ഉത്രാടം വരെയുള്ള നാലു ദിവസം മലയാളികള്‍ കുടിച്ചത് ഒരു കോടി ലിറ്റര്‍ മില്‍മ പാല്‍

ഓണം വില്‍പ്പനയില്‍ സര്‍വകാല റെക്കോഡ് സ്വന്തമാക്കി മില്‍മ. നാല് ദിവസങ്ങള്‍ കൊണ്ട് 1,00,56,889 ലിറ്റര്‍ പാലാണ് മില്‍മ വഴി വിറ്റഴിച്ചത്. ഓഗസ്റ്റ് 25 വെള്ളിയാഴ്ച മുതല്‍ 28 ഉത്രാടം ദിനമായ തിങ്കളാഴ്ച വരെയുള്ള കണക്കുകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. നാല് ദിവസം കൊണ്ടാണ് ഒരു കോടിയില്‍പ്പരം ലിറ്റര്‍ പാല്‍ മില്‍മ വിറ്റഴിച്ചത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 6.5 ശതമാനത്തിന്റെ വളര്‍ച്ച കൈവരിച്ചു. കഴിഞ്ഞ കൊല്ലം 94,56,621 ലക്ഷം ലിറ്റര്‍ പാലാണ് ഇതേ കാലയളവില്‍ വിറ്റു പോയത്.

ഓണാവധിക്ക് മുമ്പുള്ള അവസാന പ്രവൃത്തി ദിവസമായിരുന്ന വെള്ളിയാഴ്ചയാണ് ഏറ്റവുമധികം വര്‍ധന പാല്‍വില്‍പ്പനയില്‍ രേഖപ്പെടുത്തിയത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 13 ശതമാനത്തിന്റെ വളര്‍ച്ച ഈ ദിനത്തില്‍ രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 16,44,407 ലക്ഷം ലിറ്ററായിരുന്നു വില്‍പ്പനയെങ്കില്‍ ഇക്കൊല്ലം അത് 18,59,232 ലക്ഷം ലിറ്ററായി ഉയര്‍ന്നു.

പാലുല്‍പ്പന്നങ്ങളിലും മില്‍മ സര്‍വകാല റെക്കോര്‍ഡ് കരസ്ഥമാക്കി. തൈരിന്റെ വില്‍പ്പനയില്‍ 16 ശതമാനമാണ് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വളര്‍ച്ച. 12,99,215 ലക്ഷം കിലോ തൈരാണ് നാല് ദിവസത്തില്‍ മില്‍മ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 11,25,437 ലക്ഷം കിലോ ആയിരുന്നു. വെള്ളിയാഴ്ച തൈരിന്റെ വില്‍പ്പനയില്‍ 37 ശതമാനമാണ് വര്‍ധന കൈവരിച്ചത്. നെയ്യിന്റെ വില്‍പ്പനയില്‍ മില്‍മയുടെ മൂന്നു യൂനിയനുകളും മികച്ച പ്രകടനം നടത്തി. മൂന്ന് യൂനിയനുകളും മൊത്തം 743 ടണ്‍ നെയ്യാണ് വില്‍പന നടത്തിയത്.

മലബാറിലും റെക്കോഡ് വില്‍പ്പന

മലബാര്‍ മില്‍മയ്ക്കും ഈ ഓണക്കാലത്ത് പാല്‍, പാല്‍ ഇതര ഉല്‍പന്നങ്ങളുടെ വില്‍പനയില്‍ മികച്ച നേട്ടം. 24 ഓഗസ്റ്റ് മുതല്‍ 28 ഓഗസ്റ്റ് വരെയുള്ള ദിവസങ്ങളില്‍ 48.58 ലക്ഷം ലിറ്റര്‍ പാലും 9.03 ലക്ഷം കിലോ തൈരും വിപണനം നടത്താന്‍ മലബാര്‍ മില്‍മയ്ക്ക് കഴിഞ്ഞു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് യഥാക്രമം പാലില്‍ ആറ് ശതമാനവും തൈരിന്റെ വില്‍പ്പനയില്‍ 11 ശതമാനവും വര്‍ധനയുണ്ടായി.

പൂരാടം, ഉത്രാടം ദിവസങ്ങളില്‍ മാത്രമായി 25 ലക്ഷം ലിറ്റര്‍ പാല്‍ വില്‍പന നടത്തി. ഇതു കൂടാതെ 573 മെട്രിക് ടണ്‍ നെയ്യും 173 മെട്രിക് ടണ്‍ പായസം മിക്സും 53 മെട്രിക് ടണ്‍ പേഡയും ഓണത്തോട് അനുബന്ധിച്ച് വില്‍പന ചെയ്തതായി മില്‍മ അവകാശപ്പെടുന്നു.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it