ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ ഡീലിസ്റ്റിംഗിന് അനുമതി, എതിര്‍ പരാതികള്‍ തള്ളി; ഓഹരിക്ക് വീഴ്ച

ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ ഡീലിസ്റ്റിംഗിന് നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണല്‍ അനുമതി. രണ്ട് ഓഹരിയുടമകളുടെ പരാതി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിരേന്ദ്രസിംഗ് ജി ബ്ഷ്തും പ്രഭാത് കുമാറും നയിക്കുന്ന എന്‍.സി.എല്‍.ടി ബെഞ്ചിന്റെ ഉത്തരവ്.

2023 ജൂണിലാണ് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഡീലിസ്റ്റ് ചെയ്യാനും തുടര്‍ന്ന് മാതൃകമ്പനിയായ ഐ.സി.ഐ.സി.ഐ ബാങ്കിലേക്ക് ലയിക്കാനുമുള്ള പദ്ധതി അവതരിപ്പിച്ചത്. ഐ.സി.ഐ.സി.ഐ ബാങ്കിന്റെ ബോര്‍ഡ് പദ്ധതി അംഗീകരിക്കുകയും ചെയ്തു. ഈ വര്‍ഷം മാര്‍ച്ചില്‍ കമ്പനിയുടെ ഓഹരിയുടമകളും പദ്ധതി അംഗീകരിച്ചു. മൈനോരിറ്റി നിക്ഷേപകരുടെ 72 ശതമാനവും അനുകൂലമായി വോട്ട് ചെയ്തു.
ഡീലിസ്റ്റിംഗ് ചെയ്യുന്നതോടെ ഐ.സി.ഐ.സി.ഐ ബാങ്കിന്റെ പൂര്‍ണ സബ്‌സിഡിയറിയായി ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് മാറും. ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ 100 ഓഹരികള്‍ക്ക് ഐ.സി.ഐ.സി.ഐ ബാങ്കിന്റെ 67 ഓഹരികള്‍ വീതം നല്‍കാനാണ് ഡീലിസ്റ്റിംഗ് പദ്ധതി പ്രകാരം തീരുമാനച്ചിരിക്കുന്നത്.

എതിര്‍പ്പുമായി ഇവര്‍

ക്വാണ്ടം മ്യൂച്വല്‍ഫണ്ടും നിക്ഷേപകനായ മനു റിഷി ഗുപ്തയുമാണ് ഡീലിസ്റ്റിംഗിനെ എതിര്‍ത്ത് പ്രത്യേകം പരാതികള്‍ നല്‍കിയത്. ഡീലിസ്റ്റിംഗ് പ്രഖ്യാപിക്കുന്ന സമയത്ത് ഓഹരി വില വാല്വേഷനിലുണ്ടാകുന്ന സമ്മര്‍ദ്ദം മൈനോരിറ്റി ഓഹരി ഉടമകളെ വിപരീതമായി ബാധിക്കുമെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. ഗുപ്തയ്ക്ക് 0.002 ശതമാനവും ക്വാണ്ടം ഫണ്ടിന് 0.08 ശതമാനവും ഓഹരിയാണ് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിലുള്ളത്. എന്നാല്‍ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഈ വാദത്തെ എതിര്‍ക്കുകയാണ് ചെയ്തത്.
വാര്‍ത്തകളെ തുടര്‍ന്ന് ഇന്ന് ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസ് ഓഹരി 5.81 ശതമാനം ഇടിഞ്ഞ് 798.90 രൂപയിലാണ് വ്യാപാരം നടത്തുന്നത്.


Related Articles
Next Story
Videos
Share it