ഇടനിലക്കാർ വേണ്ട, ഏല കർഷകർക്ക് തുണയായി പുതിയ കാർഷിക നിയമം

കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങളിലെ ഒന്ന് കേരളത്തിലെ ആയിരക്കണക്കിന് ഏല കർഷകർക്ക് ആശ്വാസമാകുകയാണ്. ലേല കേന്ദ്രങ്ങൾ എന്ന ഇടനില സംവിധാനം ഒഴിവാക്കി കർഷകർക്ക് ഇപ്പോൾ നേരിട്ട് ഏലം ഇന്ത്യയിൽ എവിടെയും വിൽക്കാൻ കഴിയും. ഇത് മൂലം ഏലത്തിനു മുന്തിയ വില ഉറപ്പാക്കാൻ ഇവർക്ക് കഴിയുന്നുണ്ട്.

പുതിയ ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് നിയമം നിലവിൽ വന്ന സെപ്റ്റംബറിന് ശേഷമുള്ള മൂന്നു മാസത്തിനുള്ളിൽ ഇടുക്കി ജില്ലയിലുള്ള ഏകദേശം 5,000-ൽ അധികം കർഷകർ ഇപ്പോൾത്തന്നെ ഇതിന്റെ പ്രയോജനം ലഭ്യമാക്കുന്നതായി കർഷക സംഘടനകൾ പറയുന്നു. നിയമത്തിൽ വ്യവസ്ഥ ചെയ്തിരിക്കുന്ന പ്രൊഡ്യൂസഴ്സ് കമ്പനി രൂപികരിച്ചു അല്ലെങ്കിൽ പ്രൊഡ്യൂസഴ്സ് ഓർഗനൈസേഷൻ വഴിയാണ് ഈ കർഷകർ ഇപ്പോൾ ഏലം വിൽക്കുന്നത്.

തങ്ങളുടെ അംഗങ്ങളായ 200-ൽ അധികം കർഷകർ 50,000 കിലോ ഏലം കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇപ്രകാരം കച്ചവടം നടത്തിയതായി വണ്ടന്മേട് ഗ്രീൻ ഗോൾഡ് കാർഡമം പ്രൊഡ്യൂസഴ്സ് കമ്പനി ചെയർമാൻ അഡ്വ കെ എസ് മാത്യു പറയുന്നു. "തങ്ങളുടെ സോഫ്റ്റ്‌വെയർ ഉപയോഗിച്ച് അംഗങ്ങൾക്ക് ഇന്ത്യയിൽ എവിടെയും ഏലം ഓൺലൈനിൽ വിൽക്കാൻ ഇപ്പോൾ സാധിക്കും. ഇടനിലക്കാരെ ഒഴിവാക്കി ഉല്പാദകന്റെ കൈയ്യിൽ നിന്ന് നേരിട്ട് ഉപഭോക്താവിന് ഇപ്പോൾ ഏലം വാങ്ങാം," മാത്യു പറയുന്നു.

മുൻപ് സ്‌പൈസസ് ബോർഡിൻറെ രജിസ്ട്രേഷനുള്ള ലേല കേന്ദ്രങ്ങൾ മാത്രമായിരുന്നു കർഷകർക്ക് ആശ്രയം. എന്നാൽ പുതിയ നിയമം അനുസരിച്ചു ജി സ് ടി രജിസ്ട്രേഷൻ ഉള്ള കർഷകന് ഇന്ത്യയിൽ എവിടെയും ഏതളവിലും ഉത്പന്നങ്ങൾ വിൽക്കാം. വിൽപ്പനക്ക് ശേഷം മൂന്നു ദിവസത്തിനുള്ളിൽ പണം അക്കൗണ്ടിൽ വരും. മുൻപ് ഇതിനു 21 ദിവസം വരെ കാത്തിരിക്കേണ്ടി വരുമായിരുന്നു.

ന്യായവില ഉറപ്പു വരുത്താൻ സാധിക്കുന്നതിനാൽ കൂടുതൽ കർഷകർ പഴയ ലേല കേന്ദ്രങ്ങൾ ഉപേക്ഷിച്ചു പുതിയ സംവിധാനത്തിലേക്ക് കടന്നു വരുന്നുണ്ട്. ഈ മേഖലകളിലെ ചെറുതും വലുതുമായ ഏലം കര്‍ഷകര്‍ ലേല കേന്ദ്രങ്ങളിലെ ഇടനിലക്കാരുടെ ചൂഷണത്തിലും വിലയിലെ അനിശ്ചിതത്വത്തിലും നട്ടം തിരയുകയായിരുന്നു. "ഏലത്തിന്റെ ഗ്രേഡിംഗ് നിശ്ചയിച്ചിരുന്നത് ഈ ലേല കേന്ദ്രങ്ങളിലൂടെ ഇടനിലക്കാരായിരുന്നു. കൂടാതെ വിലയും നിയന്ത്രിച്ചിരുന്നത് ഇവരാണ്. എന്നാൽ പുതിയ സംവിധാനം കർഷകർക്ക് മികച്ച വില ഉറപ്പുവരുത്തുന്നുണ്ട്," ഇടുക്കിയിലെ ഏലം കർഷകനായ ജോസ് തോമസ് പറഞ്ഞു.

മുൻപ് വൻകിട കർഷകർ കയ്യടക്കിയിരുന്ന ഇടുക്കിയിലെ ഏലം മേഖലയിൽ ഇപ്പോൾ കൂടുതലും ചെറുകിട കർഷകരാണെന്നും അദ്ദേഹം പറയുന്നു. ഉയർന്ന വില ലഭിക്കുന്നതിനാൽ രണ്ടും മൂന്നും ഏക്കർ പാട്ടത്തിനെടുത്തു ഏലം കൃഷി ചെയ്യുന്ന ധാരാളം കർഷകർ ഇപ്പോൾ ഇടുക്കിയിലും തമിഴ്‌നാടിന്റെ സമീപ പ്രദേശങ്ങളിലും ഉണ്ട്.

