

കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെയും വികസനത്തിന്റെയും നട്ടെല്ലായി മാറിയിരിക്കുകയാണ് ഇതര സംസ്ഥാന തൊഴിലാളികള്‍. നിര്‍മ്മാണ മേഖല, പ്ലാന്റേഷന്‍ തുടങ്ങി കൃഷി അനുബന്ധ മേഖല, ഹോട്ടല്‍ ബിസിനസ് തുടങ്ങി കായികാധ്വാനം വേണ്ടി വരുന്ന തൊഴിലുകളുടെ കാര്യമെടുത്താല്‍ പകുതി പേരും ഇതരസംസ്ഥാന തൊഴിലാളികളാണ്. ഏകദേശം 40 ലക്ഷത്തോളം ഇതരസംസ്ഥാന തൊഴിലാളികൾ കേരളത്തിലുണ്ടെന്നാണ് കണക്കാക്കുന്നത്. അത്യദ്ധ്വാനം വേണ്ടി വരുന്ന ഒരു മേഖലയും ഇതര സംസ്ഥാന തൊഴിലാളികളെ കൂടാതെ പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സ്ഥിതിയാണ് ഉളളത്. എന്നാല്‍ ഇവര്‍ കടുത്ത തൊഴിൽ പീഡനങ്ങളും അവഗണനയും നേരിടുന്നത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. മനുഷ്യത്വരഹിതമായ സാഹചര്യങ്ങളിലാണ് ഇവർ പലപ്പോഴും ജോലി ചെയ്യുന്നത്.
ഇതരസംസ്ഥാന തൊഴിലാളികൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വേതന മോഷണമാണ് (Wage Theft). എറണാകുളം ജില്ലയിലും പരിസരത്തുമായി പണിയെടുത്ത വകയിൽ മാത്രം ഏകദേശം 10 കോടിയിലധികം രൂപ തൊഴിലാളികൾക്ക് കിട്ടാനുണ്ടെന്ന് അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയായ 'ഇന്ത്യ ലേബർ ലൈൻ' (India Labourline) വ്യക്തമാക്കുന്നു. കേരളത്തിലെ മൊത്തം കണക്കെടുത്താല്‍ ഈ സംഖ്യ വളരെ കൂടുതലായിരിക്കുമെന്ന് കരുതുന്നു. പലപ്പോഴും പണിയെടുത്ത കൂലി ചോദിക്കുമ്പോൾ തൊഴിലുടമകൾ നൽകാൻ തയാറാകാറില്ല.
ശനിയാഴ്ച നൽകേണ്ട പണം ബുധനാഴ്ചത്തേക്ക് മാറ്റിയും, ഒരു മാസത്തെ ശമ്പളം അടുത്ത മാസം പകുതിയാകുമ്പോൾ നൽകിയും തൊഴിലാളികളെ നിർബന്ധിതമായി പണിസ്ഥലത്ത് പിടിച്ചുനിർത്തുന്ന (Forced labor tactics) പ്രവണതയും നിലവിലുണ്ട്. മിക്കവാറും പേർ അസംഘടിത മേഖലയിൽ പ്രവർത്തിക്കുന്നതിനാൽ, അവർ അവിടെ പണിയെടുക്കുന്നു എന്നതിന് യാതൊരു രേഖയുമില്ലാത്തത് (Lack of proof of employment) നിയമനടപടികൾ സ്വീകരിക്കുന്നത് ബുദ്ധിമുട്ടാക്കുന്നതായി ഇതര സംസ്ഥാന തൊഴിലാളികളുടെ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ ആയ സെന്റര്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഇന്‍ക്ലൂസീവ് ഡെവലപ്മെന്റ് (CMID) എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ബിനോയ് പീറ്റര്‍ ചൂണ്ടിക്കാട്ടുന്നു.
തൊഴിലാളികൾ തങ്ങളുടെ അവകാശങ്ങൾക്കായി ശബ്ദമുയർത്തുമ്പോൾ അവരെ കള്ളക്കേസുകളിൽ കുടുക്കുന്ന രീതിയും വ്യാപകമാണ്. ഉദാഹരണത്തിന്, കൂലി ചോദിച്ച ഒരു തൊഴിലാളിക്കെതിരെ കാലടി മേഖലയില്‍ 25,000 രൂപ മോഷ്ടിച്ചു എന്നാരോപിച്ച് തൊഴിലുടമ കൗണ്ടർ കേസ് നൽകിയ സംഭവം അടുത്തിടെയാണ് ഉണ്ടായത്. താമസസൗകര്യം പലപ്പോഴും തൊഴിലുടമകൾ തന്നെ നൽകുന്നതിനാൽ, പരാതിപ്പെട്ടാൽ ആ നിമിഷം താമസസ്ഥലത്തുനിന്നും പുറത്താക്കപ്പെടുമെന്ന പേടിയും ഇവരെ നിശബ്ദരാക്കുന്നതായി ബിനോയ് പീറ്റര്‍ പറഞ്ഞു.
