E20 ഇന്ധനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഗഡ്കരിയുടെ വെല്ലുവിളി; 'ഒരു കാർ കേടായെന്ന് തെളിയിക്കൂ'

ഉയർന്ന എഥനോൾ മിശ്രിത പെട്രോളിനെക്കുറിച്ച് പ്രചരിക്കുന്ന കഥകള്‍ക്ക് പിന്നിൽ പണം നൽകി നടത്തുന്ന ക്യാമ്പയിനുകള്‍
E20 ഇന്ധനത്തിനെതിരായ പ്രതിഷേധങ്ങൾക്കിടെ ഗഡ്കരിയുടെ വെല്ലുവിളി; 'ഒരു കാർ കേടായെന്ന് തെളിയിക്കൂ'
canva, Linkedin / Nithin Gadkari
Published on

കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന ഇ20 (20 ശതമാനം എഥനോൾ കലർത്തിയ പെട്രോൾ) നയത്തിനെതിരെ ഉയരുന്ന വിമർശനങ്ങളെ ശക്തമായി പ്രതിരോധിച്ചുകൊണ്ട് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി രംഗത്ത്. ഈ ഇന്ധനം ഉപയോഗിക്കുന്നത് മൂലം രാജ്യത്ത് ഏതെങ്കിലും ഒരു കാറിന് പ്രശ്നമുണ്ടായതായി തെളിയിക്കാൻ അദ്ദേഹം വിമർശകരെ വെല്ലുവിളിച്ചു. ഉയർന്ന എഥനോൾ മിശ്രിത പെട്രോളിനെക്കുറിച്ച് പ്രചരിക്കുന്നത് വ്യാജമായ കഥകളാണെന്നും ഇതിന് പിന്നിൽ പണം നൽകി നടത്തുന്ന ക്യാമ്പയിനുകളാണെന്നും അദ്ദേഹം ആരോപിച്ചു.

വലിയ സാമ്പത്തിക ബാധ്യത

ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ പ്രതിവർഷം 22 ലക്ഷം കോടി രൂപ ചെലവഴിക്കുന്നുണ്ടെന്നും ഇത് വലിയ സാമ്പത്തിക ബാധ്യതയാണെന്നും 'വികസിത് ഭാരത് കോൺക്ലേവിൽ' സംസാരിക്കവെ ഗഡ്കരി ചൂണ്ടിക്കാട്ടി. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ സാമ്പത്തിക ലാഭം മാത്രമല്ല, കാർബൺ ബഹിര്‍ഗമനം കുറയ്ക്കാനും പരിസ്ഥിതിയെ സംരക്ഷിക്കാനും സാധിക്കും. കരിമ്പ്, ചോളം, അരി എന്നിവയിൽ നിന്നാണ് നിലവിൽ ഇന്ത്യയിൽ എഥനോൾ ഉൽപ്പാദിപ്പിക്കുന്നത്.

ന്യൂഡല്‍ഹിയില്‍ കഴിഞ്ഞ ഞായറാഴ്ച വാഹന ഉടമകള്‍ E20 ഇന്ധന നയത്തിനെതിരെ തെരുവില്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. എഥനോള്‍ മിശ്രിതം കാരണം എഞ്ചിനുകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നുവെന്നും വാഹനങ്ങളുടെ പരിപാലനച്ചെലവ് വര്‍ധിക്കുന്നുവെന്നുമാണ് ഇവരുടെ പരാതി. ഈ സാഹചര്യത്തിലാണ് നിതിൻ ഗഡ്കരിയുടെ പ്രസ്താവന.

എഥനോൾ മിശ്രിതം വാഹന എൻജിനെ തകരാറിലാക്കുമെന്നോ, ഇൻഷുറൻസ് അല്ലെങ്കിൽ വാറന്റി എന്നിവ ഇല്ലാതാക്കുമെന്നോ ഉള്ള വാദങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയവും നേരത്തെ തള്ളിയിരുന്നു. ശാസ്ത്രീയ പഠനങ്ങളുടെയും ആഗോള അനുഭവങ്ങളുടെയും അടിസ്ഥാനത്തിലാണ് ഈ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ബ്രസീൽ പോലുള്ള രാജ്യങ്ങളിൽ ഉപഭോക്താക്കൾക്ക് വ്യത്യസ്ത ഇന്ധന മിശ്രിതങ്ങൾ തിരഞ്ഞെടുക്കാൻ അവസരമുണ്ടെങ്കിലും ഇന്ത്യയിൽ നിലവിൽ ആ സൗകര്യമില്ല.

തന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള പഞ്ചസാര ഫാക്ടറികളെ സഹായിക്കാനാണ് ഈ നയം കൊണ്ടുവരുന്നത് എന്ന ആരോപണവും മന്ത്രി നിഷേധിച്ചു. തന്റെ കുടുംബത്തിന്റെ കമ്പനികൾ എഥനോൾ ഉൽപ്പാദനത്തെ മാത്രം ആശ്രയിച്ചല്ല പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ പുരോഗതിക്കായി ഹരിത ഇന്ധനങ്ങളിലേക്ക് മാറേണ്ടത് അത്യന്താപേക്ഷിതമാണെന്നാണ് ഗഡ്കരിയുടെ നിലപാട്.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com