മസ്‌കും സക്കര്‍ബര്‍ഗും കൈയാങ്കളിയിലേക്ക്; ഇടി കാണാം ലൈവായി

ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗും എക്‌സ് (X/ട്വിറ്റര്‍) തലൈവന്‍ എലോണ്‍ മസ്‌കും പരസ്പരം ഇടിച്ച് ജയിക്കാന്‍ ഒരുങ്ങുന്നു. ഇരുവരും ഇടിക്കൂട്ടില്‍ (Cage Match) പോരാടുമെന്നത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ കഴിഞ്ഞ ജൂണ്‍ മുതല്‍ പരക്കുന്നുണ്ട്.

മസ്‌കാണ് ആദ്യം വെല്ലുവിളിച്ചത്. പിന്നാലെ ''ഞാന്‍ റെഡി'' ആണെന്നും തീയതിയും സ്ഥലവും പറഞ്ഞാല്‍ എത്തിയേക്കാമെന്നും സക്കര്‍ബര്‍ഗും തിരിച്ചടിച്ചു. ലാസ് വേഗസിലെ 'വേഗാസ് ഒഗ്ടഗണ്‍' (Vegas Octagon) വേദിയാക്കാമെന്ന് മസ്‌ക് മറുപടി നല്‍കി. ഓഗസ്റ്റ് 26നാകാം മത്സരമെന്ന് സക്കര്‍ബര്‍ഗും പറഞ്ഞു.

തീയതിയോട് പ്രതികരിച്ചില്ലെങ്കിലും മത്സരം ലൈവായി എക്‌സില്‍ കാണാമെന്നും ഇതില്‍ നിന്ന് ലഭിക്കുന്ന വരുമാനം വിമുക്ത ഭടന്മാരുടെ ക്ഷേമത്തിനായി മാറ്റിവയ്ക്കുമെന്നും മസ്‌ക് പറഞ്ഞു.
മസ്‌കിന്റെ ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് ''എന്തുകൊണ്ട് നമുക്ക് കൂടുതല്‍ വിശ്വാസ്യതയുള്ള മറ്റൊരു പ്ലാറ്റ്‌ഫോമില്‍ ലൈവ് നടത്തിക്കൂടാ'' എന്ന് സക്കര്‍ബര്‍ഗും ചോദിച്ചു. മത്സരം ഫേസ്ബുക്കിലും ലൈവ് ഉണ്ടായേക്കാമെന്ന സൂചനയായാണ് ഇതിനെ പലരും കാണുന്നത്.
വൈരത്തിന് വര്‍ഷങ്ങളുടെ പഴക്കം
ലോകത്തെ ഏറ്റവും സമ്പന്ന പട്ടികയില്‍ മുന്നിലുള്ള ശതകോടീശ്വരന്മാരും ടെക് ഭീമന്മാരായ കമ്പനികളുടെ മേധാവികളുമായ മസ്‌കും സക്കര്‍ബര്‍ഗും തമ്മിലെ വാക്‌പോരിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. എന്നാല്‍, ഇനി നേരിട്ട് കൈയാങ്കളി ആകാമെന്ന് ഇരുവരും തീരുമാനിക്കുന്നത് ഇപ്പോഴാണ്. എ.ഐയെ (Artificial Intelligence/AI) പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് തുടക്കംമുതല്‍ മാര്‍ക്ക് സക്കര്‍ബര്‍ഗും അദ്ദേഹത്തിന്റെ കമ്പനിയായ മെറ്റയും സ്വീകരിക്കുന്നത്. എ.ഐ മനുഷ്യരാശിക്ക് വലിയ വെല്ലുവിളിയാണെന്ന നിലപാടാണ് മസ്‌കിനുള്ളത്.

മത്സരം സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പരക്കുന്ന തമാശകളിലൊന്ന്


ഏറ്റവുമൊടുവില്‍ ട്വിറ്ററിന് വെല്ലുവിളിയായി മെറ്റ ത്രെഡ്‌സ് അവതരിപ്പിച്ചപ്പോഴും വാക്‌പോര് കടുത്തു.
പരിശീലനം തകൃതി
ഇടിക്കൂട്ടില്‍ ജയിച്ചേ തീരൂവെന്ന് ഉറപ്പിച്ച് കഠിന പരിശീലനത്തിലാണ് മസ്‌കും സക്കര്‍ബര്‍ഗും. ബ്രസീലിയന്‍ ആയോധന കലയായ ജിയു-ജിത്സു (jiu-jitsu) പരിശീലനമാണ് സക്കര്‍ബര്‍ഗ് നടത്തുന്നത്. ഭാരം ഉയര്‍ത്തിയുള്ള പരീശലനമാണ് താന്‍ നടത്തുന്നതെന്ന് മസ്‌കും വ്യക്തമാക്കിയിട്ടുണ്ട്.

ഇടിക്കൂട്ടിലെ പോരാട്ടം പരിഷ്‌കൃത സമൂഹത്തിലെ യുദ്ധമാണെന്നും പുരുഷന്മാര്‍ പോരാടാന്‍ ഇഷ്ടപ്പെടുന്നവരാണെന്നും മസ്‌ക് കഴിഞ്ഞദിവസം ട്വീറ്റിട്ടിട്ടുണ്ട്. മത്സരം അധികം നീളില്ലെന്നും താന്‍ അതിവേഗം ജയിക്കുമെന്നും അദ്ദേഹം ട്വീറ്റില്‍ പറഞ്ഞിട്ടുണ്ട്. ആളുകള്‍ ഇടിക്കൂട്ടില്‍ പോരടിക്കുന്നത് അമേരിക്കയ്ക്ക് പുതുമയല്ല. ആയോധന കലകള്‍ സംയോജിപ്പിച്ചുള്ള വിനോദ പരിപാടികളും അമേരിക്കയില്‍ പ്രിയമുള്ളതാണ്. ഇന്ത്യയില്‍ പോലും വലിയ ആരാധക ബാഹുല്യമുള്ള ഡബ്ല്യു.ഡബ്ല്യു.ഇ., യു.എഫ്.സി എന്നിവ അതില്‍ ചിലത് മാത്രം.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it