തൊഴിലാളികളുടെ രേഖകൾ ഉപയോഗിച്ച് നടക്കുന്ന വൻകിട തട്ടിപ്പുകളാണ് മറ്റൊരു ഗുരുതരമായ വിഷയം. സിം കാർഡുകൾക്കോ മറ്റോ വേണ്ടി നൽകുന്ന ഇവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ജിഎസ്ടി (GST) തട്ടിപ്പുകൾ നടത്തുന്ന കേസുകളും റിപ്പോർട്ട് ചെയ്യപ്പെടുന്നു. പെരുമ്പാവൂരില്‍ ഒരു ബേക്കറിയില്‍ ജോലി ചെയ്യുന്ന ഇതരസംസ്ഥാന തൊഴിലാളിയെ 16 കോടി രൂപ ജിഎസ്ടി അടക്കാനുണ്ടെന്ന് ചൂണ്ടിക്കാട്ടി ബാങ്ക് നോട്ടീസ് അയച്ചത് ഇത്തരത്തില്‍ നടത്തുന്ന തട്ടിപ്പുകളില്‍ ഞെട്ടിക്കുന്നതായിരുന്നു. പാവപ്പെട്ട തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള അനധികൃത പണമിടപാടുകളും നടക്കുന്നു.
ജോലിക്കിടയിലുണ്ടാകുന്ന അപകട മരണങ്ങൾക്കോ അംഗഭംഗത്തിനോ അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ നിലവിലെ സംവിധാനങ്ങൾക്ക് സാധിക്കുന്നില്ല. ട്രൈബ്യൂണലുകളിൽ ഇത്തരം കേസുകൾ വർഷങ്ങളോളം നീണ്ടുപോകുന്നു. അപകടം നടന്നാൽ പോലീസ് പലപ്പോഴും എഫ്ഐആർ ഇടാൻ വിമുഖത കാണിക്കുന്നു. വോട്ട് ബാങ്ക് അല്ലാത്തതിനാൽ രാഷ്ട്രീയ പാർട്ടികളോ ട്രേഡ് യൂണിയനുകളോ ഇവരുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടാൻ തയാറാകുന്നില്ല.
കുറഞ്ഞ വേതനത്തിൽ കൂടുതൽ സമയം ജോലി ചെയ്യിപ്പിച്ചും, സാമൂഹിക സുരക്ഷാ പദ്ധതികളിൽ (ESI, PF) ഉൾപ്പെടുത്താതെയും സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികൾ ചൂഷണം ചെയ്യപ്പെടുന്നത് ആശങ്കയുണര്‍ത്തുന്നതാണ്. ഈ 'ആധുനിക അടിമത്തം' അവസാനിപ്പിക്കാൻ ശക്തമായ നിയമനടപടികളും സാമൂഹിക ഇടപെടലുകളും അനിവാര്യമായിരിക്കുകയാണ്.
അതേസമയം കേരളത്തിലെ വിവിധ തൊഴിൽ മേഖലകളിൽ പണിയെടുക്കുന്ന ഏകദേശം 40 ലക്ഷത്തോളം വരുന്ന ഇതരസംസ്ഥാന തൊഴിലാളികളിൽ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയത് സംസ്ഥാനത്ത് കടുത്ത ലേബർ ക്രൈസിസ് (Labor Crisis) സൃഷ്ടിച്ചിരിക്കുകയാണ്. പശ്ചിമ ബംഗാൾ, അസം തുടങ്ങിയ സംസ്ഥാനങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്താനായി പോയ തൊഴിലാളികൾ പലരും ഇതുവരെ തിരിച്ചെത്തിയിട്ടില്ല. ഏകദേശം 28 ലക്ഷത്തോളം തൊഴിലാളികളാണ് ഈ രണ്ട് സംസ്ഥാനങ്ങളില്‍ നിന്നുളളത്. കൂടാതെ ബക്രീദ് ആഘോഷങ്ങളും കുട്ടികളെ സ്കൂളിൽ ചേർക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യങ്ങളും ഇവരുടെ മടക്കയാത്ര വൈകിപ്പിക്കുന്നു.
ഇതിന്റെ ഫലമായി കൺസ്ട്രക്ഷൻ, പ്ലൈവുഡ്, ഹോട്ടൽ മേഖലകളിൽ പണി മന്ദഗതിയിലായിരിക്കുകയാണ്. തൊഴിലാളികൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെടുന്നതിനാൽ അങ്കമാലി പോലുള്ള സ്ഥലങ്ങളിൽ ദിവസക്കൂലി 2000 രൂപ വരെയായി വർദ്ധിച്ചിട്ടുണ്ട്. ഡിമാൻഡ് കൂടുതലും സപ്ലൈ കുറവുമായതിനാൽ നിലവിൽ തൊഴില്‍ വിപണി വളരെ പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വികസനം വർദ്ധിക്കുന്നതും അവിടുത്തെ പുതിയ സാമൂഹിക സുരക്ഷാ പദ്ധതികളും തൊഴിലാളികൾ കേരളത്തിലേക്ക് വരുന്നത് കുറയ്ക്കാൻ ഇടയാക്കിയേക്കാം. ഈ സാഹചര്യത്തിൽ മെക്കനൈസേഷനിലേക്കും ഓട്ടോമേഷനിലേക്കും കടക്കേണ്ടതിന്റെ ആവശ്യകതയും കേരളം ചിന്തിക്കേണ്ട സാഹചര്യമാണ് ഉളളത്.
Migrant workers powering Kerala’s economy are facing severe exploitation, wage theft, and insecurity, while a growing labour shortage is disrupting key industries across the state.
Read DhanamOnline in English
Subscribe to Dhanam Magazine