Begin typing your search above and press return to search.
മുത്തൂറ്റ് മിനിയുടെ ലാഭത്തില്‍ 42.6% വര്‍ധന, വരുമാനവും ഉയര്‍ന്നു
പ്രമുഖ ബാങ്കിതര ധനകാര്യ സ്ഥാപനമായ മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 42.59 ശതമാനം വര്‍ധനയോടെ 67.28 കോടി രൂപയുടെ ലാഭം നേടി. വിപണിയിലെ സ്വര്‍ണ പണയ ആവശ്യകത വര്‍ധിച്ചതാണ് വളര്‍ച്ചയ്ക്ക് സഹായകമായത്.
കമ്പനിയുടെ ആകെ ആസ്തിയില്‍ മുന്‍ വര്‍ഷത്തെ മൂന്നാം പാദത്തെ അപേക്ഷിച്ച് 14.89 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. നടപ്പു സാമ്പത്തിക വര്‍ഷം മൂന്നാം പാദത്തില്‍ 17.18 ശതമാനത്തിന്റെ വാര്‍ഷിക വരുമാന വളര്‍ച്ചയും കൈവരിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ മൂന്നാം പാദത്തത്തിലെ 18.34 ശതമാനത്തില്‍ നിന്നും പലിശ വരുമാനം 19.05 ശതമാനമായും ഉയര്‍ന്നു. 9.03 ശതമാനമാണ് അറ്റ പലിശ വരുമാനത്തിലെ വര്‍ധന.
മികച്ച ഉപഭോക്തൃ സംതൃപ്തിയും പ്രവര്‍ത്തന മികവും നൂതന ആശയങ്ങളുമാണ് അസാധാരണ നേട്ടം കൈവരിക്കാന്‍ കമ്പനിയെ പ്രാപ്തമാക്കിയതെന്ന് മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സ് മാനേജിംഗ് ഡയറക്ടര്‍ മാത്യൂ മുത്തൂറ്റ് പറഞ്ഞു.
രാജ്യവ്യാപകമായി നെറ്റ്‌വര്‍ക്ക് വിപുലീകരിക്കാനും ഉപഭോക്തൃ സംതൃപ്തിയിലും നൂതന ഉത്പന്നങ്ങള്‍ അവതരിപ്പിക്കുന്നതിലും പ്രവര്‍ത്തന മികവിലുമാണ് തുടര്‍ന്നും കമ്പനി ശ്രദ്ധ ചെലുത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമ്പത്തിക രംഗത്തെ വെല്ലുവിളികള്‍ക്കിടയിലും വരുമാനം, കൈകാര്യ ചെയ്യുന്ന ആസ്തി, ലാഭം എന്നിവയിലെ സുസ്ഥിരമായ വളര്‍ച്ച ബിസിനസ് മാതൃകയുടെ കരുത്ത് എടുത്തുകാണിക്കുന്നുവെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പി.ഇ. മത്തായി പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാന്‍സിയേഴ്‌സിന് നിലവില്‍ രാജ്യത്ത് 903 ശാഖകളുണ്ട്. ഈ വര്‍ഷം അവസാനത്തോടെ ഇത് ആയിരത്തിലധികമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
Next Story
Videos