ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിനെ സ്വന്തമാക്കി സോപ്പ് കമ്പനി നിര്‍മ

ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിനെ സ്വന്തമാക്കി പ്രശസ്ത സോപ്പ് കമ്പനി നിര്‍മ ലിമിറ്റഡ്. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മയുടെ കീഴിലുള്ള ഗ്ലെന്‍മാര്‍ക്ക് ലൈഫ് സയന്‍സസിന്റെ (ജിഎല്‍എസ്) 75 ശതമാനം ഓഹരികളാണ് നിര്‍മ ലിമിറ്റഡ് സ്വന്തമാക്കിയത്. 4,000 കോടിരൂപയുടെ കടം വീട്ടാനുള്ള ജി.എല്‍.എസിന്റെ ശ്രമമാണ് വില്‍പ്പനയിലെത്തിയത്.

ഓഹരിയൊന്നിന് 615 രൂപ നിരക്കിൽ 5,651.5 കോടിയുടെ 75 ശതമാനം ഓഹരികൾ വിൽക്കാൻ നിർമ്മ ലിമിറ്റഡുമായി ഒരു നിശ്ചിത കരാറിൽ ഏർപ്പെട്ടതായി ഗ്ലെൻമാർക്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡ് ഫയലിംഗിൽ അറിയിച്ചു. ഓഹരി വിൽപ്പനയ്ക്ക് ശേഷം ജി.എൽ.എസിൽ ഗ്ലെൻമാർക്ക് ഫാർമയ്ക്ക് 7.84% ഓഹരിയാകും ഉണ്ടായിരിക്കുക. റെഗുലേറ്ററി, ഷെയർഹോൾഡർ അംഗീകാരം എന്നിവ ഉൾപ്പെടെയുള്ള പതിവ് വ്യവസ്ഥകൾക്ക് വിധേയമാണ് ഇടപാട്.

മരുന്ന് നിര്‍മാണത്തിലെ രാസ സംയുക്തങ്ങള്‍ (ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഇന്‍ഗ്രേഡിയന്റ്‌സ്) നിര്‍മിക്കുന്ന കമ്പനിയാണ് ജി.എല്‍.എസ്. കര്‍സന്‍ ബായി പട്ടേലിന്റെ നേതൃത്വത്തില്‍ 1969ല്‍ അലക്കുപൊടി ബിസിനസുമായി വിപണിയിലെത്തിയ കമ്പനി നിര്‍മ സോപ്പും അനുബന്ധ ഉല്‍പ്പന്നങ്ങളും നിര്‍മിക്കുന്നതിനു പുറമെ വ്യാവസായിക രാസപദാര്‍ത്ഥങ്ങളുടെ ഉല്‍പ്പാദനത്തിലും സജീവമാണ്.

കഴിഞ്ഞ ഏപ്രിലില്‍ സ്റ്റെറികോം ഫാര്‍മയെ നിര്‍മ ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. ഐ ഡ്രോപ്‌സും കോണ്‍ടാക്ട് ലെന്‍സും നിര്‍മിക്കുന്ന കമ്പനിയാണു സ്റ്റെറികോം. സിമന്റ് വ്യവസായത്തിലും നിര്‍മ പ്രവേശിച്ചിട്ടുണ്ട്. 14 ലക്ഷം കോടി രൂപയ്ക്ക് ലഫാര്‍ജ് ഹോള്‍സിം സിമന്റ്‌സിനെ (LafargeHolcim's cement) 2016ല്‍ ആണ് കമ്പനി സ്വന്തമാക്കിയത്. ഇതിനു ശേഷമുള്ള കമ്പനിയുടെ സുപ്രധാന ഏറ്റെടുക്കലാണ് ഗ്ലെന്‍മാര്‍ക്കിന്റേത്.

ഓഹരി വില

ഇന്നലെ ജി.എല്‍.എസ് ഓഹരി 1.3 ശതമാനം താഴ്ന്ന് 627 രൂപയില്‍ ക്ലോസ് ചെയ്തു. ഇന്ന് 644.50 (+2.92%) രൂപയ്ക്കാണ് വ്യാപാരമവസാനിപ്പിച്ചത്. ഗ്ലെന്‍മാര്‍ക്ക് ഫാര്‍മ ഓഹരി 803.05 രൂപയ്ക്കാണ് ക്ലോസ് ചെയ്തത്.

Related Articles
Next Story
Videos
Share it