സൗരോര്‍ജ മേഖലയില്‍ ആധിപത്യം ഉറപ്പിക്കാന്‍ റിലയന്‍സ്, 8600 കോടിയുടെ നിക്ഷേപം

എണ്ണ ഉത്പാദനത്തില്‍ നിന്ന് ഹരിത ഊര്‍ജ്ജ മേഖലയിലേക്ക് ദ്രൂതഗതിയില്‍ നീങ്ങുന്ന മുകേഷ് അംബാനിയുടെ റിലയന്‍സ് 8600 കോടിയുടെ ഏറ്റെടുക്കല്‍ കൂടി പ്രഖ്യാപിച്ചു. നോര്‍വീജിയന്‍ കമ്പനി ആര്‍ഇസി സോളാര്‍ ഹോള്‍ഡിങ്‌സിനെ 771 മില്യണ്‍ യുഎസ് ഡോളറിനാണ് റിലയന്‍സ് സ്വന്തമാക്കുന്നത്. നോര്‍വീജിയക്ക് പുറമെ സിംഗപ്പൂരിലും പ്ലാന്റുകളുളള സോളാര്‍ പാനല്‍ നിര്‍മാതാക്കളാണ് ആര്‍ഇസി. നിലവില്‍ ചൈന നാഷണല്‍ ബ്ലൂസ്റ്റാര്‍ ഗ്രൂപ്പിന് കീഴിലാണ് ആര്‍ഇസി.

ആര്‍ഇസി ഏറ്റെടുക്കലിന് പിന്നാലെ ഇന്ത്യന്‍ കമ്പനിയായ സ്റ്റെര്‍ലിംഗ് ആന്റ് വില്‍സണ്‍ സോളാര്‍ ലമിറ്റഡിന്റെ 40 ശതമാനം ഓഹരികളും ഏറ്റെടുക്കുമെന്നും റിലയന്‍സ് അറിയിച്ചു. 28,50 കോടിയുടെ നിക്ഷേപമാണ് റിലയന്‍സ് നടത്തുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ക്ലീന്‍ എനര്‍ജി മേഖലയില്‍ 10.1 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനാണ് റിലയന്‍സ് ന്യൂ എനര്‍ജി സോളാര്‍ ലിമിറ്റഡിന്റെ പദ്ധതി. 2030 ഓടെ സൗരോര്‍ജ ഉത്പാദനം 100 ജിഗാവാട്ടായി ഉയര്‍ത്തും.
കഴിഞ്ഞ ഓഗസ്റ്റില്‍ യുഎസ് എനര്‍ജി സ്‌റ്റോറേജ് കമ്പനി ആംബ്രിയില്‍ 50 മില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് റിലയന്‍സ് നടത്തിയത്. ആര്‍ഇസിയെ ഏറ്റെടുക്കുന്നതിലൂടെ യുഎസ്, യൂറോപ്പ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ ഹരിത എനര്‍ജി വിപണിയിലും റിലയന്‍സ് ശക്തമായ സാന്നിധ്യമാകും. ഏറ്റെടുക്കലിന് ശേഷം ആര്‍ഇസിയുടെ സിംഗപ്പൂരിലെ വിപുലീകരണ പദ്ധതികള്‍ റിലയന്‍സ് ത്വരിതപ്പെടുത്തും. സൗരോര്‍ജ മേഖലയിലെ നിക്ഷേപങ്ങള്‍ തുടരുമെന്നും മേഖലയിലെ ആഗോള കമ്പനികളുമായി സഹകരിക്കുമെന്നും മുകേഷ് അംബാനി അറിയിച്ചു.


Dhanam News Desk
Dhanam News Desk  
Next Story
Share it