എന്‍ഡിടിവി അദാനിക്ക് സ്വന്തമാകുമ്പോള്‍ ചാനലിന്റെ ശക്തികേന്ദ്രങ്ങളായിരുന്ന പ്രണോയ് റോയിയും രാധിക റോയിയും പുറത്തേക്ക്

എന്‍ഡിടിവി സ്ഥാപകരും പ്രമോട്ടര്‍മാരുമായ പ്രണോയ് റോയിയും ഭാര്യ രാധിക റോയിയും ചാനലിന്റെ മുഖ്യ പ്രമോട്ടര്‍മാരായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച്) ഡയറക്ടര്‍ സ്ഥാനത്ത് നിന്നും രാജിവച്ചു. ഈ വിവരം കമ്പനി ചൊവ്വാഴ്ച നടത്തിയ റെഗുലേറ്ററി ഫയലിംഗില്‍ അറിയിച്ചു. ആര്‍ആര്‍പിഎല്‍ ഹോള്‍ഡിംഗ്‌സിനെ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിനു പിന്നാലെയാണ് രാജി.

ബിഎസ്ഇ വെബ്സൈറ്റ് പ്രകാരം പ്രണോയ് റോയി എന്‍ഡിടിവിയുടെ ചെയര്‍പേഴ്സണും രാധിക റോയ് എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു. എന്‍ഡിടിവി സ്ഥാപകരായ രാധികയും പ്രണോയ് റോയിയും ഓഗസ്റ്റില്‍ അദാനി ഏറ്റെടുത്ത ഒരു കമ്പനിയില്‍ നിന്ന് 4 ബില്യണ്‍ ഇന്ത്യന്‍ രൂപ (49.00 ദശലക്ഷം ഡോളര്‍) വായ്പ എടുത്തിരുന്നു. പകരമായി, എന്‍ഡിടിവിയിലെ 29.18 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ കമ്പനിയെ അനുവദിച്ചുകൊണ്ട് അവര്‍ കരാര്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ഇപ്പോഴുള്ളത് ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളാണ്.

സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവരെ ഡയറക്ടര്‍മാരായി നിയമിക്കാന്‍ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിന്റെ ബോര്‍ഡ് അനുമതി നല്‍കിയതായി എന്‍ഡിടിവിയുടെ എക്സ്ചേഞ്ച് ഫയലിംഗില്‍ പറയുന്നു.എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയ അദാനി ഗ്രൂപ്പ് മറ്റ് ഓഹരി ഉടമകളില്‍ നിന്നും 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ നടത്തുകയാണ്.

ഈ വര്‍ഷം ഓഗസ്റ്റിലാണ് അദാനി ഗ്രൂപ്പിന് ആര്‍ആര്‍പിഎല്ലിന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചത്. അദാനിക്ക് ആവശ്യമായ 26 ശതമാനം ഓഹരി ലഭിക്കുകയാണെങ്കില്‍. എന്‍ഡിടിവിയില്‍ അദാനി ഗ്രൂപ്പിന്റെ മൊത്തം ഓഹരി 55.18 ശതമാനമായി ഉയരും. ഇത് എന്‍ഡിടിവിയുടെ മാനേജ്‌മെന്റ് നിയന്ത്രണം ഏറ്റെടുക്കാന്‍ അദാനിയെ പ്രാപ്തരാക്കും. എന്‍ഡിടിവിയില്‍ പ്രണോയ് റോയിക്കും രാധികയ്ക്കും ഇതിന് പുറമേ 32.26 ശതമാനം ഓഹരിയുണ്ട്.

അദാനി ഗ്രൂപ്പിന് എന്‍ഡിടിവിയുടെ 29.18 ശതമാനം ഓഹരികളുടെ നിയന്ത്രണമാണ് നിലവിലുള്ളത്. നവംബര്‍ 22 ന് ആരംഭിച്ച ഓപ്പണ്‍ ഓഫറില്‍ ഇതുവരെ 5.3 ദശലക്ഷം ഓഹരികള്‍ അല്ലെങ്കില്‍ 16.7 ദശലക്ഷം ഓഹരികളുടെ ഇഷ്യു വലുപ്പത്തിന്റെ 31.78 ശതമാനം ഓഹരി ഉടമകള്‍ ടെന്‍ഡര്‍ ചെയ്തു കഴിഞ്ഞതായി എക്‌സ്‌ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നു.

ഓഗസ്റ്റില്‍, അദാനി ഗ്രൂപ്പ് ഏറ്റെടുത്ത വിസിപിഎല്‍, വാറന്റുകള്‍ പ്രൊമോട്ടര്‍ ഗ്രൂപ്പ് കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗിലെ ഇക്വിറ്റി ഓഹരിയാക്കി മാറ്റുന്നതിലൂടെ എന്‍ഡിടിവിയില്‍ 29.18 ശതമാനം പരോക്ഷ ഓഹരി സ്വന്തമാക്കാനുള്ള അവകാശം വിനിയോഗിച്ചതായി പറഞ്ഞിരുന്നു.

ഏഷ്യയിലെ ഏറ്റവും ധനികനായ ഗൗതം അദാനിയുടെ നേതൃത്വത്തില്‍ എന്‍ഡിടിവിയെ ഒരു അന്താരാഷ്ട്ര മീഡിയ ഗ്രൂപ്പാക്കി മാറ്റാന്‍ താന്‍ ഉദ്ദേശിക്കുന്നതായും പ്രണോയ് റോയിയെ അധ്യക്ഷനായി തുടരാന്‍ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്.

Related Articles
Next Story
Videos
Share it