2 പുതിയ ഐ.ടി പാര്‍ക്കുകള്‍, ഒരു ലക്ഷം തൊഴിലവസരങ്ങള്‍; വരുന്നു പുത്തന്‍ ഐ.ടി നയം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഡേറ്റ സയന്‍സ് അടക്കമുള്ള മേഖലകള്‍ക്ക് ഊന്നല്‍ നല്‍കി കേരളത്തിന് പുതിയ ഐ.ടി നയം വരുന്നു. ഐടി ചുമതല വഹിക്കുന്ന മുഖ്യമന്ത്രിക്ക് മുന്നില്‍ കരട് പരിശോധനയ്ക്കായി സമര്‍പ്പിച്ചു. കൂടുതല്‍ വിദഗ്ധരുടെ അഭിപ്രായം കേട്ട ശേഷം കരടില്‍ മാറ്റം വരുത്തും. ഐ.ടി മേഖലയില്‍ പ്രവർത്തിക്കുന്ന സംരംഭകരുടെ നിർദേശങ്ങളും പരിഗണിക്കും. കരട് നയം പൊതുജനങ്ങള്‍ക്കായും പ്രസിദ്ധീകരിക്കും.

2017ലാണ് സംസ്ഥാനം അവസാനമായി ഐ.ടി നയം രൂപീകരിച്ചത്. ഇതില്‍ മാറ്റം വരുത്താനാണ് ജൂലൈയില്‍ കേരളത്തിലെ 10 വന്‍കിട ഐ.ടി കമ്പനികളുടെ തലവന്മാരെ ഉള്‍പ്പെടുത്തി ഹൈ പവര്‍ ഐ.ടി കമ്മിറ്റി പുനഃസംഘടിപ്പിച്ചത്. ഐ.ബി.എസ് സോഫ്റ്റ്വെയര്‍ സ്ഥാപകന്‍ വി.കെ മാത്യൂസ്, ഇന്‍ഫോസിസ് ടെക്നോളജീസ് സ്ഥാപക അംഗം എസ്.ഡി ഷിബുലാല്‍, യു.എസ്.ടി ഗ്ളോബലിന്റെ ജോയിന്റ് സി.ഒ.ഒ അലക്സാണ്ടര്‍ വര്‍ഗീസ്, ഏണ്‍സ്റ്റ് & യംഗിന്റെ സാരഥി റിച്ചാര്‍ഡ് ആന്റണി, മുന്‍ ഐ.ടി സംരംഭകനും കെ ഡിസ്‌കിന്റെ ബയോടെക് ഉപദേശകനുമായ സാം സന്തോഷ്, ജിഫി ചെയര്മാറനും സി.ഇ.ഒയുമായ ബാബു ശിവദാസന്‍ എന്നിവരടങ്ങിയ സംഘമാണ് കരട് നയം തയാറാക്കിയത്.

കരടിലെ പ്രധാന തീരുമാനങ്ങള്‍

  • കൊല്ലം, കണ്ണൂര്‍ ജില്ലകളിലായി പുതിയ 2 ഐ.ടി പാര്‍ക്കുകള്‍ കൂടി സ്ഥാപിക്കും.
  • ഐടി മേഖലയില്‍ ഒരു ലക്ഷത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും
  • പ്രധാന ബൈപ്പാസിനോട് ചേര്‍ന്ന് ഐ.ടി ക്യാംപസുകളും സ്ഥാപിക്കും.
  • സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക പരിഗണന ലഭിക്കും
  • കൂടുതല്‍ വിദേശ കമ്പനികളെ ആകര്‍ഷിക്കാന്‍ നിലവിലുള്ള ഐടി പാര്‍ക്കുകളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും

Related Articles
Next Story
Videos
Share it