Begin typing your search above and press return to search.
എട്ടു വര്‍ഷത്തെ ഉയരത്തില്‍ റബര്‍ വില
ഇന്ത്യന്‍ വിപണിയില്‍ റബ്ബറിന് വില കൂടുന്നു. നിലവില്‍ ആഭ്യന്തര വിപണിയില്‍ ഒരു കിലോഗ്രാം ആര്‍എസ്എസ്-4 റബ്ബറിന് 180 രൂപയാണ്. രാജ്യാന്തര വിപണിയില്‍ 140 രൂപയും. വിപണിയില്‍ റബ്ബറിന് നേരിട്ട ക്ഷാമമാണ് വില കയറാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. വിലക്കുറവും മഴയും കാരണം പല കര്‍ഷകരും ടാപ്പിംഗ് നടത്താത്തതും കാലാവസ്ഥാ വ്യതിയാനം മൂലം പാലിന്റെ അളവിലുണ്ടായ കുറവും റബ്ബറിന്റെ ക്ഷാമത്തിന് കാരണമായി.
എന്നാല്‍ മഴയുടെ ശക്തി ക്ഷയിച്ചു തുടങ്ങിയതോടെ കര്‍ഷകര്‍ വ്യാപകമായി ടാപ്പിംഗ് പുനരാരംഭിക്കുകയും റബര്‍ വിപണിയിലേക്ക് കൂടുതലായി എത്തിത്തുടങ്ങുകയും ചെയ്താല്‍ വില കുറയുമോ എന്ന ആശയങ്കയും ഉണ്ട്.
ആഭ്യന്തര വിപണിയില്‍ വില കൂടുതലും രാജ്യാന്തര വിപണിയില്‍ കുറവും ആയ സാഹചര്യത്തില്‍ ഇറക്കുമതി വ്യാപകമായാലും വിലയില്‍ ഇടിവുണ്ടായേക്കാം. മാത്രമല്ല, കോവിഡ് വ്യാപനവും റബര്‍ വിലയെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
പ്രമുഖ റബ്ബര്‍ ഉല്‍പ്പാദക രാജ്യങ്ങളില്‍ റീപ്ലാന്റ് ചെയ്തു തുടങ്ങിയതോടെ കഴിഞ്ഞ കുറച്ചു മാസങ്ങളായി വിപണിയില്‍ റബ്ബറിന്റെ വില ഉയര്‍ന്നു തുടങ്ങിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കിലോയ്ക്ക് 170 രൂപയിലെത്തിയ ശേഷം അതേ നിലയില്‍ തുടരുകയായിരുന്നു. ലഭ്യതയില്‍ വീണ്ടും കുറവ് വന്നതോടെ ഇപ്പോള്‍ എട്ടു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്.
Next Story
Videos