൊവിഡിന്റെ സമയത്തേത് പോലെ കൂടുതല്‍ തുക തൊഴിലുറപ്പിനായി അനുവദിക്കാനാവുമെന്നാണ് സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ച് ആന്‍ഡ് ഗവേര്‍ണന്‍സ് തലവന്‍ രാമാനന്ദ് നന്ദ് പറയുന്നത്.
കേന്ദ്രം പാര്‍ലമെന്റില്‍ സമര്‍പ്പിച്ച രേഖകള്‍ പ്രകാരം 2022 ജനുവരി 27 വരെ 3358.14 കോടി രൂപയാണ് തൊഴിലുറപ്പ് വേദന ഇനത്തില്‍ കുടിശികയുള്ളത്. കേരളത്തിന് 72 കോടിയോളം രൂപ കുടിശിക ഇനത്തില്‍ ലഭിക്കാനുണ്ട്. പശ്ചിമ ബംഗാളിനാണ് ഏറ്റവും അധികം തുക നല്‍കാനുള്ളത്(752 കോടി രൂപ). മഹാന്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ഒരു വര്‍ഷം 100 തൊഴില്‍ ദിനങ്ങളാണ് ലഭിക്കുക. വിവിധ സംസ്ഥാനങ്ങളില്‍ 309 രൂപ മുതല്‍ 190 രൂപ വരെയാണ് തൊഴിലുറപ്പ് ജോലികള്‍ക്ക് ലഭിക്കുന്ന കൂലി. നിലവില്‍ ഏറ്റവും ഉയര്‍ന്ന തൊഴിലുറപ്പ് കൂലി നല്‍കുന്നത് ഹരിയാന ആണ്. ഛത്തീസ്ഗണ്ഡാണ് കൂലിയുടെ കാര്യത്തില്‍ ഏറ്റവും പിന്നില്‍.
Next Story
Videos