

ആഗോളതലത്തിൽ മൈക്രോസോഫ്റ്റ് വിൻഡോസ് സിസ്റ്റത്തിനുണ്ടായ ഒരു പ്രധാന തകരാർ മൂലം വിമാനത്താവളങ്ങളിൽ വലിയ പ്രതിസന്ധി. ചെക്ക്-ഇൻ സംവിധാനങ്ങൾ ഉൾപ്പെടെയുള്ള പ്രധാന ഐ.ടി. സേവനങ്ങളെ തകരാർ ബാധിച്ചതോടെ രാജ്യമെമ്പാടുമുള്ള വിമാന സർവീസുകൾ താളം തെറ്റുകയും യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാവുകയും ചെയ്തു.
ചില വിമാനത്താവളങ്ങളില്‍ "മൈക്രോസോഫ്റ്റ് വിൻഡോസിന് ആഗോളതലത്തിൽ വലിയ സേവന തകരാറുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു" എന്ന സന്ദേശം പ്രദർശിപ്പിച്ചു. ഈ തകരാർ കാരണം ഇൻഡിഗോ, സ്പൈസ്ജെറ്റ്, ആകാശ എയർ, എയർ ഇന്ത്യ എക്സ്പ്രസ് തുടങ്ങി കുറഞ്ഞത് നാല് എയർലൈൻസുകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിച്ചു. പ്രതിസന്ധി രൂക്ഷമായതോടെ വിമാനക്കമ്പനികൾക്ക് ചെക്ക്-ഇൻ, ബോർഡിംഗ് നടപടികൾ മാനുവലായി ചെയ്യേണ്ടിവന്നു.
ചില ആഭ്യന്തര വിമാനക്കമ്പനികൾക്ക് പ്രവർത്തനപരമായ വെല്ലുവിളികൾ നേരിടുന്നുണ്ടെന്നും ഇത് വിമാനങ്ങളുടെ ഷെഡ്യൂളിൽ കാലതാമസം വരുത്താൻ സാധ്യതയുണ്ടെന്നും ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (DIAL) സ്ഥിരീകരിച്ചു. ഡൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിലെ (IGI) 'ഡിപ്പാർച്ചർ ഡിലേ ഇൻഡെക്സ്' ലെവൽ 4 ൽ എത്തിയത് തകരാറിനെ തുടർന്നുണ്ടായ വ്യാപകമായ കാലതാമസത്തെയും റദ്ദാക്കലുകളെയും സൂചിപ്പിക്കുന്നതാണ്.
തകരാറുണ്ടായ 'തേർഡ്-പാർട്ടി സിസ്റ്റം' പൂർണ്ണമായും പുനഃസ്ഥാപിച്ചതായും വിമാനത്താവളങ്ങളിലെ ചെക്ക്-ഇൻ സാധാരണ നിലയിലായെന്നും എയർ ഇന്ത്യ എക്‌സിൽ അറിയിച്ചു. ഐ.ടി. ശൃംഖലയെ ആശ്രയിക്കുന്ന ആധുനിക വിമാനത്താവള പ്രവർത്തനങ്ങളിൽ ഒറ്റപ്പെട്ട സോഫ്റ്റ്‌വെയർ തകരാർ പോലും എത്ര വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് വ്യക്തമാക്കുന്നതായിരുന്നു സംഭവം.
Microsoft outage disrupted check-in systems across Indian airports; services restored, says Air India.
Read DhanamOnline in English
Subscribe to Dhanam Magazine