കൂടാതെ കർഷകരുടെ നേത്രത്വത്തിലുള്ള പ്രൊഡ്യൂസഴ്സ് കമ്പനികളിൽ ഡ്രയർ പോലെയുള്ള സംവിധാനങ്ങൾ ഉണ്ട്. സ്വന്തമായി ഡ്രയർ ഇല്ലാത്ത കർഷകർക്ക് ഇത് ഉപയോഗിക്കാൻ കഴിയും. മൂല്യ വർധിത ഉത്പന്നങ്ങൾ ഉണ്ടാക്കാനും പല കമ്പനികളും തയ്യാറാവുന്നുണ്ട്.

"പുതിയ നിയമപ്രകാരമുള്ള പ്രൊഡ്യൂസഴ്സ് കമ്പനി അല്ലെങ്കിൽ ഓർഗനൈസേഷൻ രൂപീകരിക്കുന്നതിന് കേന്ദ്ര സർക്കാർ 18 ലക്ഷം രൂപ ധനസഹായം നൽകുന്നുണ്ട്. ശമ്പളം, വാടക തുടങ്ങിയ കാര്യങ്ങൾക്ക് ഈ തുക ഉപയോഗിക്കാൻ കഴിയും. കൂടാതെ ഈടു കൊടുക്കാതെ കേന്ദ്ര സർക്കാർ ഗ്യാരന്റിയിൽ രണ്ടു കോടി രൂപ വായ്പ കൊടുക്കുവാനുമുള്ള വ്യവസ്ഥയുണ്ട്," ബി ജെ പിയുടെ നേത്രത്വത്തിലുള്ള കർഷകമോർച്ചയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ എസ്. ജയസൂര്യൻ പറഞ്ഞു.

"ഒരു ലക്ഷം കോടി രൂപയാണ് ഇത്തരം കമ്പനികൾക്കുള്ള ധനസഹായത്തിനായി കേന്ദ്ര സർക്കാർ മാറ്റി വച്ചിരിക്കുന്നത്. പരമ്പരാഗത ചിന്താഗതിയിൽ നിന്ന് മാറി കൃഷിയെ ഒരു വ്യവസായമായി മാറ്റാനുള്ള ശ്രമമാണ് ഇതിനു പിന്നിൽ," ജയസൂര്യൻ ചൂണ്ടിക്കാട്ടി. പുതിയ കേന്ദ്ര കാർഷിക നിയമങ്ങൾ കർഷക വിരുദ്ധമാണെന്നുള്ളത് വെറും ദുഷ്പ്രചരണം മാത്രമാണ്, അദ്ദേഹം പറഞ്ഞു.

"ഈ നിയമങ്ങൾ കൊണ്ട് ഗുണമേയുള്ളു എന്ന് ഇടുക്കിയിലെ ഏല കർഷകർ ഇതിനകം തന്നെ തെളിയിച്ചു കഴിഞ്ഞു," ജയസൂര്യൻ പറഞ്ഞു.

2020-ലെ ഫാർമേഴ്‌സ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കോമേഴ്‌സ് നിയമനിർമ്മാണത്തിന് മുമ്പ്, ഇന്ത്യയിൽ കാർഷിക വ്യാപാരം എപിഎംസി മാർക്കറ്റ് യാർഡുകളിൽ (മൻഡിസ്) മാത്രമേ നടത്താൻ കഴിഞ്ഞിരുന്നുള്ളു. എന്നാൽ , പുതിയ നിയമം ഫാം ഗേറ്റുകൾ, ഫാക്ടറികൾ, വെയർഹൗസുകൾ, കോൾഡ് സ്റ്റോറേജുകൾ എന്നിങ്ങനെയുള്ള "പുറത്തുള്ള മേഖലകളിൽ" വ്യാപാരം നടത്താൻ അനുവദിക്കുന്നു. കൂടാതെ കർഷകർ, വ്യാപാരികൾ, ഇലക്ട്രോണിക് വ്യാപാരം എന്നിവയ്ക്ക് മാർക്കറ്റ് ഫീസോ സെസ്സോ ഈടാക്കുന്നതിൽ നിന്ന് സംസ്ഥാന സർക്കാരുകളെ വിലക്കുന്നു.

എന്നാൽ ഈ നിയമം ഉൾപ്പെടെയുള്ള മൂന്നു കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു പഞ്ചാബിൽ നിന്നും ഹരിയാനയിൽ നിന്നുമുള്ള കർഷകർ ഡൽഹിയിൽ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കുകയാണ്. പുതിയ നിയമങ്ങൾ പ്രയോജനപ്പെടുത്തി കാർഷിക രംഗം കോർപറേറ്റുകൾ കയ്യടക്കും എന്നാണ് കർഷകരുടെ പ്രധാന ആക്ഷേപം.

പുതിയ നിയമം കൊണ്ടുവന്ന് കേന്ദ്രസർക്കാർ ഈ മൂന്ന് നിയമങ്ങൾ പിൻവലിക്കുകയോ അല്ലെങ്കിൽ തങ്ങളുടെ വിളകൾക്ക് കുറഞ്ഞ പിന്തുണ വില (Minimum Support Price) ഉറപ്പ് നൽകുകയോ ചെയ്യണമെന്നുള്ളതാണ് കർഷകരുടെ ആവശ്യം.


Related Articles

Next Story

Videos

Share it