

ദേശീയപാതകളിലെ ടോൾ പ്ലാസകൾക്ക് സമീപം താമസിക്കുന്നവർക്കായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) രാജമാർഗ് യാത്ര ആപ്പില്‍ പ്രധാന രണ്ട് ഡിജിറ്റൽ സേവനങ്ങൾ അവതരിപ്പിച്ചു. ഹൈവേ ഉപയോക്താക്കളുടെ സംശയങ്ങള്‍ പരിഹരിക്കുന്നതിനായി 'മാർഗ് മിത്ര' എന്ന എഐ അധിഷ്ഠിത ഹെൽപ്പ് സെന്റര്‍ തയാറാക്കിയിട്ടുണ്ട്. തദ്ദേശവാസികൾക്കുള്ള പ്രതിമാസ ടോൾ പാസ് ഇനി മുതൽ മൊബൈൽ ഫോൺ വഴി വീട്ടിലിരുന്ന് തന്നെ ഇനി എടുക്കാം. ഇതിനായി 'രാജമാർഗ് യാത്ര' (RajmargYatra) മൊബൈൽ ആപ്പിൽ പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി.
ഹൈവേ ഉപയോക്താക്കളുടെ പരാതികളും സംശയങ്ങളും പരിഹരിക്കുന്നതിനായാണ് 'മാർഗ് മിത്ര' എന്ന എഐ (AI) അധിഷ്ഠിത ഹെൽപ്പ് സെന്റര്‍ ആപ്പിൽ സജ്ജമാക്കിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ ഇന്ത്യയിലെ 22 ഔദ്യോഗിക ഭാഷകളിൽ ഇതിലൂടെ ടൈപ്പ് ചെയ്തോ സംസാരിച്ചോ ആശയവിനിമയം നടത്താം. ഫാസ്‌ടാഗ് റീചാർജ്, കെവൈസി, റീഫണ്ട് സ്റ്റാറ്റസ്, പാസ് സംബന്ധമായ വിവരങ്ങൾ എന്നിവ ഇതിലൂടെ അറിയാം. കൂടാതെ റോഡിലെ തടസങ്ങൾ, സുരക്ഷാ പ്രശ്നങ്ങൾ തുടങ്ങിയവ റിപ്പോർട്ട് ചെയ്യാനും സാധിക്കും. പരാതികളുടെ പുരോഗതി തത്സമയം അറിയാനും പരിഹാരത്തിൽ തൃപ്തരല്ലെങ്കിൽ അപ്പീൽ നൽകാനും ഇതിൽ സൗകര്യമുണ്ട്.
ടോൾ പ്ലാസയുടെ 20 കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്ന തദ്ദേശവാസികൾക്കാണ് ഈ സൗകര്യം ലഭ്യമാകുക. മുൻപ് ഇത്തരം പാസുകൾ ലഭിക്കുന്നതിന് ടോൾ ബൂത്തുകളിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കണമായിരുന്നു. എന്നാൽ പുതിയ സംവിധാനത്തിൽ, ഡിജിലോക്കർ (DigiLocker), വാഹൻ (VAHAN) എന്നീ സർക്കാർ പ്ലാറ്റ്‌ഫോമുകളുമായി ആപ്പിനെ ബന്ധിപ്പിച്ചിരിക്കുന്നു. ഇതുവഴി അപേക്ഷകന്റെ വിലാസം, വാഹന നമ്പർ, ഫാസ്‌ടാഗ് വിവരങ്ങൾ എന്നിവ ആപ്പ് ഓട്ടോമാറ്റിക്കായി ശേഖരിക്കും. ജിഐഎസ് (GIS) അധിഷ്ഠിത ലൊക്കേഷൻ വെരിഫിക്കേഷനിലൂടെ യോഗ്യത ഉറപ്പാക്കുന്നതിനാൽ നേരിട്ടുള്ള പേപ്പർ വർക്കുകൾ പൂർണമായും ഒഴിവാക്കാം.
ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ രാജമാർഗ് യാത്ര ആപ്പ് ഹൈവേ യാത്രകൾ കൂടുതൽ സുഗമമാക്കാൻ സഹായിക്കുമെന്നാണ് അധികൃതര്‍ അവകാശപ്പെടുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine