ഗൾഫ് പ്രതിസന്ധിയിൽ ആടിയുലഞ്ഞ് അയല്‍രാജ്യം; വിപണികളെ ഞെട്ടിച്ച് പലിശനിരക്കിൽ വൻ വർധന

സാധാരണക്കാരായ ജനങ്ങള്‍ക്കും ബിസിനസ് മേഖലയ്ക്കും വായ്പാനിരക്കുകള്‍ ഉയരുന്നത് വരും ദിവസങ്ങളില്‍ വലിയ തിരിച്ചടിയാകും
A dramatic economic illustration showing Sri Lanka’s flag beside a central bank building, oil barrels, and a fuel nozzle against a dark global market backdrop.
Published on

ആഗോള ഇന്ധനവിലക്കയറ്റവും പശ്ചിമേഷ്യയിലെ (ഗള്‍ഫ്) രാഷ്ട്രീയ സംഘര്‍ഷങ്ങളും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കടുത്ത നടപടികളുമായി ശ്രീലങ്കന്‍ കേന്ദ്രബാങ്ക്. വിപണി വിദഗ്ധരുടെ പ്രവചനങ്ങളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്ക് (CBSL) മുഖ്യ പലിശനിരക്കായ ഓവര്‍നൈറ്റ് പോളിസി റേറ്റ് (Overnight Policy Rate) ഒറ്റയടിക്ക് 100 ബേസിസ് പോയിന്റ് (1 ശതമാനം) വര്‍ധിപ്പിച്ചു. ഇതോടെ രാജ്യത്തെ പലിശനിരക്ക് 7.75 ശതമാനത്തില്‍ നിന്നും 8.75 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പണപ്പെരുപ്പം നിയന്ത്രിക്കാനും മൂല്യം ഇടിയുന്ന ശ്രീലങ്കന്‍ രൂപയെ താങ്ങിനിര്‍ത്താനുമാണ് ഈ അടിയന്തര നീക്കം.

ക്രൂഡ് ഓയില്‍ വില വില്ലനായി

പശ്ചിമേഷ്യയിലെ യുദ്ധസമാനമായ അന്തരീക്ഷം ആഗോളതലത്തില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരാന്‍ കാരണമായി. പൂര്‍ണ്ണമായും ഇറക്കുമതി ഇന്ധനത്തെ ആശ്രയിക്കുന്ന ശ്രീലങ്കയ്ക്ക് ഇത് കനത്ത പ്രഹരമായി. ഊര്‍ജ്ജ പ്രതിസന്ധി രൂക്ഷമായതോടെ രാജ്യത്ത് ഇന്ധനവിലയില്‍ 40 ശതമാനത്തിന്റെ വര്‍ധനയാണ് വരുത്തിയത്. ഇന്ധനം ലാഭിക്കുന്നതിനായി ബുധനാഴ്ചകളില്‍ രാജ്യത്ത് പൊതു അവധി വരെ പ്രഖ്യാപിക്കേണ്ടി വന്നു.

രാജ്യത്തെ വാര്‍ഷിക പണപ്പെരുപ്പം മാര്‍ച്ചിലെ 2.2 ശതമാനത്തില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ 5.4 ശതമാനമായി കുതിച്ചുയര്‍ന്നു. വരും മാസങ്ങളിലും ഇത് ഉയര്‍ന്ന നിലയില്‍ തുടരുമെന്നാണ് കേന്ദ്രബാങ്കിന്റെ വിലയിരുത്തല്‍.

മെയ് മാസത്തിലെ കണക്കുകള്‍ പ്രകാരം, മാര്‍ച്ച് അവസാന വാരത്തെ അപേക്ഷിച്ച് ശ്രീലങ്കന്‍ രൂപയുടെ മൂല്യത്തില്‍ 8.7 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ വിദേശ നാണയ ശേഖരത്തില്‍ 3.8 ശതമാനത്തിന്റെ കുറവുണ്ടാവുകയും, ഇത് 6.7 ബില്യണ്‍ ഡോളറായി താഴുകയും ചെയ്തു.

സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും?

2022-ലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും അന്താരാഷ്ട്ര നാണയ നിധിയുടെ (IMF) 2.9 ബില്യണ്‍ ഡോളറിന്റെ സഹായത്തോടെ പച്ചപിടിച്ചു വരികയായിരുന്നു ശ്രീലങ്ക. എന്നാല്‍ പുതിയ പലിശവര്‍ധ് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയെ ബാധിക്കും. കേന്ദ്രബാങ്ക് വളര്‍ച്ചയേക്കാള്‍ കൂടുതല്‍ വിലസ്ഥിരതയ്ക്ക് പ്രാധാന്യം നല്‍കാന്‍ തുടങ്ങിയതോടെ, രാജ്യത്തിന്റെ 2026-ലെ ജിഡിപി (GDP) വളര്‍ച്ചാ നിരക്ക് മുന്‍പ് പ്രവചിച്ച 4.2 ശതമാനത്തില്‍ നിന്നും 3.0 ശതമാനമായി വിപണി വിദഗ്ധര്‍ കുറച്ചിട്ടുണ്ട്.

ഐ.എം.എഫില്‍ നിന്നും 700 മില്യണ്‍ ഡോളറിന്റെ അടുത്ത ഗഡു ധനസഹായം ലഭിക്കുന്നതിനെക്കുറിച്ചുള്ള നിര്‍ണായക യോഗം നാളെ നടക്കാനിരിക്കെയാണ് ശ്രീലങ്കന്‍ കേന്ദ്രബാങ്കിന്റെ ഈ നാടകീയ നീക്കം. പലിശനിരക്ക് ഉയര്‍ത്തിയത് വഴി വിപണിയിലെ പണലഭ്യത കുറയ്ക്കാനും അതുവഴി ഇറക്കുമതി നിയന്ത്രിച്ച് ഡോളര്‍ ചോര്‍ച്ച തടയാനും ശ്രീലങ്കയ്ക്ക് സാധിച്ചേക്കും. എങ്കിലും സാധാരണക്കാരായ ജനങ്ങള്‍ക്കും ബിസിനസ് മേഖലയ്ക്കും വായ്പാനിരക്കുകള്‍ ഉയരുന്നത് വരും ദിവസങ്ങളില്‍ വലിയ തിരിച്ചടിയാകും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com