ഓഹരികള്‍ കുതിച്ചു; ഫോബ്‌സ് 100 ബില്യണ്‍ ഡോളര്‍ പട്ടികയിലേക്ക് മുകേഷ് അംബാനി

ഏഷ്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനായ മുകേഷ് അംബാനി ഫോബ്സിന്റെ 100 ബില്യണ്‍ (10,000 കോടി ഡോളർ) പട്ടികയില്‍ ഇടംപിടിച്ചു. ഫോബ്സിന്റെ റിയല്‍ ടൈം ആസ്തി പട്ടിക പ്രകാരം 106 ബില്യണ്‍ ഡോളറാണ് (8,80,000 കോടി രൂപയോളം) മുകേഷ് അംബാനിയുടെ നിലവിലെ ആസ്തി.

റിലയന്‍സ് ഓഹരികള്‍ സര്‍വകാല ഉയരങ്ങളിലെത്തിയതാണ് മുകേഷ് അംബാനിയുടെ സ്വത്തിന്റെ മൂല്യവും കൂട്ടാനിടയാക്കിയത്. ഇതിനു മുന്‍പ് 2021ലും ഫോബ്സ് 100 ബില്യണ്‍ ഡോളര്‍ ക്ലബില്‍ മുകേഷ് അംബാനി ഇടം നേടിയിരുന്നു.

ഫോബ്‌സ് പട്ടിക

മൊത്തം 12 പേരാണ് ഫോബ്സ് 100 ബില്യണ്‍ ഡോളര്‍പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഇതില്‍ 11-ാം സ്ഥാനത്താണ് മുകേഷ് അംബാനി. ഈ പട്ടികയിലെ ഏക ഇന്ത്യക്കാരനും അംബാനിയാണ്. ടെസ്ല സ്ഥാപകന്‍ ഇലോണ്‍ മസ്‌കാണ് 212 ബില്യണ്‍ ഡോളറുമായി പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ജെഫ് ബെസോസിന് 180 ബില്യണ്‍ ഡോളര്‍ ആസ്തിയാണുള്ളത്.

ലൂയി വിറ്റോണ്‍ ബ്രാന്‍ഡ് മേധാവി ബെര്‍ണാഡ് അര്‍ണോയും (164ബില്യണ്‍ ഡോളര്‍) ബില്‍ ഗേറ്റ്‌സും(140ബില്യണ്‍ ഡോളര്‍)മൂന്നും നാലും സ്ഥാനങ്ങളിലാണ്. അഞ്ചാം സ്ഥാനത്ത് മാര്‍ക്ക് സക്കര്‍ബര്‍ഗാണ്. 134 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ ആസ്തി.

മുകേഷ് അംബാനിയുടെ ശക്തനായ എതിരാളി ഗൗതം അദാനി ഫോബ്‌സ് ലിസ്റ്റില്‍ 14-ാം സ്ഥാനത്താണുള്ളത്. നാല് ബില്യണ്‍ ഡോളറിനാണ് 100 ബില്യണ്‍ ഡോളര്‍ ക്ലബ് അദ്ദേഹത്തിന് നഷ്ടമായത്.

ഓഹരി മുന്നേറ്റം

റിലയന്‍സ് ഓഹരികള്‍ സര്‍വകാല ഉയരങ്ങളിലെത്തിയതാണ് മുകേഷ് അംബാനിയുടെ സ്വത്തിന്റെ മൂല്യവും കൂടാനിടയാക്കിയത്. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടിവി 18 ബ്രോഡ്കാസ്റ്റ് ഓഹരികള്‍ എന്നിവയാണ് കുതിച്ചത്.

2,730.50 എന്ന സര്‍വകാല റെക്കോഡിലാണ് റിലയന്‍സ് ഓഹരികള്‍ നിലവിലുള്ളത്. 18 ലക്ഷം കോടി കമ്പനിയെന്ന റെക്കോഡിലാണ് റിലയന്‍സിപ്പോഴുള്ളത്. ടിവി 18 ഓഹരികള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 45% ആണ് ഉയര്‍ന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it