

രാജ്യത്തെ ടെലികോം മേഖലയില്‍ പുതിയ നാഴികക്കല്ലായി ബി.എസ്.എന്‍.എല്‍ സ്വദേശി 4 ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.എസ്.എന്‍.എല്ലിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് രാജ്യ വ്യാപക 4 ജി സേവനം ഉദ്ഘാടനം ചെയ്തത്. ഇതിനൊപ്പം തദ്ദേശീയമായി വികസിപ്പിച്ച 97,500 ഓളം മൊബൈല്‍ 4 ജി ടവറുകള്‍ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും നടന്നു. ഇതില്‍ 92,600 എണ്ണം 5 ജി സാങ്കേതിക വിദ്യയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാന്‍ കഴിയുന്നവയാണ്. 37,000 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന ടവറുകള്‍ പൂര്‍ണമായും ഇന്ത്യന്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ളതാണ്.
ഗ്രാമീണ ഇന്ത്യയിലെ ദശലക്ഷക്കണക്കിന് ആളുകളെ തമ്മില്‍ ബന്ധിപ്പിക്കാനും 5 ജി അപ്‌ഗ്രേഡിന് അടിത്തറയിടാനും ഈ നീക്കം സഹായിക്കുമെന്നാണ് കരുതുന്നത്. പുതിയ 4 ജി സേവനങ്ങള്‍ 20 ലക്ഷത്തിലധികം വരിക്കാരെ കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ കണക്കു കൂട്ടല്‍.
പൂര്‍ണമായും ഇന്ത്യയില്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് ഒരുക്കിയ സോഫ്റ്റ്‌വെയര്‍ അധിഷ്ഠിതവും ക്ലൗഡ് അധിഷ്ഠിതവുമായ ഒരു നെറ്റ്‌വര്‍ക്കാണ് സ്വദേശി 4 ജി നെറ്റ് വര്‍ക്ക്. ടെലികോം രംഗത്ത് ഇന്ത്യയുടെ സ്വാശ്രയത്വം ഉറപ്പാക്കുന്ന ആത്മനിര്‍ഭര്‍ ഭാരത് എന്ന ദൗത്യത്തിന്റെ ഭാഗമായാണ് പൂര്‍ണമായും തദ്ദേശീയമായ 4ജി സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുന്നത്. തേജസ് നെറ്റ്‌വര്‍ക്ക് വികസിപ്പിച്ച റേഡിയോ ആക്‌സസ് നെറ്റ്‌വര്‍ക്ക് (RAN), സി-ഡോട്ട് (C-DO) വികസിപ്പിച്ച കോര്‍ നെറ്റ്‌വര്‍ക്ക്, ടി.സി.എസ് സംവിധാനങ്ങള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
2020ലാണ് ബി.എസ്.എന്‍.എല്‍ 4 ജി സേവനങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുന്നത്. എന്നാല്‍ ചുരുങ്ങിയ ഇടങ്ങളില്‍ മാത്രമായിരുന്നു സേവനം. അഞ്ച് വര്‍ഷത്തോളമെടുത്തു രാജ്യത്താകമാനം 4 ജി എന്ന നേട്ടം കൈവരിക്കാന്‍. 4ജി സ്‌പെക്ട്രം അനുവദിക്കുന്നതില്‍ നേരിട്ട കാലതാമസം അടക്കം നിരവധി പ്രതിബന്ധങ്ങള്‍ മറികടന്നാണ് ബി.എസ്.എന്‍.എല്‍ ഇപ്പോള്‍ പുതിയ കുതിപ്പിന് ഒരുങ്ങുന്നത്.
സ്വകാര്യ കമ്പനികളായ റിലയന്‍സ് ജിയോ, എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നിവര്‍ 5ജിയിലെത്തിയിട്ടും 4 ജി വ്യാപനം പോലും പൂര്‍ത്തിയാക്കാന്‍ കഴിയാതിരുന്നത് ബി.എസ്.എന്‍.എല്ലിന് ലക്ഷക്കണക്കിന് ഉപയോക്താക്കളെ നഷ്ടമാക്കിയിരുന്നു. ഇതോടെ വോഡഫോണ്‍ ഐഡിയയുടെ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് 4 ജി സേവനങ്ങള്‍ ലഭ്യമാക്കണമെന്ന് ജീവനക്കാരുടെ സംഘടനകള്‍ ആവശ്യമുന്നയിച്ചെങ്കിലും സ്വന്തമായി നെറ്റ്‌വര്‍ക്ക് സംവിധാനം വികസിപ്പിക്കണമെന്ന തീരുമാനത്തിലായിരുന്നു ബി.എസ്.എന്‍.എല്‍. 22 മാസമെടുത്താണ് ഈ പ്രക്രിയ പൂര്‍ത്തിയാക്കിയത്
അതേസമയം ടെലികോം ഉപകരണങ്ങള്‍ നിര്‍മിക്കുന്ന രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇതോടെ ഇന്ത്യയും എത്തിയിരിക്കുകയാണ്. ഡെന്‍മാര്‍ക്ക്, സ്വീഡന്‍, ദക്ഷിണ കൊറിയ, ചൈന എന്നീ രാജ്യങ്ങളാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ളത്.
Read DhanamOnline in English
Subscribe to Dhanam Magazine