Begin typing your search above and press return to search.
നിപ്പ: പഴം വിപണിക്ക് തിരിച്ചടിയാകുന്നു
സംസ്ഥാനത്ത് നിപ്പ വീണ്ടും സ്ഥിരീകരിച്ചത് പഴം വിപണിക്ക് തിരിച്ചടിയാകുന്നു. കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തില്‍ നിപ്പ ബാധിച്ച് മരിച്ച 12 വയസുകാരന്‍ റംബൂട്ടാന്‍ കഴിച്ചിരുന്നതായുള്ള വാര്‍ത്തകള്‍ വന്നതോടെയാണ് പഴം വിപണിയിലെ വില്‍പ്പന പാടെ കുറഞ്ഞത്. അതേസമയം, എങ്ങനെയാണ് വൈറസ് ബാധയേറ്റതെന്നതിനെ കുറിച്ച് ആരോഗ്യ വകുപ്പിന് ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതുസംബന്ധിച്ച അന്വേഷണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനെ തുടര്‍ന്ന് വിപണി തിരിച്ചുവരുന്നതിനിടെയാണ് സംസ്ഥാനത്ത് നിപ്പ വീണ്ടും പ്രതിസൃഷ്ടിക്കുന്നത്. മറ്റ് വിപണികളെ സാരമായി ബാധിച്ചില്ലെങ്കിലും കോഴിക്കോട് രണ്ട് ദിവസത്തിനിടെ പഴ വര്‍ഗങ്ങളുടെ വില്‍പ്പന പകുതിയോളം കുറഞ്ഞു. 'നേരത്തെ, പതിനായിരം രൂപയുടെ കച്ചവടം നടന്നിരുന്നെങ്കില്‍, ഇപ്പോള്‍ അയ്യായിരം രൂപയുടെ കച്ചവടം പോലും നടക്കാത്ത സ്ഥിതിയാണ്. റംബൂട്ടാന്‍ ആളുകള്‍ തിരിഞ്ഞുനോക്കാത്ത സ്ഥിതിയിലേക്ക് മാറി' കോഴിക്കോട്ടെ പഴം പച്ചക്കറി മൊത്ത വിതരണക്കാരനായ ഹാറൂന്‍ പറയുന്നു.
റംബൂട്ടാന്‍ വിളവെടുപ്പ് കാലമായതിനാല്‍ കേരളത്തിലെ വിപണി പ്രതീക്ഷിച്ച് വന്‍തോതില്‍ റംബൂട്ടാന്‍ സംസ്ഥാനത്ത് ഇറക്കുമതി ചെയ്തിരുന്നു. കൂടാതെ, വിപണിയില്‍ നല്ല വിലയുള്ളതിനാല്‍ കേരളത്തില്‍ പാലക്കാട്, തൃശ്ശൂര്‍ ഉള്‍പ്പെടെയുള്ള ജില്ലകളിലും പ്രദേശികമായി റംബൂട്ടാന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. കിലോഗ്രാമിന് 220-230 രൂപയായിരുന്നു റംബൂട്ടാന് വില ഈടാക്കിയിരുന്നത്. എന്നാല്‍ റംബൂട്ടാന് ആവശ്യക്കാരില്ലാത്തത് ഈ മേഖലയിലെ കര്‍ഷര്‍ക്ക് കനത്ത പ്രതിസന്ധി സൃഷ്ടിക്കും.
അതേസമയം, കോഴിക്കോട് ജില്ലയിലെ വസ്ത്ര വ്യാപാര മേഖലയില്‍ നിപ്പ ബാധിച്ചിട്ടില്ല. ഓണം സീസണ്‍ കഴിഞ്ഞതിനാലുള്ള കുറവ് മാത്രമാണ് വസ്ത്ര വിപണിയിലുള്ളത്. 'കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് ലഭിച്ചിതിനാല്‍ ഇപ്രവശ്യത്തെ ഓണത്തിന് നല്ല വില്‍പ്പനയുണ്ടായിട്ടുണ്ട്. നിപ്പ വസ്ത്ര വിപണിയെ ഇതുവരെ ബാധിച്ചിട്ടില്ല. ഓണം സീസണ്‍ കഴിഞ്ഞതിന് ശേഷമുള്ള സ്വാഭാവിക കുറവ് മാത്രമാണ് ഇപ്പോള്‍ വില്‍പ്പനയിലുള്ളത്' കോഴിക്കോട്ടെ വസ്ത്രവിപണിയിലെ ബൊസൈക്കിള്‍ ഉടമയായ സമീര്‍ പറഞ്ഞു. കൂടാതെ, ഹോട്ടല്‍, വ്യാപാര മേഖലയിലും നിപ്പ കാര്യമായി ബാധിച്ചില്ലെന്ന് കച്ചവടക്കാര്‍ പറയുന്നു.
Next Story
Videos