ഉദ്യമില്‍ ഇതുവരെ 2 കോടി സംരംഭങ്ങള്‍

സര്‍ക്കാരിന്റെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ (എം.എസ്.എം.ഇ) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍, സര്‍ട്ടിഫിക്കേഷന്‍ പ്ലാറ്റ്‌ഫോമായ 'ഉദ്യം' രണ്ട് കോടി എം.എസ്.എം.ഇ രജിസ്‌ട്രേഷനുകള്‍ കടന്നതായി ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്. എം.എസ്.എം.ഇ മന്ത്രി നാരായണ്‍ റാണെ ഈ നേട്ടം ട്വിറ്ററിലൂടെ പങ്കുവച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

2.01 കോടി സംരംഭങ്ങള്‍

2020 ജൂലൈ 1 നാണ് ഉദ്യം പോര്‍ട്ടല്‍ ആരംഭിച്ചത്. ഇന്നുവരെ പോര്‍ട്ടലില്‍ 1.94 കോടി സൂക്ഷ്മ സംരംഭങ്ങള്‍, 5.54 ലക്ഷം ചെറുകിട സംരംഭങ്ങള്‍, ഏകദേശം 52,000 ഇടത്തരം സംരംഭങ്ങള്‍ ഉള്‍പ്പെടെ 2.01 കോടി സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 'ഉദ്യം അസിസ്റ്റ്' പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 30.93 ലക്ഷം ചെറുകിട സംരംഭങ്ങളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്.

ജി.എസ്.ടി രജിസ്‌ട്രേഷന്‍ ഇല്ലാത്തതോ, അല്ലെങ്കില്‍ ആവശ്യമില്ലാത്തതോ ആയ സംരംഭങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തിക്കൊണ്ട് അനൗപചാരിക മൈക്രോ എന്റര്‍പ്രൈസസുകളെ (informal micro enterprises) ഔപചാരിക മേഖലയ്ക്ക് കീഴില്‍ കൊണ്ടുവരാന്‍ ഈ വര്‍ഷം ജനുവരിയില്‍ ആരംഭിച്ചതാണ് ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം.

ആനുകൂല്യങ്ങള്‍ക്ക് യോഗ്യരാകും

എം.എസ്.എംഇകളെ ഔപചാരിക മേഖലയ്ക്ക് കീഴിലേക്ക് കൊണ്ടുവരുന്നതോടെ ചെറുകിട സംരംഭങ്ങളുടെ പ്രവര്‍ത്തനത്തെ കുറിച്ചും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയിലേക്ക് അവ നല്‍കുന്ന സംഭാവനയെ കുറിച്ചുമെല്ലാമുള്ള ആധികാരിക വിവരങ്ങള്‍ സര്‍ക്കാരിന് ലഭിക്കുമെന്ന് പി.എച്ച്.ഡി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി പ്രസിഡന്റ് സാകേത് ഡാല്‍മിയ പറഞ്ഞു.

ഔപചാരിക മേഖലയ്ക്ക് കീഴിലേക്ക് വരുന്നേതാടെ അവ മുന്‍ഗണനാ മേഖലയിലെ വായ്പകള്‍ക്കും മറ്റ് എം.എസ്.എം.ഇ പദ്ധതികളായ സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്കായുള്ള ക്രെഡിറ്റ് ഗ്യാരണ്ടി സ്‌കീം (സി.ജി.ടി.എം.എസ്.ഇ), എം.എസ്.എം.ഇ സമാദാന്‍ എന്നിവയ്ക്ക് കീഴിലുള്ള ആനുകൂല്യങ്ങള്‍ക്കും യോഗ്യരാകുന്നു.

Related Articles
Next Story
Videos
Share it