കേരള കമ്പനിയായ നെസ്‌ട്രോണ്‍ ഇനി മിഡിൽ ഈസ്റ്റിലേക്കും
കേരളത്തിലെ പ്രമുഖ ഹോം അപ്ലയന്‍സസ് ബ്രാന്‍ഡ് ആയ നെസ്‌ട്രോണ്‍ ടെക്‌നോളജി മിഡിൽ ഈസ്റ്റിലേക്ക് വിപണി വ്യാപിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. കോഴിക്കോട് ആസ്ഥാനമായുള്ള നെസ്‌ട്രോണ്‍ നിലവില്‍ കേരളത്തിന് പുറമേ തമിഴ് നാട് (ചെന്നൈ, കോയമ്പത്തൂര്‍), കര്‍ണാടകം (മംഗലാപുരം) വിപണികളില്‍ ശക്തമായ സാന്നിധ്യമാണ്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനുള്ളില്‍ കമ്പനി എല്ലാ രംഗത്തും മികച്ച വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്റ്റര്‍ അബ്ദുള്‍ കരീം പറയുന്നു. ”വിറ്റുവരവില്‍ 50 ശതമാനത്തോളം വര്‍ധന ഇക്കാലയളവില്‍ നേടാന്‍ സാധിച്ചു. മാത്രമല്ല, ഡീലർമാരുടെയും ഡിസ്ട്രിബ്യൂട്ടര്‍മാരുടെയും ഉപഭോക്താക്കളുടെയും എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ടായി. ബ്രാന്‍ഡ് പ്രതിച്ഛായ വളര്‍ത്താൻ സാധിച്ചിട്ടുണ്ട്,” അബ്ദുള്‍ കരീം വിശദീകരിക്കുന്നു.
കമ്പനിയുടെ വിറ്റുവരവ് അഞ്ച് വര്‍ഷത്തിനുള്ളില്‍ 2500 കോടി രൂപയാക്കാനാണ് അബ്ദുള്‍ കരീം ലക്ഷ്യമിടുന്നത്. ”അഞ്ചുവര്‍ഷത്തിനുള്ളില്‍ ഓഹരി വിപണിയില്‍ ലിസ്റ്റിംഗ് നടത്താനും പദ്ധതിയുണ്ട്. വിപുലീകരണ പദ്ധതികളുടെ ഭാഗമായാണ് മിഡിൽ ഈസ്റ്റ് വിപണിയിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്നത്,” അബ്ദുള്‍ കരീം വിശദീകരിക്കുന്നു.
2009ല്‍ പ്രവര്‍ത്തനം ആരംഭിച്ച നെസ്‌ട്രോണിന്റെ രണ്ട് നിര്‍മാണ യൂണിറ്റുകള്‍ കോഴിക്കോട് പ്രവര്‍ത്തിക്കുന്നുണ്ട്. ”വാഷിംഗ് മെഷീന്‍ നിര്‍മാണത്തിന് പുതിയ യൂണിറ്റ് ആരംഭിക്കും. എയര്‍ കണ്ടീഷണറുകളും വിപണിയിലിറക്കാന്‍ പദ്ധതിയുണ്ട്,” അബ്ദുള്‍ കരീം പറയുന്നു. നിലവില്‍ നെസ്‌ട്രോണ്‍ ബ്രാന്‍ഡില്‍ 60 ഓളം ഉല്‍പ്പന്നങ്ങള്‍ വിപണിയിലുണ്ട്. അഞ്ചുവര്‍ഷത്തിനുള്ളില്‍ ബ്രാന്‍ഡഡ് റീറ്റെയ്ല്‍ സ്റ്റോറുകളും തുറക്കാന്‍ പദ്ധതിയുണ്ട്.
കിടയറ്റ വില്‍പ്പനാന്തര സേവനം ലഭ്യമാക്കിയാല്‍ ബഹുരാഷ്ട്ര കമ്പനികളില്‍ നിന്നുള്ള മത്സരങ്ങളെ അതിജീവിച്ച് ഉപഭോക്താക്കളെ കൂടെ നിര്‍ത്താന്‍ സാധിക്കുമെന്ന് അബ്ദുള്‍ കരീം കൂട്ടിച്ചേര്‍ക്കുന്നു.
കിച്ചണ്‍ അപ്ലയന്‍സെസ് (ഗ്യാസ് സ്റ്റവ്, ഇന്‍ഡക്ഷന്‍ കുക്കര്‍, റൈസ് കുക്കര്‍, പ്രഷര്‍ കുക്കര്‍, ഫ്‌ലാസ്‌ക്, ഇലക്ട്രിക്ക് കെറ്റില്‍), എന്റര്‍ടൈന്‍മെന്റ് (ഹോം തിയേറ്ററ്റര്‍, ഡിവിഡി, കാര്‍ സ്റ്റീരിയോ), ഹോം അപ്ലയന്‍സെസ് (എമര്‍ജന്‍സി ലൈറ്റ്, ഫാന്‍, വാഷിംഗ് മെഷീന്‍), പേര്‍സണല്‍ കെയര്‍ (ട്രിമ്മര്‍) എന്നീ നാല് വിഭാഗങ്ങളിലായാണ് നെസ്‌ട്രോണ്‍ ഉല്‍പ്പന്നങ്ങളുള്ളത്.
നെസ്‌ട്രോണ്‍ വില്‍ക്കുന്ന 80 ശതമാനം ഉല്‍പ്പന്നങ്ങളുടെയും നിര്‍മാണം കേരളത്തില്‍ തന്നെ നടത്തുക എന്നതാണ് കമ്പനിയുടെ മറ്റൊരു പ്രധാന ലക്ഷ്യം.