അദാനിയെ പിന്നിലാക്കി ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി മുകേഷ് അംബാനി

ഇന്ത്യയിലെ ഏറ്റവും വലിയ ധനികനായി റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ഹുറൂണ്‍ 360യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 8.08 ലക്ഷം കോടി രൂപയുടെ മൊത്തം ആസ്തിയുമായി മുകേഷ് അംബാനി ഒന്നാമതെത്തിയത്.

ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് റിപ്പോര്‍ട്ട് മൂലം സമ്പത്തില്‍ ഗണ്യമായ ഇടിവ് നേരിട്ട അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനിയെ മറികടന്നാണ് മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ എന്ന പദവി തിരിച്ചുപിടിച്ചത്. 4.74 ലക്ഷം കോടി രൂപയുടെ ആസ്തിയോടെ ഗൗതം അദാനി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

പട്ടികയിലെ പ്രമുഖര്‍

സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ സ്ഥാപകനായ സൈറസ് എസ്. പൂനവാല പട്ടികയില്‍ മൂന്നാം സ്ഥാനത്തെത്തി. 2023ലെ കണക്കനുസരിച്ച് അദ്ദേഹത്തിന്റെ മൊത്തം സമ്പത്ത് 2.78 ലക്ഷം കോടി രൂപയാണ്. 2.29 ലക്ഷം കോടി രൂപ ആസ്തിയുമായി എച്ച്.സി.എല്ലിന്റെ ശിവ് നാടാര്‍ നാലാം സ്ഥാനം നിലനിര്‍ത്തി. പിന്നാലെ അഞ്ചാം സ്ഥാനത്ത് 1.76 ലക്ഷം കോടി രൂപയുമായി ഗോപിചന്ദ് ഹിന്ദുജയും കുടുംബവും ആറാം സ്ഥാനത്ത് 1.64 ലക്ഷം കോടി രൂപയുമായി സണ്‍ ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനായ ദിലീപ് സാംഘ്വിയുമെത്തി.

പട്ടികയിലെ ആദ്യ പത്തില്‍ 1.62 ലക്ഷം കോടി രൂപ ആസ്തിയോടെ ലക്ഷ്മി മിത്തലും കുടുംബവും, 1.44 ലക്ഷം കോടി രൂപ ആസ്തിയോടെ അവന്യൂ സൂപ്പര്‍മാര്‍ട്ടിന്റെ രാധാകിഷന്‍ ദമാനിയും 1.25 ലക്ഷം കോടി രൂപ ആസ്തിയോടെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ കുമാര്‍ മംഗളം ബിര്‍ളയും കുടുംബവും 1.2 ലക്ഷം കോടി രൂപ ആസ്തിയോടെ ബജാജ് ഓട്ടോയുടെ നീരജ് ബജാജും കുടുംബവും ഇടം നേടി. അതേസമയം ഇന്ത്യയിലെ ടോപ്പ് 10 ലിസ്റ്റില്‍ നിന്ന് വിനോദ് അദാനിയും ഉദയ് കൊട്ടക്കും പുറത്തായി.

ഹുറൂണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2023ല്‍ സ്വയാര്‍ജിത ധനികരായ വനിതകളില്‍ മുന്നില്‍ സോഹോയുടെ രാധ വെമ്പു ആണ്. നൈകയുടെ ഫാല്‍ഗുനി നയ്യാറിനെ പിന്തള്ളിയാണ് രാധ വെമ്പു മുന്നിലെത്തിയത്. രാജ്യത്ത് 2023ല്‍ 278 പുതുമുഖങ്ങളാണ് മൊത്തം 7.28 ലക്ഷം കോടി രൂപയുടെ സ്വത്ത് സമ്പാദിച്ച് ഹുറൂണ്‍ പട്ടികയില്‍ ഉള്‍പ്പെട്ടത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ 1,000 കോടി രൂപയില്‍ കൂടുതല്‍ സമ്പത്തുള്ള വ്യക്തികളുടെ എണ്ണത്തിലേക്ക് 219 പേര്‍ കൂടി പുതുതായി എത്തിയതോടെ ഇവരുടെ എണ്ണം മൊത്തം 1,319 ആയി.

Related Articles
Next Story
Videos
Share it