എം.ആര്‍.എഫിന്റെ ആദ്യപാദ ലാഭം 376% വര്‍ധിച്ചു; ഓഹരി വില കുതിപ്പില്‍

പ്രമുഖ ടയര്‍ നിര്‍മ്മാണക്കമ്പനിയായ എം.ആര്‍.എഫ് ലിമിറ്റഡിന്റെ ഓഹരി ഇന്ന് 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന വിലയിലെത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ കമ്പനിയുടെ ലാഭം 376% ഉയര്‍ന്നതാണ് ഓഹരി വിലയില്‍ കുതിപ്പിനിടയാക്കിയത്.

ജൂണ്‍ പാദത്തിലെ എം.ആര്‍.എഫിന്റെ ലാഭം 588.75 കോടി രൂപയാണ്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം സമാനകാലയളവില്‍ കമ്പനിയുടെ ലാഭം 123.6 കോടി രൂപയായിരുന്നു. തൊട്ടു മുന്‍ പാദത്തിലെ (ജനുവരി-മാര്‍ച്ച്) ലാഭമായ 340.67 കോടി രൂപയുമായി നോക്കുമ്പോൾ 72.8% വര്‍ധനയുണ്ട്.
ജൂണ്‍ പാദത്തില്‍ കമ്പനിയുടെ വരുമാനം മുന്‍ സാമ്പത്തിക വര്‍ഷത്തെ 5,696 കോടി രൂപയില്‍ നിന്ന് 6,440 കോടി രൂപയായി ഉയര്‍ന്നു. 13.06 ശതമാനമാണ് ഉയര്‍ച്ച. നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുമ്പുള്ള ലാഭം (EBITDA) 1,129 കോടി രൂപയായി.
ഇന്ന് ഓഹരി 4% ഉയർന്നു
ഇന്ന് എന്‍.എസ്.ഇയില്‍ 1,06,923 രൂപയിലാണ് എം.ആര്‍.എഫ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. ഓഹരി വില ഇന്ന് 4.22% വര്‍ധിച്ചു.
ഈ വര്‍ഷം ഇതുവരെ 21.75% കുതിപ്പാണ് ഓഹരി വിലയിലുണ്ടായത്. അതായത് ആറ് മാസം കൊണ്ട് 19,187 രൂപ വര്‍ധിച്ചു. അതേസമയം എം.ആര്‍.എഫിന്റെ മുഖ്യ എതിരാളികളായ അപ്പോളോ ടയേഴ്‌സ്, സിയറ്റ് എന്നീ ഓഹരികള്‍ ഈ വര്‍ഷം ഇതുവരെ യഥാക്രമം 24.5%, 23.5% നേട്ടമുണ്ടാക്കിയിട്ടുണ്ട്. ഒരു മാസക്കാലളവില്‍ 8.52 ശതമാനവും ഒരു വര്‍ഷക്കാലയളവില്‍ 20.86 ശതമാനവുമാണ് എം.ആര്‍.എഫ് ഓഹരികള്‍ നല്‍കിയ നേട്ടം.

ഏറ്റവും വിലയേറിയ ഓഹരി

രാജ്യത്തെ ഏറ്റവും വിലയേറിയ ഓഹരിയാണ് എം.ആര്‍.എഫ്. ഇക്കഴിഞ്ഞ ജൂണിലാണ് ചെന്നെ ആസ്ഥാനമായ എം.ആര്‍.എഫിന്റെ ഓഹരി വില 1 ലക്ഷം രൂപയെന്ന നാഴികകല്ല് പിന്നിടുന്നത്. ഹണിവെല്‍ ഓട്ടോമേഷന്‍ ഇന്ത്യ ലിമിറ്റഡ് (42,560 രൂപ), പേജ് ഇന്‍ഡസ്ട്രീസ് (38,720 രൂപ), 3എം ഇന്ത്യ ഇന്ത്യ (28,500 രൂപ ), അബോട്ട് ഇന്ത്യ ലിമിറ്റഡ് (24,560), ശ്രീ സിമന്റ്‌സ് (24,100) എന്നിവയാണ് തൊട്ടു പിന്നിലുള്ളത്.

ഇന്നത്തെ ഓഹരി വില അനുസരിച്ച് 45,312 കോടി രൂപയാണ് എം.ആര്‍.എഫിന്റെ വിപണി മൂല്യം. കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായി കെ.എം മാമനെ ഡയറക്ടർ ബോർഡ് വീണ്ടും നിയമിച്ചു. 2024 ഫെബ്രുവരി എട്ട് മുതല്‍ അഞ്ച് വര്‍ഷത്തേക്കാണ് നിയമനം. സ്വതന്ത്ര വനിതാ ഡയറക്ടറായി വിമല ഏബ്രഹാമിനെയും പുനര്‍ നിയമിച്ചിട്ടുണ്ട്.

Related Articles
Next Story
Videos
Share it