

ഇന്ത്യന്‍ ധനകാര്യ സേവന മേഖലയിലെ ചരിത്രത്തിലെ ഏറ്റവും വലിയ നേരിട്ടുള്ള വിദേശ നിക്ഷേപത്തിന് (FDI) വഴിതുറക്കുന്നു. പ്രമുഖ എന്‍.ബി.എഫ്.സി ആയ ശ്രീറാം ഫിനാന്‍സിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കാന്‍ ജപ്പാനിലെ ഏറ്റവും വലിയ ബാങ്കായ മിത്സുബിഷി യു.എഫ്.ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് (MUFG) ഏകദേശം 445 കോടി ഡോളര്‍ (ഏകദേശം 40,000 കോടി രൂപ) നിക്ഷേപിക്കാനൊരുങ്ങുന്നു.
ഇന്ന് ചേരുന്ന ശ്രീറാം ഫിനാന്‍സ് ഡയറക്ടര്‍ ബോര്‍ഡ് യോഗം ഈ മെഗാ നിക്ഷേപത്തിന് ഔദ്യോഗിക അംഗീകാരം നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍, ശ്രീറാം ഫിനാന്‍സിന്റെ 25.4 ശതമാനം ഓഹരികളാണ് പ്രൊമോട്ടര്‍മാരായ ശ്രീറാം ക്യാപിറ്റലിന്റെ കൈവശമുള്ളത്. ബാക്കിയുള്ള ഓഹരികള്‍ പൊതുജനങ്ങളുടെയും മറ്റ് നിക്ഷേപകരുടെയും പക്കലാണ്.
നിലവിലുള്ള ഓഹരികള്‍ വാങ്ങുന്നതിന് പകരം പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്തുകൊണ്ടാണ് (Primary Issuance) ഈ മൂലധന സമാഹരണം നടക്കുന്നത്. നിക്ഷേപം പൂര്‍ത്തിയാകുന്നതോടെ എം.യു.എഫ്.ജിക്ക് ശ്രീറാം ഫിനാന്‍സ് ബോര്‍ഡില്‍ രണ്ട് സീറ്റുകള്‍ ലഭിക്കും.
ബാങ്കുകള്‍ക്ക് എന്‍.ബി.എഫ്.സികളില്‍ ഓഹരി പങ്കാളിത്തം നേടാമെന്ന റിസര്‍വ് ബാങ്കിന്റെ ഈ മാസത്തെ പുതിയ വിശദീകരണത്തിന് പിന്നാലെയാണ് നിക്ഷേപ നടപടികള്‍. ജൂണില്‍ ആരംഭിച്ച ചര്‍ച്ചകളാണ് ഇപ്പോള്‍ അന്തിമഘട്ടത്തില്‍ എത്തിയിരിക്കുന്നത്.
ഇന്ത്യയില്‍ അതിവേഗം വളരുന്ന ഒരു എന്‍.ബി.എഫ്.സിയില്‍ വന്‍ ഓഹരി പങ്കാളിത്തം സ്വന്തമാക്കാനുള്ള എം.യു.എഫ്.ജി-യുടെ രണ്ടാമത്തെ ശ്രമമാണിത്. കഴിഞ്ഞ വര്‍ഷം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സബ്‌സിഡിയറിയായ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ (HDB Financial Services) 200 കോടി ഡോളര്‍ നിക്ഷേപിച്ച് ഓഹരികള്‍ സ്വന്തമാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല.
നിലവിലെ നീക്കം യാഥാര്‍ത്ഥ്യമായാല്‍ ഇന്ത്യന്‍ ധനകാര്യ സേവന മേഖലയിലെ ഒരു വിദേശ കമ്പനി നടത്തുന്ന ഏറ്റവും വലിയ ഒറ്റത്തവണ നിക്ഷേപമായി ഇത് മാറും. ആഗസ്റ്റ് മാസത്തില്‍ ആര്‍.ബി.എല്‍ ബാങ്കിന്റെ 60 ശതമാനം ഓഹരികള്‍ക്കായി എമിറേറ്റ്‌സ് എന്‍.ബി.ഡി നടത്തിയ 300 കോടി ഡോളറിന്റെ നിക്ഷേപത്തെയും, മറ്റൊരു ജാപ്പനീസ് കമ്പനിയായ സുമിറ്റോമോ മിത്സുയി ബാങ്കിംഗ് കോര്‍പ്പറേഷന്‍, യെസ് ബാങ്കിന്റെ 24.2 ശതമാനം ഓഹരികള്‍ക്കായി മുടക്കിയ ഏകദേശം 200 കോടി ഡോളറിന്റെ നിക്ഷേപത്തെയുമാണ് ഇത് മറികടക്കുക.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ എന്‍.ബി.എഫ്.സി ആയ ശ്രീറാം ഫിനാന്‍സ്, ചെറുകിട ബിസിനസ് വായ്പകള്‍, വാഹന വായ്പകള്‍, സ്വര്‍ണ പണയ വായ്പകള്‍ തുടങ്ങിയ മേഖലകളില്‍ വലിയ സ്വാധീനമുള്ള കമ്പനിയാണ്. ശ്രീറാമിന് ഗ്രാമീണ-നഗര മേഖലകളിലുള്ള വിപുലമായ ശൃംഖലയാണ് ജാപ്പനീസ് ബാങ്കിനെ ആകര്‍ഷിച്ച പ്രധാന ഘടകം. ഇന്ത്യന്‍ റീറ്റെയ്ല്‍ വായ്പാ വിപണിയിലുള്ള വലിയ വളര്‍ച്ചാ സാധ്യതകള്‍ മുന്‍കൂട്ടി കണ്ടാണ് എം.യു.എഫ്.ജി ഈ നീക്കം നടത്തുന്നത്.
സെപ്റ്റംബര്‍ പാദത്തിലെ കണക്കനുസരിച്ച് ശ്രീറാം ഫിനാന്‍സ് ആകെ കൈകാര്യം ചെയ്യുന്ന ആസ്തി 2.81 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 16 ശതമാനം വളര്‍ച്ചയാണിത്. ബജാജ് ഫിനാന്‍സിന് (4.62 ലക്ഷം കോടി രൂപ) തൊട്ടുപിന്നാലെ ഇന്ത്യയില്‍ രണ്ടാം സ്ഥാനത്താണ് ശ്രീറാം ഫിനാന്‍സ്. രാജ്യത്തുടനീളം 2,900 ശാഖകളും ശ്രീറാം ഫിനാന്‍സിനുണ്ട്.
ശ്രീറാം ഫിനാന്‍സ് ഓഹരികള്‍ ഇന്ന് ഒരു ശതമാനത്തിലധികം നഷ്ടത്തിലാണ് വ്യാപാരം നടത്തുന്നത്. കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ 32 ശതമാനത്തോളം വര്‍ധനയാണ് ഓഹരികളിലുണ്ടായിട്ടുള്ളത്. ഒക്ടോബറില്‍ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ തുടങ്ങിയതിനു ശേഷം ഓഹരി 41 ശതമാനവും നേട്ടം നല്‍കിയിട്ടുണ്ട്. ഓഹരിയൊന്നിന് 859 രൂപയിലാണ് ഇന്ന് വ്യാപാരം നടത്തുന്നത്.
Japan's MUFG plans ₹40,000 crore FDI in Shriram Finance, marking India's biggest-ever banking sector investment.
Read DhanamOnline in English
Subscribe to Dhanam Magazine