അടുത്ത വിമാനവാഹിനിയുടെ നിര്‍മാണം 5 വര്‍ഷം നേരത്തെ തീര്‍ക്കാം: കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് സിഎംഡി

ഇന്ത്യന്‍ നാവികസേനയ്ക്ക് വേണ്ടിയുള്ള അടുത്ത വിമാന വാഹിനിക്കപ്പല്‍ 8 വര്‍ഷം കൊണ്ട് നിര്‍മിക്കാന്‍ സാധിക്കുമെന്ന് കൊച്ചിന്‍ ഷിപ്പ്യാര്‍ഡിന്റെ (Cochin Shipyard Ltd-CSL) ചെയര്‍മാനും എംഡിയുമായ (CMD) മധു നായര്‍. സിഎന്‍ബിസി ടിവി18ന് നല്‍കിയ അഭിമുഖത്തിലാണ് എംഡി ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ ആദ്യ തദ്ദേശീയ വിമാനവാഹിനിക്കപ്പലായ ഐഎന്‍എസ് വിക്രാന്തിന്റെ (INS Vikrant) നിര്‍മാണം 13 വര്‍ഷം കൊണ്ടാണ് കൊച്ചിന്‍ ഷിപ്പ്യാര്‍ഡ് പൂര്‍ത്തിയാക്കിയത്.

20000 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ഐഎന്‍എസ് വിക്രാന്തിന് 45000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയാണ് ഉള്ളത്. വിക്രാന്തിന് ശേഷം മറ്റൊരു വിമാനവാഹിനിക്കപ്പല്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണ് നാവിക സേന. 65000 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ മൂന്നാമത്തെ വിമാനവാഹിനിക്ക് കേന്ദ്രത്തിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. ഐഎന്‍എസ് വിക്രമാദിത്യയാണ് സേവനം തുടരുന്ന രാജ്യത്തെ മറ്റൊരു വിമാനവാഹിനി.

വലിയ കപ്പലുകള്‍ നിര്‍മിച്ച അനുഭവ സമ്പത്ത് ഐഎന്‍എസ് വിക്രാന്തിന്റെ നിര്‍മാണത്തില്‍ ഗുണം ചെയ്തു. ബിഇഎല്‍, ഭെല്‍, ജിആര്‍എസ്ഇ, കെല്‍ട്രോണ്‍, എല്‍ ആന്‍ഡ് ടി, കിര്‍ലോസ്‌കര്‍, വാര്‍സില ഇന്ത്യ എന്നിവ ഉള്‍പ്പടെ 550 കമ്പനികള്‍ കപ്പല്‍ നിര്‍മാണത്തിന്റെ ഭാഗമായി. ഇന്ത്യയ്ക്കായി രണ്ട് ഡബിള്‍ ഹള്‍ അഫ്രാമാക്‌സ് ടാങ്കറുകളും പടിഞ്ഞാറന്‍ യൂറോപ്പിനായി 40 ഓഫ്‌ഷോര്‍ വെസലുകളും കൈമാറിയതായും സിഎംഡി പറഞ്ഞു. ഇന്ത്യന്‍ പ്രതിരോധ മേഖലയില്‍ നിന്ന്, എട്ട് ASW (Anti-submarine warfare) കപ്പലുകള്‍ക്കായി 6,400 കോടി രൂപയുടെ ഓര്‍ഡര്‍ സിഎസ്എല്ലിന് ഉണ്ട്.

കൂടാതെ ആറ് നെക്സ്റ്റ് ജെന്‍-മിസൈല്‍ വെസലുകളുടെ ഓര്‍ഡറും പ്രതീക്ഷിക്കുന്നുണ്ട്. കൂടാതെ, എയര്‍ക്രാഫ്റ്റ് വെസല്‍സുമായി ബന്ധപ്പെട്ട് 2,000 കോടി രൂപയുടെ ഓര്‍ഡര്‍ ബുക്കിംഗും കമ്പനിക്കുണ്ട്. പ്രതീക്ഷിക്കുന്ന ഓര്‍ഡറുകളുടെ ആകെ തുക ഏകദേശം 16,000 കോടി രൂപയാണെന്നും സിഎംഡി വ്യക്തമാക്കി. എട്ട് വെസലുകള്‍ക്കായി ജര്‍മിനിയില്‍ നിന്നും ഓര്‍ഡര്‍ ലഭിച്ചേക്കും.

നടപ്പ് സാമ്പത്തിക വര്‍ഷം ജൂണില്‍ അവസാനിച്ച ഒന്നാമത്തെ പാദത്തില്‍ 496.77 കോടി രൂപയുടെ വരുമാനം ആണ് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് നേടിയത്. 42.18 കോടി രൂപയായിരുന്നു ഇക്കാലയളവിലെ ലാഭം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ ഓഹരികള്‍ കഴിഞ്ഞ ഒരു മാസത്തിനിടെ 10.96 ശതമാനത്തിന്റെ നേട്ടമാണ് നല്‍കിയത്.

Related Articles
Next Story
Videos
Share it