വീണ്ടും മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍

ലോകത്തെ ഏറ്റവും സമ്പന്നരുടെ റാങ്കിംഗുമായി ഈ വര്‍ഷത്തെ ഫോബ്സ് പട്ടിക പുറത്ത്. പട്ടിക പ്രകാരം ഇന്ത്യയില്‍ 169 ശതകോടീശ്വരന്മാരാണുള്ളത്. ഇതില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി (8340 കോടി ഡോളര്‍) ആണ് ഏറ്റവും മുന്നിലുള്ളത്. അദ്ദേഹമാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നന്‍. ലോക റാങ്കിംഗില്‍ 9-ാം സ്ഥാനവും മുകേഷ് അംബാനി സ്വന്തമാക്കി.

ഗൗതം അദാനി പിന്നില്‍

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ ഗൗതം അദാനി 24-ാം സ്ഥാനത്തേക്ക് വീണതോടെയാണ് മുകേഷ് അംബാനി ഏഷ്യയിലെ ഏറ്റവും സമ്പന്നനായ വ്യക്തിയായി വീണ്ടും സ്ഥാനം നേടിയത്. ഫോബ്സ് പട്ടിക പ്രകാരം ഇന്ത്യക്കാരില്‍ രണ്ടാമന്‍ ഗൗതം അദാനി (4720 കോടി ഡോളര്‍) ആണ്. ജനുവരി 24-ന് 1260 കോടി ഡോളര്‍ ആസ്തിയോടെ അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പന്നനായിരുന്നു. യു.എസ്. ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് പുറത്തിറക്കിയ റിപ്പോര്‍ട്ടിന് ശേഷം അദ്ദേഹത്തിന്റെ കമ്പനികളുടെ ഓഹരികള്‍ക്ക് ഇടിവുണ്ടാകുകയായിരുന്നു എന്ന് ഫോബ്സ് അഭിപ്രായപ്പെട്ടു.

പിന്നാലെ ഇവര്‍

ഫോബ്സ് പട്ടികയില്‍ മുകേഷ് അംബാനിക്കും, ഗൗതം അദാനിക്കും പിന്നാലെയുള്ളത് എച്ച്‌സിഎല്‍ സഹസ്ഥാപകന്‍ ശിവ് നാടാര്‍ (2560 കോടി ഡോളര്‍), സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സ്ഥാപകന്‍ സൈറസ് പൂനാവാല (2260 കോടി ഡോളര്‍), ആഴ്‌സിലര്‍ മിത്തല്‍ ചെയര്‍മാന്‍ ലക്ഷ്മി മിത്തല്‍ (1770 കോടി ഡോളര്‍)എന്നിങ്ങനെ നീളുന്നു പട്ടിക. ഇന്ത്യയിലെ സ്ത്രീ സമ്പന്നരില്‍ മുന്നില്‍ സാവിത്രി ജിന്‍ഡലാണ് (1750 കോടി ഡോളര്‍). ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാന്‍ എം.എ യൂസഫലി ഉള്‍പ്പെടെ ലോകത്തെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയില്‍ ആകെ 9 മലയാളികളാണുള്ളത്.

ബെര്‍ണാഡ് അര്‍നോള്‍ട്ട് ഒന്നാമന്‍

ലോകത്താകെ 2648 ശതകോടീശ്വരന്മാരില്‍ 21,100 കോടി ഡോളര്‍ ആസ്തിയുമായി ലൂയി വുട്ടോണ്‍ ഉടമ ബെര്‍ണാഡ് അര്‍നോള്‍ട്ട് ആണ് ഫോബ്‌സ് പട്ടികയില്‍ ലോകത്തെ ഏറ്റവും സമ്പന്നന്‍. 18,000 കോടി ഡോളര്‍ ആസ്തിയുള്ള ഇലോണ്‍ മസ്‌ക് രണ്ടാമനും, 11,400 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് മൂന്നാമനുമാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it