ചുഴലിക്കാറ്റിന് പിന്നാലെ അമോണിയ ചോര്‍ച്ചയും; മദ്രാസിലെ ജീവിതം ദുസ്സഹമോ?
തുടര്‍ച്ചയായുള്ള തിരിച്ചടികളില്‍ പൊറുതിമുട്ടുകയാണ് ചെന്നൈ നഗരവാസികളുടെ ജീവിതം. ചുഴലിക്കാറ്റ്, പേമാരി, വെള്ളപ്പൊക്കം, എണ്ണച്ചോര്‍ച്ച, ഒടുവിലിതാ പ്രതിസന്ധിയുടെ ആക്കംകൂട്ടി അമോണിയ വാതക ചോര്‍ച്ചയും. ചെന്നൈയിലെ നോര്‍ത്ത് മദ്രാസ് മേഖലയിലാണ് ദുരിതം കൂടുതല്‍. എന്നൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, മണാലി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ്, അശോക് ലെയ്ലാന്‍ഡ് ഫാക്ടറികള്‍ എന്നിങ്ങനെ നിരവധി വ്യവസായ എസ്റ്റേറ്റുകളുള്ള പ്രദേശമാണിത്. കനത്ത മഴ, ചുഴലിക്കാറ്റ് എന്നിവയെ തുടര്‍ന്ന് ഈ പ്രദേശങ്ങളിലെ നിരവധി ഫാക്ടറികളില്‍ വെള്ളം കയറി. ഏകദേശം 3 ദിവസത്തേക്ക് അവ അടച്ചുപൂട്ടിയിരുന്നു. ഇതോടെ ഉല്‍പാദനം തടസ്സപ്പെട്ടു.
എണ്ണ ചോര്‍ച്ച
ഡിസംബര്‍ നാലിനാണ് ചെന്നൈ പെട്രോളിയം കോര്‍പ്പറേഷനില്‍ നിന്ന് ക്രൂഡ് ഓയില്‍ ചോര്‍ന്നത്. പിന്നാലെ എന്നൂര്‍ മേഖലയില്‍ കടല്‍ത്തീരത്ത് ചത്ത മത്സ്യങ്ങളെ കണ്ടെത്തി. ഇത് വിവിധ സമുദ്രജീവികളെ പ്രതികൂലമായി ബാധിച്ചു. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളുടെ ഉപജീവനം താറുമാറായി. ബോട്ടുകള്‍ പലതും തകര്‍ന്നു. കൂടാതെ ഇത്തരം പ്രശ്‌നങ്ങള്‍ ദീര്‍ഘകാല പാരിസ്ഥിതിക നാശത്തിന് കാരണമായിരിക്കുകയാണ്.
അമോണിയ വാതക ചോര്‍ച്ച
എന്നൂരിലെ അമോണിയ വാതക ചോര്‍ച്ചയാണ് നോര്‍ത്ത് മദ്രാസിലെ ജനങ്ങള്‍ നേരിടുന്ന മറ്റൊരു പ്രശ്‌നം. രണ്ടര കിലോമീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്നാണ് വാതകം ചോര്‍ന്നത്. തുടര്‍ന്ന് എന്നൂര്‍ നിവാസികള്‍ക്ക് കടുത്ത ശ്വാസതടസ്സവും കണ്ണിന് അസ്വസ്ഥതയും അനുഭവപ്പെട്ടു. പിന്നാലെ 52 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഫാക്ടറി അടച്ചുപൂട്ടണമെന്നാണ് നാട്ടുകാരുടെ ആവശ്യം. താല്‍കാലികമായി അധികൃതര്‍ ഫാക്ടറി ഒരാഴ്ചത്തേക്ക് അടച്ചിടാന്‍ ഉത്തരവിട്ടിട്ടുണ്ട്.
(Story written by Ananya Ganesh)