Begin typing your search above and press return to search.
ജീവനക്കാരെ കുറച്ച് മലയാളി സ്റ്റാർട്ട് അപ്പ് 'ഓപ്പൺ': പ്രൊമോട്ടർമാരുടെ ശമ്പളം പാതിയാക്കി
കേരളത്തില്‍ നിന്നുള്ള പ്രമുഖ ബിസിനസ് ബാങ്കിംഗ് പ്ലാറ്റഫോമായ 'ഓപ്പണ്‍' തൊഴില്‍ നൈപുണ്യം വിലയിരുത്തി 47 ജീവനക്കാരെ പിരിച്ചു വിട്ടു. പ്രവര്‍ത്തനം പരമാവധി മെച്ചപ്പെടുത്തുന്നതിനും മികച്ച ടീമിനെ കണ്ടെത്തുന്നതിനും വേണ്ടി നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടിയെന്ന് കമ്പനിയുടെ പ്രസ്താവനയില്‍ പറയുന്നു.
അതേ സമയം കമ്പനിയുടെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്ന മാര്‍ക്കറ്റിംഗ്, പ്രോഡക്റ്റ്, സെയില്‍സ് വിഭാഗങ്ങളില്‍ മികച്ച രീതിയില്‍ നിയമനം നടന്നു വരികയാണെന്നും ഓപ്പണ്‍ സാരഥികള്‍ പറയുന്നു. കമ്പനിയുടെ വളര്‍ച്ചയും ലാഭക്ഷമതയും ഉയര്‍ത്താന്‍ ലക്ഷ്യമിട്ട് സ്ഥാപകരുടെ ശമ്പളത്തില്‍ 50 ശതമാനം കുറവും കമ്പനി വരുത്തിയിട്ടുണ്ട്.
ശമ്പളം കുറച്ചില്ല
നിലവിലുള്ള ജീവനക്കാരുടെ ശമ്പളത്തില്‍ കമ്പനി കുറവ് വരുത്തിയിട്ടില്ല. ജീവനക്കാരുടെ പുന:സംഘടന തൊഴില്‍ മികവ് (പെര്‍ഫോമന്‍സ് ഇവാലുവേഷന്‍)മാത്രം കണക്കാക്കിയാണെന്നും മികച്ച പ്രകടനം കാഴ്ചവച്ച ജീവനക്കാര്‍ക്ക് 20 മുതല്‍ 30 ശതമാനം വരെ ശമ്പള വര്‍ധനയും എംപ്ലോയി സ്‌റ്റോക്ക് ഓപ്ഷന്‍ പദ്ധതികളും നല്‍കിയിട്ടുണ്ടെന്നും പുതിയ മാറ്റങ്ങളെ കുറിച്ച് സംസാരിക്കവേ ഓപ്പണിന്റെ സഹസ്ഥാപകനും സി.ഇ.ഒയുമായ അനീഷ് അച്യുതന്‍ പറഞ്ഞു.
ലാഭക്ഷമതയില്‍ മികവ് കാട്ടുന്ന ചുരുക്കം സ്റ്റാര്‍പ്പുകളിലൊന്നാണ് ഓപ്പണ്‍ എന്നും നിലവില്‍ വിപണി അവസ്ഥകള്‍ക്ക് അനുസരിച്ച് 30 മാസത്തേക്കുള്ള പ്രവര്‍ത്തന ചെലവിനുള്ള പണം കമ്പനിയുടെ കൈവശമുണ്ടെന്നും അദ്ദേഹം പ്രസ്ഥാവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഫണ്ടിംഗിലെ കുറവ് കമ്പനികളെ ബാധിക്കുന്നു
നിക്ഷേപമൊഴുക്കില്‍ 2022 ല്‍ തുടങ്ങിയ കുറവ് 2023 ലും തുടരുന്നതോടെ പണം സംരക്ഷിച്ചു നിര്‍ത്താന്‍ ജീവനക്കാരെ പിരിച്ചുവിടുന്ന നിരവധി സ്റ്റാര്‍ട്ടപ്പുകളിലൊന്നാണ് ഓപ്പണ്‍. 2022 ല്‍ ആഗോളതലത്തില്‍ വമ്പന്‍ കമ്പനികളും സ്റ്റാര്‍ട്ടപ്പുകളുമുള്‍പ്പെടെ ഏകദേശം 1,024 ടെക് കമ്പനികളിലായി 1,54,336 ജീവനക്കാരെ പിരിച്ചുവിട്ടതായാണ് കണക്ക്. ടെക് കമ്പനികളെ സംബന്ധിച്ച് കഴിഞ്ഞ ഒരു ദശാബദത്തിനിടെ ഉണ്ടായ ഏറ്റവും മോശം വര്‍ഷമായിരുന്നു 2022.
മുന്‍കാലങ്ങളിലെ എല്ലാ റെക്കോര്‍ഡും തകര്‍ത്താണ് കഴിഞ്ഞ വര്‍ഷത്തെ പിരിച്ചുവിടല്‍. റീറ്റെയ്ല്‍, കണ്‍സ്യൂമര്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍, ഫിനാന്‍സ് എന്നീ മേഖലകളുമായി ബന്ധപ്പെട്ട ടെക് കമ്പനികളിലെയെല്ലാം ജീവനക്കാര്‍ പ്രശ്‌നത്തിലായി.
Next Story
Videos