Begin typing your search above and press return to search.
പണം തിരിമറിയും കെ.വൈ.സി തട്ടിപ്പും: കൂടുതല്‍ പേയ്‌മെന്റ് ബാങ്കുകള്‍ കുടുങ്ങിയേക്കും, അന്വേഷണം തകൃതി
സംശയകരമായ ഇടപാടുകളുടെയും പണം തിരിമറിയുടെയും സാഹചര്യത്തില്‍ കൂടുതല്‍ പേയ്‌മെന്റ് ബാങ്കുകള്‍ നിരീക്ഷണവലയത്തില്‍. അമ്പതിനായിരത്തിലധികം ആക്കൗണ്ടുകളാണ് കൃത്യമായ കെ.വൈ.സി രേഖകള്‍ ഇല്ലാതെയും മറ്റ് സംശയകരമായ ഇടപാടുകള്‍ നടത്തിയതായും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂണിറ്റ് (FIU) കണ്ടെത്തിയത്.
ഇതില്‍ മുപ്പതിനായിരത്തോളം അക്കൗണ്ടുകളും പേയ്ടിഎം ഒഴികെയുള്ള പേയ്‌മെന്റ് ബാങ്കുകളുടേതാണ്. ആര്‍.ബി.ഐക്ക് ഇത് സംബന്ധിച്ച വിവരങ്ങള്‍ എഫ്.ഐ.യു കൈമാറിയിട്ടുണ്ട്. സംശയകരമായ ഇടപാടുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, ഗുണഭോക്താക്കളായ ഉടമകളുടെ വിവരങ്ങള്‍ നിലനിര്‍ത്താതിരിക്കുക, ഒറ്റ പാന്‍ നമ്പറില്‍ പല ഉയോക്താക്കളെ ചേര്‍ക്കുക തുടങ്ങിയ പിഴവുകളാണ് ഇത്തരം പേയ്‌മെന്റ് ബാങ്കുകള്‍ വരുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് എഫ്.ഐ.യു മാര്‍ച്ച് 31ന് അയക്കും.
രേഖകളില്ലാതെ 1.75 ലക്ഷം അക്കൗണ്ടുകള്‍
മതിയായ രേഖകളില്ലാത്ത (KYC) 1.75 ലക്ഷം അക്കൗണ്ടുകളുണ്ട്. ഇതില്‍ 50,000 ത്തോളം അക്കൗണ്ടുകളിലെയും ഇടപാടുകള്‍ സംശയകരമായതും പണം തിരിമറിക്കായി ഉപയോഗിച്ചിട്ടുള്ളതുമാണെന്ന് മുതിര്‍ന്ന ഗവണ്‍മെന്റ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇക്കണോമിക് ടെംസ് റിപ്പോര്‍ട്ട് ചെയ്തു.
പുതിയ റിപ്പോര്‍ട്ടില്‍ കെ.വൈ.സി നിബന്ധന പാലിക്കാത്തതു മാത്രമല്ല ബാങ്കില്‍ നടന്ന നിയമലംഘനങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് നാല് മാസം മുന്‍പാണ് എഫ്.ഐ.യു ആര്‍.ബി.ഐക്ക് കൈമാറിയത്.
പേയ്‌മെന്റ് ഗേറ്റ്‌വേകള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്ഥാപനങ്ങളും സംശയകരമായ ഇടപാടുകള്‍ എഫ്.ഐ.യുവിന് റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്. അവര്‍ ഇത് വിലയിരുത്തലിനുശേഷം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉള്‍പ്പെടെയുള്ള വിവിധ ഇന്റലിജെന്‍സ് ഏജന്‍സികള്‍ക്കും ആര്‍.ബി.ഐക്കും അയക്കും.
പേയ്ടിഎമ്മിനെതിരെ അന്വേഷവുമായി ഇ.ഡിയും
കഴിഞ്ഞ ജനുവരി 31നാണ് ആര്‍ബി.ഐ പേയ്ടിഎം പേയ്‌മെന്റ്‌സ് ബാങ്കിന് വിലക്കേര്‍പ്പെടുത്തിയത്. ഫെബ്രുവരി 29ന് ശേഷം പേയ്ടിഎം പേയ്‌മെന്റ് ബാങ്കിന്റെ സേവിംഗ്‌സ്/കറന്റ് അക്കൗണ്ടുകള്‍, വാലറ്റ്, ഫാസ്ടാഗ്, നാഷണല്‍ കോമണ്‍ മൊബിലിറ്റി കാര്‍ഡ് എന്നിവയില്‍ പണം നിക്ഷേപിക്കുന്നതാണ് ആര്‍.ബി.ഐ വിലക്കിയത്.
പേയ്ടിഎം പേയ്‌മെന്റ് പേയ്‌മെന്റ്‌സിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ഇ.ഡിയും പ്രാഥമിക അന്വേഷണം ആരംഭിച്ചതായാണ് സൂചന. വിദേശനാണയ വിനിമയ ചട്ട (ഫെമ) ലംഘനത്തിന്റെ പേരിലാണ് അന്വേഷണമെന്നാണ് വിവരം. ഫെമ ലംഘനമുണ്ടായിട്ടില്ലെന്ന് പേയ്ടിഎം മുന്‍പ് വ്യക്തമാക്കിയിരുന്നു.
Next Story
Videos