

മൈക്രോസോഫ്റ്റ് ഇന്ത്യയിലെ 91 ശതമാനം ജീവനക്കാർക്കും ഈ അപ്രൈസൽ സൈക്കിളിൽ 5 ശതമാനമോ അതിൽ കുറവോ മാത്രം ശമ്പള വർദ്ധന (Salary Hike). വർക്ക്പ്ലേസ് നെറ്റ്വർക്കിംഗ് പ്ലാറ്റ്ഫോമായ 'ബ്ലൈൻഡ്' (Blind) നടത്തിയ സർവേയിലാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്. 2025-ൽ 45 ശതമാനം പേർക്ക് മാത്രമായിരുന്നു കുറഞ്ഞ വർദ്ധനവ് ലഭിച്ചതെങ്കിൽ ഇത്തവണ അത് വളരെയധികം ഉയർന്നു. കൂടാതെ, മുൻവർഷം 27 ശതമാനം പേർക്ക് 10 ശതമാനത്തിലധികം വർദ്ധന ലഭിച്ചിരുന്ന സ്ഥാനത്ത് ഇത്തവണ കേവലം 5 ശതമാനം പേർക്ക് മാത്രമാണ് ഉയർന്ന വർദ്ധനലഭിച്ചത്; ഇതോടെ സർവേയിൽ പങ്കെടുത്ത 86 ശതമാനം ജീവനക്കാരും അപ്രൈസലിൽ കടുത്ത അസംതൃപ്തി പ്രകടിപ്പിച്ചു.
കുറഞ്ഞ ശമ്പള വർദ്ധനവിനിടയിലാണ് കമ്പനി യോഗ്യരായ ജീവനക്കാർക്കായി 'വോളന്ററി എക്സിറ്റ് ഓഫർ' പ്രഖ്യാപിച്ചിരിക്കുന്നത്. ചീഫ് പീപ്പിൾ ഓഫീസർ ആമി കോൾമാൻ പ്രഖ്യാപിച്ച ഈ പദ്ധതി വഴി ഇന്ത്യ, യു.എസ്, യു.കെ, കാനഡ എന്നിവിടങ്ങളിലെ ലെവൽ 70-ഉം അതിൽ താഴെയുമുള്ള ഏകദേശം 60,000 ജീവനക്കാർക്ക് സാമ്പത്തിക സഹായത്തോടെ സ്വമേധയാ രാജിവെക്കാൻ അവസരമുണ്ട്. ഇന്ത്യയിലെ ജീവനക്കാർക്ക് ഡിസംബർ 1 വരെ തീരുമാനം അറിയിക്കാം. സേവനം പൂർത്തിയാക്കിയ ഓരോ വർഷത്തിനും ഒരു മാസത്തെ അടിസ്ഥാന ശമ്പളം, ഹെൽത്ത് ഇൻഷുറൻസ്, കരിയർ സപ്പോർട്ട് എന്നിവയാണ് ആനുകൂല്യങ്ങളായി നൽകുന്നത്.
പുറത്തുപോകൽ സാധ്യതകൾ: കുറഞ്ഞ ശമ്പള വർദ്ധന ഈ പുറത്തുപോകൽ പദ്ധതിയും തമ്മിൽ കമ്പനി ഔദ്യോഗികമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും, ശമ്പളത്തിൽ അതൃപ്തിയുള്ളവരും മറ്റ് ജോലി സാധ്യതകൾ തിരയുന്നവരുമായ ജീവനക്കാർ ഈ ആനുകൂല്യം സ്വീകരിച്ച് കമ്പനി വിടാൻ സാധ്യതയേറെയാണ്. എഐ (AI) മേഖലയിലെ കമ്പനിയുടെ ഉയർന്ന നിക്ഷേപങ്ങളും മാറ്റങ്ങളും ഐടി മേഖലയിലെ തൊഴിൽ രീതികളെ കാര്യമായി സ്വാധീനിക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇന്ത്യൻ ഐടി മേഖലയിൽ നടന്നു കൊണ്ടിരിക്കുന്ന പിരിച്ചുവിടലുകൾ വലിയ ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. കോവിഡിന് ശേഷം ഡിജിറ്റൽ മേഖലയിലുണ്ടായ വൻ വളർച്ച മുന്നിൽ കണ്ട് മുൻനിര കമ്പനികൾ വലിയ തോതിൽ പുതിയ നിയമനങ്ങൾ നടത്തിയിരുന്നു. എന്നാൽ, പിന്നീട് രൂപപ്പെട്ട ആഗോള സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും വിദേശ പ്രോജക്റ്റുകളുടെ എണ്ണം കുറയുന്നതിലേക്ക് നയിച്ചു.
സെലക്റ്റീവ് ഹയറിംഗ്, ഉയർന്ന പ്രവർത്തനച്ചെലവ് കുറയ്ക്കൽ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI), ഓട്ടോമേഷൻ തുടങ്ങിയ സാങ്കേതികവിദ്യകളുടെ വളർച്ച എന്നിവയാണ് പിരിച്ചുവിടലുകളുടെ പ്രധാന കാരണങ്ങൾ. പരമ്പരാഗത ഐടി ജോലികളുടെ പ്രസക്തി കുറയുകയും, എഐ സാങ്കേതികവിദ്യ കൈകാര്യം ചെയ്യാൻ ശേഷിയുള്ള ജീവനക്കാർക്ക് മാത്രം മുൻഗണന ലഭിക്കുകയും ചെയ്യുന്ന സാഹചര്യം നിലവിലുണ്ട്.
ഈ സാഹചര്യം ജീവനക്കാരുടെ തൊഴിൽ സുരക്ഷിതത്വത്തെ ബാധിച്ചിട്ടുണ്ടെങ്കിലും, പുതിയ സാങ്കേതികവിദ്യകളിൽ വൈദഗ്ധ്യം നേടി റീ-സ്കില്ലിംഗ് (Re-skilling) നടത്താൻ ഐടി പ്രൊഫഷണലുകളെ ഇത് നിർബന്ധിതരാക്കുന്നു. പ്രതിസന്ധികൾക്കിടയിലും, പുതിയ സാങ്കേതിക വിജ്ഞാനം സ്വന്തമാക്കുന്ന ജീവനക്കാർക്ക് ഈ മേഖലയിൽ തുടർന്നും മികച്ച അവസരങ്ങൾ ലഭിക്കുമെന്നാണ് വിദഗ്ധര് കരുതുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine