
അമേരിക്കന്‍ ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക് പുതിയൊരു ബിസിനസിലേക്ക് കൂടി കടക്കുന്നു. ഇത്തവണ ലക്ഷ്യം ധനകാര്യ മേഖലയ്ക്കായുള്ള സൂപ്പര്‍ ആപ്പാണ്. മസ്‌ക് സ്വന്തമാക്കിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ് (പഴയ ട്വിറ്റര്‍) വഴിയാണ് ക്രെഡിറ്റ് കാര്‍ഡ് ബിസിനസ് ഉള്‍പ്പെടെയുള്ള സാമ്പത്തിക സേവനങ്ങളിലേക്ക് കടക്കുന്നത്. ചൈനയുടെ വീ ചാറ്റിന് സമാനമായ ഒരു സൂപ്പർ ആപ് ആക്കി എക്‌സിനെ മാറ്റാനാണ് മസ്‌കിന്റെ ലക്ഷ്യം.
എക്‌സ് വഴി തന്നെ ഷോപ്പിംഗ് സൗകര്യവും ഒരുക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിന്റെ ഭാഗമായി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ പുറത്തിറക്കും. കൂടാതെ ഇന്‍വെസ്റ്റ്‌മെന്റ്, ട്രേഡിംഗ് ഫീച്ചറുകള്‍ എന്നിവയും ഈ പ്ലാറ്റ്‌ഫോമില്‍ അവതരിപ്പിക്കാന്‍ പദ്ധതിയുണ്ട്.
ഈ വര്‍ഷം തന്നെ യു.എസില്‍ പദ്ധതി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തുടര്‍ന്ന് മറ്റ് രാജ്യങ്ങളിലേക്കും വ്യാപിപ്പിക്കും. ക്രെഡിറ്റ് കാര്‍ഡ് സേവന കമ്പനിയായ വീസ എക്‌സുമായി ചേര്‍ന്ന് എക്‌സ് മണി എന്ന ഡിജിറ്റല്‍ വാലറ്റ് സൗകര്യം ആരംഭിച്ചിട്ടുണ്ട്. ഇതു വഴി ഉപയോക്താക്കള്‍ക്ക് സാധനങ്ങള്‍ വാങ്ങാനും പണം സൂക്ഷിക്കാനും കണ്ടന്റ് ക്രീയേറ്റര്‍മാരെ സപ്പോര്‍ട്ട് ചെയ്യാനുമൊക്കെ സാധിക്കും.
ധനകാര്യ രംഗത്തേക്ക് കടക്കാനുള്ള പദ്ധതികള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും കടമ്പകള്‍ പലതും ഇനിയും കടക്കാനുണ്ട്. ലൈസൻസ് ഉൾപ്പെടെയുള്ള നിയമപരമായ കാര്യങ്ങൾ പലതും ടെസ്‌ലയ്ക്ക് വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്.
ടെസ്‌ല ഇന്ത്യയിലെ ആദ്യ ഷോറൂം ജൂലൈയില്‍ തുറക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് മസ്‌കിന്റെ പുതിയ ബിസിനസിനെ കുറിച്ചുള്ള സൂചന.
Read DhanamOnline in English
Subscribe to Dhanam Magazine