'മൈഡിയ'യുമായി കെഎസ്ഇബി

പുത്തൻ ആശയങ്ങളുടെ വികസനത്തിനും ഉപകരണങ്ങൾ വികസിപ്പിക്കാനും കെഎസ്‌ഇബി 'മൈഡിയ'എന്ന പേരിൽ പ്രത്യേക യൂണിറ്റ്‌ തുടങ്ങുന്നു. പുത്തൻ സാങ്കേതികവിദ്യകളുടെ കണ്ടെത്തൽ, ഇവ ഉപയോഗിച്ച്‌ ഉപകരണങ്ങളുടെയും അനുബന്ധ ഘടകങ്ങളുടെയും നിർമാണം, അനുയോജ്യമായ സാങ്കേതികവിദ്യ തെരഞ്ഞെടുക്കൽ, പുറത്തുനിന്നുള്ളവർ സമർപ്പിക്കുന്ന നൂതന ആശയങ്ങളുടെ കോർഡിനേഷൻ, തുടങ്ങിയവ യൂണിറ്റ്‌ നിർവഹിക്കുമെന്ന് ചീഫ് സുരക്ഷാ കമ്മിഷണർ ഓഫീസിലെ അസിസ്റ്റന്റ് എഞ്ചിനീയർമാരായ കെ സി ബൈജുവും പ്രീതയും പറഞ്ഞു.

ആദ്യഘട്ടം എബി സ്വിച്ചുകളിൽ വൈദ്യുതി സാന്നിധ്യം അറിയിക്കുന്ന സംവിധാനം വികസിപ്പിക്കൽ, എർത്ത്‌ സ്‌പൈക്കുകളുടെ നിർമാണം, പോസ്റ്റിൽ എളുപ്പം കയറാനുള്ള മാർഗം തയ്യാറാക്കൽ തുടങ്ങിയവയാകും പ്രവർത്തനം. ഒരുവർഷം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തിക്കും. വിജയകരമെങ്കിൽ രാജ്യത്തെ വൈദ്യുത സ്ഥാപനങ്ങൾക്ക്‌ ഉപകരണങ്ങൾ നിർമിച്ച്‌ വിൽപ്പന നടത്തുംവിധം യൂണിറ്റ്‌ വിപുലീകരിക്കും. കെഎസ്‌ഇബിയിലെ വിദഗ്ധരായ ജീവനക്കാർ ഇതിനകം നിരവധി സാങ്കേതിക സംവിധാനങ്ങൾ വികസിപ്പിച്ചിട്ടുണ്ട്‌. ചേർത്തല 66 കെവി സബ്‌സ്‌റ്റേഷനിലെ ക്വാർട്ടേഴ്‌സിലാണ്‌ യൂണിറ്റ്‌. അനുയോജ്യരായ അസിസ്റ്റന്റ്‌ എൻജിനിയർ സബ്‌ എൻജിനിയർ, സീനിയർ അസിസ്റ്റന്റ്‌ എന്നിവരെ വർക്കിങ്‌ അറേഞ്ച്‌മെന്റ്, ഡെപ്യൂട്ടേഷൻ വ്യവസ്ഥകളിൽ നിയമിക്കും. യൂണിറ്റിന്‌ അനുമതി നൽകി കെഎസ്‌ഇബി ഉത്തരവായിട്ടുണ്ട്. പ്രാഥമിക ചെലവിന്‌ നാല്‌ ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്.
മാനുഫാക്ചറിങ് യൂണിറ്റ് ഫോർ ഇന്നവേറ്റീവ് ഡിവൈസസ്, എക്യുപ്‌മെന്റ്‌സ് ആൻഡ് ആക്സസറീസ് എന്നതിന്റെ ചുരുക്കപ്പേരാണ് 'മൈഡിയ'. ഹെൽമെറ്റ്‌ ധരിച്ചെത്തുമ്പോൾ തന്നെ സപ്ലൈ വരുന്നുണ്ടോ എന്നറിയാൻ കഴിയുന്ന സംവിധാനം, പ്രത്യേക വാച്ച് ധരിക്കുമ്പോഴുണ്ടാകുന്ന ബീപ് ശബ്ദം തുടങ്ങിയ സുരക്ഷാ മാർഗങ്ങളുമായി ബന്ധപ്പെട്ട കണ്ട് പിടുത്തങ്ങൾ ബോർഡ്‌ അടുത്ത കാലത്ത് നടത്തിയിരുന്നു.ഇതിന്റെ പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ആശയത്തിന് രൂപമായത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it