പൊതുമേഖല ടെലികോം കമ്പനിയുടെ കുടിശിക ₹8,585 കോടി, മുതലും പലിശയും തിരിച്ചു കിട്ടാതെ ഏഴ് പൊതുമേഖല ബാങ്കുകള്‍

ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം എം.ടി.എന്‍.എല്ലിന്റെ മൊത്തം കടബാധ്യത 34,484 കോടി രൂപയാണ്
Telecom tower and MTNL Logo
Image : Canva and MTNL
Published on

കേന്ദ്ര പൊതുമേഖല സ്ഥാപനമായ മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡ് (MTNL) മുതലും പലിശയുമായി കുടിശിക ഇനത്തില്‍ ഏഴ് പൊതുമേഖലാ ബാങ്കുകള്‍ക്ക് നല്‍കാനുള്ളത് 8,585 കോടി രൂപ. ടെലികോം കമ്പനി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് ഇത് സൂചിപ്പിച്ചിരിക്കുന്നത്.

യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് ആന്‍ഡ് സിന്ധ് ബാങ്ക്‌, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയ്ക്ക് മാത്രം നല്‍കാനുള്ള കുടിശികയാണിത്.

എം.ടി.എന്‍.എല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പ്രകാരം യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യക്ക് 3,733.22 കോടി രൂപയും ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് 1,121.09 രൂപയും പഞ്ചാബ് നാഷണല്‍ ബാങ്കിന് 474.66 കോടി രൂപയും നല്‍കാനുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ 363.43 കോടിരൂപയാണ് കുടിശിക. യൂക്കോ ബാങ്കിന് 273.58 കോടിയും പഞ്ചാബ് ആന്‍ഡ് സിന്‍ഡ് ബാങ്കിന് 184.82 കോടിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന് 2,434.13 കോടിയും കുടിശികയിനത്തില്‍ നല്‍കാനുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

നഷ്ടത്തിലായ എം.ടി.എന്‍.എല്ലിന്റെ മൊത്തം കടബാധ്യത ജൂണ്‍ 30 വരെയുള്ള കണക്ക് പ്രകാരം 34,484 കോടി രൂപയാണ്. മൊത്തം കടബാധ്യതയില്‍ 24,071 കോടി രൂപയുടെ സോവറിന്‍ ഗ്യാരണ്ടി (എസ്ജി) ബോണ്ടുകളും 1828 കോടി രൂപയുടെ എസ്ജി ബോണ്ട് പലിശ അടയ്ക്കുന്നതിനുള്ള ഡിഒടിക്കുള്ള വായ്പയും ഉള്‍പ്പെടുന്നു.

2024 ഓഗസ്റ്റ് മുതല്‍ 2025 ഫെബ്രുവരി വരെയാണ് വായ്പ തിരിച്ചടവ് മുടങ്ങിയത്.

ആസ്തികള്‍ കാശാക്കുന്നു

അടുത്തിടെ ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുള്‍പ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടെ 10 കോടി രൂപയില്‍ താഴെ മൂല്യമുള്ള ആസ്തികള്‍ വിറ്റഴിക്കാന്‍ ലേലം നടത്താനായി കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.

ഇത് പ്രകാരം, ടെലികോം സ്ഥാപനങ്ങള്‍ക്ക് ആസ്തികളുടെ വില നിശ്ചയിക്കാം. കേന്ദ്ര പൊതുമരാമത്ത് വകുപ്പാണ് (CPWD) മൂല്യനിര്‍ണ്ണയംനടത്തുന്നത്. 100 കോടി രൂപയില്‍ കൂടുതല്‍ മൂല്യമുള്ള ആസ്തികള്‍ നാഷണല്‍ ലാന്റ് മോണറ്റെസേഷന്‍ കോര്‍പ്പറേഷന്‍ (NLMC) ആയിരിക്കും പരിശോധിക്കുക.

ഭൂമി, കെട്ടിടങ്ങള്‍, ടവറുകള്‍, ഫൈബര്‍ തുടങ്ങിയ ആസ്തികള്‍ വിറ്റാണ് എം.ടി.എന്‍.എല്‍ വരുമാനം ഉണ്ടാക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പൊതുമേഖലാ സ്ഥാപനമായ എന്‍ബിസിസി (ഇന്ത്യ) ലിമിറ്റഡ് എം.ടി.എന്‍.എല്ലിന്റെ 13.88 ഏക്കര്‍ ഭൂമി ഏറ്റെടുത്തിരുന്നു.

എം.ടി.എന്‍.എല്ലിന് ഡല്‍ഹിയില്‍ ആകെ 41 ഇടങ്ങളില്‍ ഭൂമിയും കെട്ടിടങ്ങളും ഉണ്ട്. കമ്പനിയുടെ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന രേഖ പ്രകാരം, ഈ വസ്തുവകകളില്‍ ഏകദേശം 14 എണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി ഭൂമിയില്‍ സ്ഥിരമായ കെട്ടിടങ്ങളോ താല്‍ക്കാലിക കെട്ടിടങ്ങളോ ഉണ്ട്.

MTNL owes ₹8,585 crore in dues to PSU banks; plans asset sales to manage massive liabilities.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com