

ഇന്ത്യൻ ആരോഗ്യരംഗത്തെ പ്രമുഖ സ്ഥാപനമായ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാരായണ ഹെൽത്ത് (Narayana Health) സുപ്രധാന ചുവടുവെപ്പുമായി വിദേശത്തേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഏകദേശം 2,200 കോടി രൂപയ്ക്ക് (189 ദശലക്ഷം പൗണ്ട്) യുകെ ആസ്ഥാനമായുള്ള പ്രാക്ടീസ് പ്ലസ് ഗ്രൂപ്പ് ഹോസ്പിറ്റൽസിനെ (Practice Plus Group Hospitals) ഏറ്റെടുത്താണ് നാരായണ ഹെൽത്ത് രാജ്യാന്തര രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്നത്.
പ്രശസ്ത കാർഡിയാക് സർജനായ ഡോ. ദേവി ഷെട്ടിയാണ് നാരായണ ഹെൽത്തിൻ്റെ സ്ഥാപകന്‍. യുകെയിലെ സ്വകാര്യ ആരോഗ്യരംഗത്ത് ശക്തമായ സാന്നിധ്യമുള്ള പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിലൂടെ, യുകെയിലെ രോഗികൾക്ക് താങ്ങാനാവുന്നതും ഗുണമേന്മയുള്ളതുമായ ചികിത്സാ സേവനങ്ങൾ നൽകുകയാണ് നാരായണ ഹെൽത്തിന്റെ ലക്ഷ്യം.
യുകെയിലുടനീളമായി ആശുപത്രികൾ, ഡയഗ്നോസ്റ്റിക് കേന്ദ്രങ്ങൾ, ഡേ-കെയർ സൗകര്യങ്ങൾ എന്നിവ ഉൾപ്പെടുന്ന വലിയൊരു ശൃംഖലയാണ് പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിനുള്ളത്. പ്രത്യേകിച്ചും എൻ.എച്ച്.എസ് (NHS - National Health Service) കാത്തിരിപ്പ് പട്ടികയിലുള്ള രോഗികൾക്ക് വേഗത്തിലും കാര്യക്ഷമമായും ചികിത്സ ലഭ്യമാക്കുന്നതിൽ ഈ ഗ്രൂപ്പ് പ്രധാന പങ്ക് വഹിക്കുന്നു.
ഏഴ് ആശുപത്രികളും മൂന്ന് ശസ്ത്രക്രിയാ കേന്ദ്രങ്ങളും അടക്കം 16 ആരോഗ്യ കേന്ദ്രങ്ങളുടെ ശൃംഖലയാണ് പ്രാക്ടീസ് പ്ലസ് ഗ്രൂപ്പിനുളളത്. 330 കിടക്കകളുടെ സംയോജിത ശേഷിയാണ് ഇവക്കുളളത്. പ്രതിവർഷം ഏകദേശം 80,000 ശസ്ത്രക്രിയകള്‍ നടത്തുന്ന ഗ്രൂപ്പിന് ഏകദേശം 250 മില്യൺ പൗണ്ടിന്റെ വിറ്റുവരവുണ്ട്. വരും വർഷങ്ങളിൽ സ്വകാര്യ മേഖലയിൽ ശസ്ത്രക്രിയകൾക്കുള്ള ആവശ്യം ഗണ്യമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ അന്താരാഷ്ട്ര വിപുലീകരണം വഴി നാരായണ ഹെൽത്തിന് പുതിയ സാങ്കേതികവിദ്യകളും പ്രവർത്തനരീതികളും പഠിക്കാനും അതുവഴി ഇന്ത്യയിലെ തങ്ങളുടെ സേവനങ്ങൾ മെച്ചപ്പെടുത്താനും സാധിക്കും. ഇന്ത്യൻ കോർപ്പറേറ്റ് സ്ഥാപനങ്ങൾ ആഗോള തലത്തിൽ കൈവരിക്കുന്ന വളർച്ചയുടെ സൂചന കൂടിയാണ് ഈ ഏറ്റെടുക്കൽ.
വിദേശ സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ആരോഗ്യ രംഗത്ത് കൂടുതല്‍ നിക്ഷേപങ്ങള്‍ നടത്തുന്നതിനിടെയാണ്, ഇവിടെ നിന്നുളള സ്ഥാപനങ്ങള്‍ വിദേശങ്ങളില്‍ ചുവടുറപ്പിക്കുന്നത്. മലബാറിലെ ആരോഗ്യരംഗത്തെ മുന്‍നിരക്കാരായ മെയ്ത്ര ഹോസ്പിറ്റലിന്റെ ഓഹരികള്‍ ആഗോള നിക്ഷേപക സ്ഥാപനമായ കെ.കെ.ആര്‍ കഴിഞ്ഞ മാസം സ്വന്തമാക്കിയിരുന്നു. കോഴിക്കോടുള്ള ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിന്റെ 70 ശതമാനം ഓഹരികളും 2024ല്‍ കെകെആര്‍ ഏറ്റെടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം തൊടുപുഴയിലുള്ള ചാഴികാട്ട് ഹോസ്പിറ്റലും കമ്പനി സ്വന്തമാക്കി.
Narayana Health acquires UK-based Practice Plus Group Hospitals for ₹2,200 crore, marking a major global expansion from India.
Read DhanamOnline in English
Subscribe to Dhanam Magazine