മത്സ്യകര്‍ഷകര്‍ക്കായുള്ള ആദ്യ എംപിഇഡിഎ കോള്‍സെന്റര്‍ ആരംഭിച്ചു

മത്സ്യകര്‍ഷകര്‍ക്കായുള്ള സമുദ്രോത്പന്ന കയറ്റുമതി വികസന അതോറിറ്റി(എംപിഇഡിഎ)യുടെ രാജ്യത്തെ ആദ്യ കോള്‍സെന്റര്‍ വിജയവാഡയില്‍ ആരംഭിച്ചു. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍സെന്റര്‍ മുഖാന്തിരം മത്സ്യകൃഷിയെക്കുറിച്ചുള്ള സാങ്കേതിക വിവരങ്ങള്‍, അടിസ്ഥാനപരമായ വിജ്ഞാനം, നവീന കൃഷി രീതികള്‍ തുടങ്ങിയവ കര്‍ഷകര്‍ക്ക് ലഭിക്കും.

ഗുണമേന്മ വര്‍ധിപ്പിക്കുന്നതിനും വിളവെടുപ്പ് കൂട്ടാനുമായി മികച്ച കൃഷി രീതികള്‍ അവലംബിക്കാന്‍ കോള്‍സെന്റര്‍ കര്‍ഷകരെ സഹായിക്കുമെന്ന് എംപിഇഡിഎ ചെയര്‍മാന്‍ ശ്രീ കെ എസ് ശ്രീനിവാസ് പറഞ്ഞു. വീഡിയോ കോണ്‍ഫറന്‍സിലൂടെ കോള്‍ സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
1800-425-4648 എന്ന നമ്പരില്‍ കോള്‍സെന്ററിലേക്കുള്ള വിളി സൗജന്യമാണ്. കമ്പ്യൂട്ടര്‍ അധിഷ്ഠിത ശബ്ദനിയന്ത്രണ സംവിധാനത്തിലാണ് ഈ നമ്പര്‍ പ്രവര്‍ത്തിക്കുന്നത്. വ്യാജന്മാരില്‍ നിന്നും ഉപദേശം തേടാതെ സാങ്കേതിക വിദഗ്ധരില്‍ നിന്നും നേരിട്ട് കാര്യങ്ങള്‍ മനസിലാക്കാനുള്ള അവസരം കോള്‍ സെന്റര്‍ വഴി ലഭിക്കുമെന്ന് ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. എംപിഇഡിഎയുടെ പ്രാദേശിക ഓഫീസുകള്‍ വഴി ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചും കോള്‍സെന്ററിലൂടെ വിവരങ്ങള്‍ ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രാഥമികമായി ആന്ധ്രാപ്രദേശിലെ മത്സ്യകര്‍ഷകര്‍ക്ക് വേണ്ടിയാണ് കോള്‍സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതിയുടെ 60 ശതമാനവും ഈ സംസ്ഥാനത്തു നിന്നാണ് ഉത്പാദിപ്പിക്കുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള വിവരങ്ങളും കോള്‍സെന്ററില്‍ നിന്ന് ലഭിക്കും. കഴിഞ്ഞ കൊല്ലം രാജ്യത്തുത്പാദിപ്പിച്ച 7,47,111 ടണ്‍ ചെമ്മീനില്‍ 68 ശതമാനവും ആന്ധ്രാപ്രദേശില്‍ നിന്നായിരുന്നു. 75,000 ഹെക്ടര്‍ സ്ഥലത്തായി 52,000 ചെമ്മീന്‍ കൃഷിയിടങ്ങളാണ് ഇവിടെയുള്ളത്. ഈ സാഹചര്യം വിലയിരുത്തിയാല്‍ ആന്ധ്രാപ്രദേശില്‍ കോള്‍സെന്ററിന്റെ ആവശ്യകത ഏറെയാണെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി. രാജ്യത്തെ സമുദ്രോത്പന്ന കയറ്റുമതി ഊര്‍ജ്ജിതപ്പെടുത്തുന്നതിന് കര്‍ഷകര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യാന്‍ എംപിഇഡിഎ പ്രതിജ്ഞാബദ്ധമാണെന്ന് ഇതിലൂടെ തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



Related Articles
Next Story
Videos
Share it