വമ്പന്മാര്‍ തിരിച്ചുവരവിന്റെ പാതയില്‍, അടച്ചു പൂട്ടലിന്റെ വക്കില്‍ ചെറുകിട ആശുപത്രികള്‍

വരുമാനത്തിന്റെ കണക്കില്‍ രാജ്യത്തെ വന്‍കിട ആശുപത്രികള്‍ കോവിഡിന് മുന്‍പുള്ള നിലയിലേക്ക് തിരിച്ചെത്തുന്നു. പല നഗരങ്ങളിലും ആശുപത്രികളില്‍ ചികിത്സ തേടി എത്തുന്നവരുടെ എണ്ണം ഉയരുകയാണ്. മെഡിക്കല്‍ ടൂറിസം രംഗത്തെ ഉണര്‍വും മേഖലയ്ക്ക് ഗുണകരമായി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വലിയൊരു ശതമാനം ആളുകളും ആശുപത്രി യാത്രകള്‍ ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇതിനെ തുടര്‍ന്ന് ആശുപത്രികളുടെ വരുമാനം കുത്തനെ ഇടിഞ്ഞിരുന്നു. ഇപ്പോള്‍ സര്‍ജിക്കല്‍ ഓപ്പറേഷനുകള്‍ക്ക് ഉള്‍പ്പടെ രോഗികള്‍ ആശുപത്രികളില്‍ എത്തുന്നുണ്ട്.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ശൃംഖലയായ ആപ്പോളോ ഹോസ്പിറ്റല്‍സില്‍ ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം (occupancy) 2021-22 സാമ്പത്തിക വര്‍ഷം 63 ശതമാനം ആയി ഉയര്‍ന്നിരുന്നു. 2020-21ല്‍ ഇത് 55 ശതമാനം ആയിരുന്നു. താമസിയാതെ കോവിഡിന് മുമ്പുണ്ടായിരുന്ന 67 ശതമാനത്തിനും മുകളിലേക്ക് ഒക്ക്യുപ്പന്‍സി നിരക്ക് ഉയരുമെന്നാണ് വിലയിരുത്തല്‍. ഒരു കിടക്കയില്‍ (occupied) നിന്ന് ലഭിക്കുന്ന വരുമാനവും ഇക്കാലയളവില്‍ 40,214 നിന്ന് 45,327 രൂപയായി ഉയര്‍ന്നു.

2020-21 കാലയളവില്‍ നഷ്ടം രേഖപ്പെടുത്തിയ ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍, മാക്‌സ് ഹെല്‍ത്ത് കെയര്‍ എന്നിവ കഴിഞ്ഞ സാമ്പത്തിക വര്‍ഷം ലാഭത്തിലേക്ക് തിരിച്ചെത്തിയിരുന്നു. മിഡില്‍ ഈസ്റ്റില്‍ നിന്നുള്‍പ്പടെ കേരളത്തിലെ ഹോസ്പിറ്റലുകളിലും ചികിത്സയ്‌ക്കെത്തുന്നവരുടെ എണ്ണം ഉയരുകയാണ്. കോവിഡിനെ തുടര്‍ന്ന് ആരോഗ്യ മേഖലയില്‍ ഉണ്ടായ അവബോധവും ആശുപത്രികള്‍ക്ക് ഗുണകരമായി. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് എടുക്കുന്നവരുടെ എണ്ണം ഉയര്‍ന്നത് വലിയ ആശുപത്രികളില്‍ ചികിത്സ തേടാനുള്ള ജനങ്ങളുടെ ശേഷിയെ ഉയര്‍ത്തി.

എന്നാല്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ നേട്ടമുണ്ടാക്കുമ്പോള്‍ ചെറിയ ആശുപത്രികളുടെ കാര്യം അങ്ങനെയല്ല. കോവിഡ് പ്രതിസന്ധിയില്‍ പിടിച്ചു നില്‍ക്കാനാവാതെ സംസ്ഥാനത്ത് നിരവധി ആശുപത്രികള്‍ പൂട്ടിയിരുന്നു. ഈ സാഹചര്യത്തില്‍ നിന്ന് കാര്യമാറ്റങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ഇത്തരം ആശുപത്രികളുടെ എണ്ണം ഉയരുകയാണെന്നാണ് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവല്‍ കോശി പറഞ്ഞത്. വന്‍കിടക്കാര്‍ നേട്ടമുണ്ടാക്കാന്‍ ഫീസ് കുത്തനെ ഉയര്‍ത്തുമ്പോള്‍ ചെറിയ ആശുപത്രികള്‍ക്ക് അതിന് സാധിക്കില്ല.

സംസ്ഥാനത്ത് പൂട്ടിപ്പോയ ആശുപത്രികളുടെ കൃത്യമായ കണക്ക് പോലും ഇല്ല. സര്‍ക്കാരിന്റെ സമീപനം ചെറുകിട ആശുപത്രികള്‍ക്ക് എതിരാണെന്നും ഡോ. സാമുവല്‍ കോശി ആരോപിച്ചു. ചെറു പട്ടങ്ങളിലെ പല ആശുപത്രികളും കിടക്കകളുടെയും ജീവനക്കാരുടെയും എണ്ണം കുറച്ചുകൊണ്ട് പിടിച്ചു നില്‍ക്കാനുള്ള ശ്രമത്തിലാണ്. നിലവില്‍ 950 ല്‍ താഴെ ഇടത്തരം- ചെറുകിട ആശുപത്രികളാണ് സംസ്ഥാനത്തുള്ളത്. കുറഞ്ഞ ചെലവില്‍ ചികിത്സ നല്‍കുന്ന ഇത്തരം ആശുപത്രികള്‍ നിലനിര്‍ത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും ഡോ. സാമുവല്‍ കോശി ചൂണ്ടിക്കാട്ടി.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it