സമ്പന്ന രാഷ്ട്രങ്ങളുമായി മത്സരിക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം: എന്‍.ആര്‍ നാരായണ മൂര്‍ത്തി

'സര്‍ക്കാര്‍ തലത്തിലെ അഴിമതിയും പദ്ധതികളുടെ കാലതാമസവും വികസനത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്ന ഘടകങ്ങള്‍'
സമ്പന്ന  രാഷ്ട്രങ്ങളുമായി മത്സരിക്കാന്‍ യുവാക്കള്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യണം: എന്‍.ആര്‍ നാരായണ മൂര്‍ത്തി
Published on

സമ്പന്ന രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്ക് മത്സരിക്കാനാകും, എന്നാല്‍ യുവാക്കള്‍ ആഴ്ചയിൽ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന് ഇന്‍ഫോസിസ് സ്ഥാപകനായ എന്‍.ആര്‍ നാരായണ മൂര്‍ത്തി. യൂട്യൂബില്‍ സംപ്രേഷണം ചെയ്ത 'ദി റെക്കോര്‍ഡ്' എന്ന പോഡ്കാസ്റ്റിലൂടെയാണ് രാഷ്ട്ര നിര്‍മാണം, സാങ്കേതികവിദ്യ, ഇന്‍ഫോസിസിന്റെ നാള്‍വഴികള്‍, ഇന്നത്തെ യുവജനതയെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുടങ്ങിയവയെല്ലാം അദ്ദേഹം വ്യക്തമാക്കിയത്.

ഇന്‍ഫോസിസ് മുൻ  സി.എഫ്.ഒ മോഹന്‍ദാസ് പൈയുമായുള്ള പോഡ്കാസ്റ്റ് സംഭാഷണത്തില്‍ ഇന്ത്യയുടെ തൊഴില്‍ ഉല്‍പ്പാദനക്ഷമത ലോകത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്നും നാരായണ മൂര്‍ത്തി പറഞ്ഞു. ചൈനയെപ്പോലുള്ള രാജ്യങ്ങളുമായി മത്സരിക്കുന്നതിന് രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ജപ്പാനും ജര്‍മനിയും ചെയ്തതുപോലെ, ഇന്ത്യയിലെ ചെറുപ്പക്കാരും അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടതുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇത്തരത്തിലായിരുന്നു, ''യുവാക്കളോടുള്ള എന്റെ അഭ്യര്‍ത്ഥന ഇങ്ങനെയാണ്. നിങ്ങള്‍ സ്വയം പറയണം,''ഇത് എന്റെ രാജ്യമാണ്, പുരോഗതിക്കായി ഞാന്‍ ആഴ്ചയില്‍ 70 മണിക്കൂര്‍ ജോലി ചെയ്യാന്‍ തയ്യാറാണ് എന്ന്''. സര്‍ക്കാരുകളുടെ അഴിമതിയും ഉദ്യോഗസ്ഥ തലത്തിലുള്ള കാലതാമസവും പോലുള്ള മറ്റ് പ്രശ്‌നങ്ങളെയും 77കാരനായ നാരായണ മൂര്‍ത്തി വിമര്‍ശിച്ചു.

പിന്തുണച്ച് ഓല സി.ഇ.ഒ

ഇന്ത്യയ്ക്ക് മുന്നേറാന്‍ യുവാക്കള്‍ 70 മണിക്കൂര്‍ ജോലി ചെയ്യണമെന്ന  നാരായണ മൂര്‍ത്തിയുടെ ഉപദേശം ശരിവച്ച് ഓല സി.ഇ.ഒ ഭവിഷ് അഗര്‍വാള്‍. നാരായണ മൂര്‍ത്തിയോട് യോജിച്ച് ഭവിഷ്  ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു- 'മിസ്റ്റര്‍ മൂര്‍ത്തിയുടെ കാഴ്ചപ്പാടുകളോട് പൂര്‍ണമായും യോജിക്കുന്നു. കുറച്ച് ജോലി ചെയ്ത് സ്വയം രസിപ്പിക്കാനുള്ള സമയമല്ല ഇത്. മറിച്ച്, മറ്റ് രാജ്യങ്ങള്‍ നിരവധി തലമുറകളായി വികസിപ്പിച്ചെടുത്ത പുരോഗതി ഈ ഒറ്റ തലമുറയില്‍ തന്നെ നമുക്കും വികസിപ്പിക്കാനുള്ള സമയമാണ്'' - ഭവിഷ് കുറിച്ചു.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com