ജനിതക പരിശോധന രംഗത്തേക്ക് റിലയന്‍സ്

ടെലികോം, റീറ്റെയ്ല്‍ തുടങ്ങിയ മേഖലകള്‍ക്ക് പിന്നാലെ ജനിതക പരിശോധന (Genetic mapping) രംഗത്തേക്ക് കടക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. കുറഞ്ഞ ചെലവില്‍ ജനിതക പരിശോധന ലഭ്യമാക്കുക എന്നാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. രണ്ട് ആഴ്ചക്കുള്ളില്‍ കമ്പനി 12,000 രൂപയുടെ ജീനോം സീക്വന്‍സിംഗ് ടെസ്റ്റ് പുറത്തിറക്കും.

ടെസ്റ്റിംഗ് കിറ്റ്

ക്യാന്‍സര്‍, ഹൃദയ, ന്യൂറോ സംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത തിരിച്ചറിയാനും പാരമ്പര്യമായി ഉണ്ടാക്കുന്ന ജനിതക വൈകല്യങ്ങള്‍ തിരിച്ചറിയാനും ജനിതിക പരിശോധനയിലൂടെ സാധിക്കും. ടെസ്റ്റിംഗ് കിറ്റ് ഉപയോഗിച്ച് രണ്ട് തുള്ളി രക്ത സാമ്പിള്‍ കൊണ്ട് വീട്ടില്‍ തന്നെ പരിശോധന നടത്താമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

വിപണി മൂല്യം

സ്ട്രാന്‍ഡ് ലൈഫ് സയന്‍സസ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ ഉല്‍പ്പന്നം വികസിപ്പിച്ചത്. 2021 ലാണ് ബെംഗളൂരു ആസ്ഥാനമായുള്ള സ്ഥാപനം റിലയന്‍സ് ഏറ്റെടുത്തുന്നത്. ഇപ്പോള്‍ 80 ശതമാനം ഉടമസ്ഥതയും റിലയന്‍സിനാണ്. ആഗോള തലത്തിലെ ജനിതക പരിശോധനാ വിപണിയുടെ മൂല്യം 2019 ല്‍ 1270 കോടി ഡോളറായിരുന്നു. 2027 ഓടെ ഇത് 2130 കോടി ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിര്‍ണായക പങ്ക്

താങ്ങാനാവുന്ന വിലയില്‍ പരിശോധന ലഭ്യമാക്കുന്നത് രാജ്യത്തെ ആരാഗ്യമേഖലക്ക് വലിയ മുതല്‍ക്കൂട്ടാകും. മരുന്നുകള്‍ വികസിപ്പിക്കുന്നതിനും രോഗ പ്രതിരോധത്തിനും സഹായിക്കുന്ന ഡാറ്റ ശേഖരണത്തിനും ഇത് സഹാകരമാകും. കൂടാതെ ഇത് റിലയന്‍സ് ഗ്രൂപ്പിന്റെ വളര്‍ച്ചയിലും നിര്‍ണായകമായ പങ്ക് വഹിക്കും. ഈയടുത്തായി മുകേഷ് അംബാനിയുടെയും ആസ്തി ഇടിഞ്ഞിരുന്നു. ഇതില്‍ നിന്നും തിരിച്ചുകയറുന്നതിനായി വളര്‍ച്ചാ സാധ്യതയുള്ള മറ്റ് മേഖലകളിലേക്കും ബിസിനസ് വ്യാപിപ്പിക്കുകയാണ് മുകേഷ് അംബാനി.

Related Articles
Next Story
Videos
Share it