

2026-27 സാമ്പത്തിക വർഷത്തിലെ രണ്ടാം പാദത്തിൽ (Q2 FY27) മികച്ച പ്രവര്‍ത്തന ഫലങ്ങളുമായി ഇന്ത്യയിലെ പ്രമുഖ നോൺ-ബാങ്കിങ് ഫിനാൻഷ്യൽ കമ്പനി-മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനായ (NBFC-MFI) മുത്തൂറ്റ് മൈക്രോഫിൻ ലിമിറ്റഡ് (NSE: MUTHOOTMF, BSE: 544055). കമ്പനിയുടെ നികുതിക്ക് ശേഷമുള്ള അറ്റാദായം (PAT) മുൻവർഷത്തെ അപേക്ഷിച്ച് 3.6 മടങ്ങ് (262.9%) വർദ്ധിച്ച് 110.8 കോടി രൂപയായി ഉയർന്നു. കമ്പനിയുടെ ചരിത്രത്തിലാദ്യമായാണ് ത്രൈമാസ പാദത്തിലെ ലാഭം 100 കോടി രൂപ കവിയുന്നത്. കമ്പനിയുടെ ആകെ വരുമാനം 26.9 ശതമാനം വർദ്ധിച്ച് 732.9 കോടി രൂപയിലും, പ്രൊവിഷന്‍ മുൻപുള്ള പ്രവർത്തന ലാഭം (PPOP) 67.4 ശതമാനം ഉയർന്ന് 249.4 കോടി രൂപയിലുമെത്തി.
രണ്ടാം പാദത്തിൽ മുത്തൂറ്റ് മൈക്രോഫിൻ 2,900 കോടി രൂപയുടെ വായ്പകൾ വിതരണം ചെയ്ത് റെക്കോർഡ് നേട്ടം കൈവരിച്ചു; ഇത് മുൻവർഷത്തെ അപേക്ഷിച്ച് 27.5 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. മൊത്തം വായ്പാ പോർട്ട്ഫോളിയോ (GLP / AUM) 22 ശതമാനം വർദ്ധിച്ച് 15,323 കോടി രൂപയായി. പരമ്പരാഗത ജെ.എൽ.ജി (JLG) വായ്പകൾക്ക് പുറമെ പോർട്ട്ഫോളിയോ വൈവിധ്യവത്കരിച്ചതോടെ, നോൺ-ജെഎൽജി പോർട്ട്ഫോളിയോ മൊത്തം വായ്പകളുടെ 31 ശതമാനമായി ഉയർന്നു. ഇതിൽ ചെറുകിട-സൂക്ഷ്മ സംരംഭ വായ്പകൾ 4,164 കോടി രൂപയും (GLP-യുടെ 27%), സ്വർണ വായ്പകൾ 453 കോടി രൂപയുമാണ്. മെച്ചപ്പെട്ട ക്രെഡിറ്റ് റേറ്റിംഗുകളുടെ പിൻബലത്തിൽ കമ്പനിയുടെ ശരാശരി വായ്പാ സമാഹരണ ചെലവ് (Cost of Borrowing) 9.93 ശതമാനമായി കുറഞ്ഞു.
ആസ്തി ഗുണനിലവാരം: മൊത്തം നിഷ്ക്രിയ ആസ്തി (GNPA) 123 ബേസിസ് പോയിന്റ് കുറഞ്ഞ് 3.38 ശതമാനമായും അറ്റ നിഷ്ക്രിയ ആസ്തി (NNPA) 1.05 ശതമാനമായും മെച്ചപ്പെട്ടു. വായ്പാ തിരിച്ചടവ് കാര്യക്ഷമത 98.1 ശതമാനമായി ഉയർന്നപ്പോൾ രാജ്യത്തുടനീളമുള്ള 1,675 ബ്രാഞ്ചുകൾ വഴി സജീവ ഉപഭോക്താക്കളുടെ എണ്ണം 32.7 ലക്ഷമായി വിപുലപ്പെട്ടു. മികച്ച ബിസിനസ് നേട്ടങ്ങളെ തുടർന്ന് കെയർഎഡ്ജ് (CareEdge Global Ratings) കമ്പനിയുടെ റേറ്റിംഗ് ഔട്ട്ലുക്ക് 'പോസിറ്റീവ്' ആയി ഉയർത്തി.
മൈക്രോഫിനാൻസ് മേഖല കേവലം വായ്പകൾ നൽകുന്നതിൽ നിന്ന് മാറി ഉപജീവന മാര്‍ഗങ്ങള്‍ക്കും സംരംഭകത്വത്തിനും ശക്തി പകരുന്ന പ്രധാന ഘടകമായി വളർന്നതായി ചെയര്‍മാനും നോണ്‍-എക്സിക്യൂട്ടിവ് ഡയറക്ടറുമായ തോമസ് മുത്തൂറ്റ് പറഞ്ഞു. പരമ്പരാഗത ജെ.എൽ.ജി (JLG) മാതൃകയ്ക്ക് അപ്പുറത്തേക്ക് പോർട്ട്ഫോളിയോ വൈവിധ്യവത്കരിക്കാൻ സാധിച്ചതായും ആകെ കൈകാര്യം ചെയ്യുന്ന ആസ്തിയുടെ (AUM) 31 ശതമാനം ജെ.എൽ.ജി ഇതര വായ്പകളായെന്നും അദ്ദേഹം പറഞ്ഞു. ആസ്തികളുടെ ഗുണനിലവാരത്തിൽ ഉറച്ചുനിൽക്കുന്നതിനൊപ്പം പ്രകൃതിദുരന്ത ഇൻഷുറൻസ് (NATCAT) പോലുള്ള നടപടികൾ ഉപഭോക്താക്കൾക്ക് പ്രതികൂല കാലാവസ്ഥയിൽ സംരക്ഷണം നൽകുന്നുണ്ടെന്നും 'വിഷൻ 30-30' ദീർഘകാല ലക്ഷ്യങ്ങളിൽ കമ്പനിക്ക് പൂർണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ബിസിനസ് വളർച്ച, ആസ്തി ഗുണനിലവാരം, ലാഭക്ഷമത എന്നിവയിൽ മുത്തൂറ്റ് മൈക്രോഫിൻ ചരിത്രപരമായ മുന്നേറ്റം കാഴ്ചവെച്ചതായി സി.ഇ.ഒ സദഫ് സയീദ് ചൂണ്ടിക്കാണിച്ചു. വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയിലൂടെ ഏത് മാക്രോ ഇക്കണോമിക് അപകട സാധ്യതകളെയും നേരിടാന്‍ ശേഷിയുളള വൈവിധ്യമാര്‍ന്ന ആസ്തികളുടെ ശേഖരം കെട്ടിപ്പടുക്കാന്‍ കമ്പനിക്ക് സാധിച്ചതായും സദഫ് സയീദ് പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine