നാറ്റ് വെസ്റ്റ് കംമ്പ്യൂട്ടര്‍ വിദഗ്ധരെ തേടുന്നു; 3 വര്‍ഷത്തിനുള്ളില്‍ 3000 ഒഴിവുകള്‍
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ആഗോളതലത്തില്‍ ഏകദേശം 5,000 എന്‍ജിനീയര്‍മാരെ നിയമിക്കാന്‍ പദ്ധതിയിട്ട് യു.കെ ആസ്ഥാനമായുള്ള റീറ്റെയ്ല്‍ ബാങ്കിംഗ് കമ്പനിയായ നാറ്റ് വെസ്റ്റ് ഗ്രൂപ്പ് (NatWest group). പുതിയ എന്‍ജിനീയര്‍മാരില്‍ ഏകദേശം 3,000 പേരെ ഇന്ത്യയിലുള്ള കമ്പനിയുടെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററില്‍ (ജി.സി.സി) നിയമിക്കുമെന്ന് നാറ്റ് വെസ്റ്റ് ഗ്രൂപ്പിന്റെ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സ്‌കോട്ട് മാര്‍കാര്‍ പറഞ്ഞു.
നിയമനം ഈ മേഖലകളില്‍
ജാവ, പൈത്തണ്‍, ഡേറ്റാ എന്‍ജിനീയറിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സ്‌കില്‍, അനലിറ്റിക്സ് തുടങ്ങിയ എന്‍ജിനീയറിംഗ് മേഖലകളിലായിരിക്കും നിയമനമെന്നും സ്‌കോട്ട് മാര്‍കാര്‍ പറഞ്ഞു. ഉപയോക്താക്കള്‍ക്ക് ബാങ്കിംഗ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന് ഇന്ത്യയിലെ ഗ്ലോബല്‍ കേപ്പബിലിറ്റി സെന്ററിന്റെ നവീകരണവും ഡിജിറ്റല്‍ സംവിധാനങ്ങളുടെ വിപുലീകരണവും നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയ്ക്ക് വളരെ വലിയ പങ്ക്
നാറ്റ് വെസ്റ്റ് ഗ്രൂപ്പിന്റെ സാങ്കേതികവിദ്യയുടെ ഏതാണ്ട് 50 ശതമാനവും ഇന്ത്യയിലാണ്. അതുപോലെ 40% ധനകാര്യവും 80% വിപണി പ്രവര്‍ത്തനങ്ങളും ഇന്ത്യയില്‍ തന്നെ. അതുകൊണ്ട് തന്നെ ആഗോളതലത്തില്‍ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇന്ത്യ വളരെ വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് സ്‌കോട്ട് മാര്‍കാര്‍ പറഞ്ഞു. ആഗോളതലത്തില്‍ ഗ്രൂപ്പിന്റെ ഡിജിറ്റല്‍ വിഭാഗത്തിന് ഏകദേശം 22,000 ജീവനക്കാരുണ്ട്. അതില്‍ 50% ഇന്ത്യയിലാണെന്ന് നാറ്റ് വെസ്റ്റ് ഗ്രൂപ്പിന്റെ ഇന്റര്‍നാഷണല്‍ ഹബ്സ് തലവന്‍ പുനിത് സൂദ് പറഞ്ഞു.