നിറ്റ ജെലാറ്റിന്‍ മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പ് ചാക്കോ എം രാജിവച്ചു

കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ വ്യാവസായിക/ഫാര്‍മ കെമിക്കല്‍ അസംസ്‌കൃത വസ്തുനിര്‍മ്മാതാക്കളായ നിറ്റ ജെലാറ്റിന്റെ (Nitta Gelatin) മാനേജിംഗ് ഡയറക്ടര്‍ ഫിലിപ്പ് ചാക്കോ എം രാജിവച്ചു. സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് ഇന്ന് (മെയ് 19) അയച്ച കത്തിലാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. വിശദാംശങ്ങള്‍ ഡയറക്ടര്‍ ബോര്‍ഡ് ചേര്‍ന്നശേഷം പിന്നീട് പുറത്തുവിടുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞവര്‍ഷം ഏപ്രിലിലാണ് ഫിലിപ്പ് ചാക്കോ എം നിറ്റ ജെലാറ്റിന്റെ മാനേജിംഗ് ഡയറക്ടറായി ചുമതലയേറ്റത്. മൂന്നുവര്‍ഷത്തേക്കായിരുന്നു നിയമനം. പദവിയേറ്റെടുത്ത് ഒരുവര്‍ഷം മാത്രം പൂര്‍ത്തിയായിരിക്കേയാണ് അപ്രതീക്ഷിത രാജി. കൂടുതല്‍ മെച്ചപ്പെട്ട അവസരം മറ്റൊരു കമ്പനിയില്‍ നിന്ന് ലഭിച്ച പശ്ചാത്തലത്തിലാണ് രാജിയെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ 'ധനത്തോട്' വ്യക്തമാക്കി.

26 വർഷത്തെ അനുഭവ സമ്പത്ത്

കല്‍ക്കട്ട ഐ.ഐ.എമ്മില്‍ നിന്ന് ഫിനാന്‍സ് ആന്‍ഡ് സ്ട്രാറ്റജിയില്‍ പി.ജി.ഡി.ബി.എം., ഖരഗ്പൂര്‍ ഐ.ഐ.ടിയില്‍ നിന്ന് ബി.ടെക് (സിവില്‍) എന്നിവ കരസ്ഥമാക്കിയിട്ടുള്ള അദ്ദേഹത്തിന് റീട്ടെയില്‍, പവര്‍, വിന്‍ഡ് എനര്‍ജി, സോളാര്‍, റിയല്‍ എസ്‌റ്റേറ്റ് ഫിനാന്‍സ് തുടങ്ങിയവ മേഖലകളില്‍ 26 വര്‍ഷത്തെ പ്രവര്‍ത്തന സമ്പത്തുണ്ട്.
പോപ്പുലര്‍ വെഹിക്കിൾസ് ആന്‍ഡ് സര്‍വീസസില്‍ സി.ഇ.ഒ., വേദാന്ത ഗ്രൂപ്പിന് കീഴിലെ ടി.എസ്.പി.എല്ലില്‍ സി.ഒ.ഒ., ലാന്‍കോ ഇന്‍ഫ്രാടെക്കില്‍ സ്‌പെഷ്യല്‍ പ്രോജക്ട്‌സ് ഡയറക്ടര്‍, പി.വി.പി വെഞ്ച്വേഴ്‌സില്‍ അസോസിയേറ്റ് ഡയറക്ടര്‍, കോട്ടക് മഹീന്ദ്ര ഫിനാന്‍സ് ലിമിറ്റഡില്‍ ബ്രാഞ്ച് ഹെഡ്, ജി.എം.ആര്‍ ഗ്രൂപ്പില്‍ ജനറല്‍ മാനേജര്‍ തുടങ്ങിയ പദവികള്‍ അദ്ദേഹം വഹിച്ചിട്ടുണ്ട്. എം.ബി.എ ബിരുദവുമുള്ള അദ്ദേഹം ടാറ്റാ സ്റ്റീലിലും പ്രവര്‍ത്തിച്ചട്ടുണ്ട്.

മികച്ച പ്രവര്‍ത്തനഫലം

കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2022-23) നിറ്റ ജെലാറ്റിന്‍ 73.89 കോടി രൂപ ലാഭം നേടിയിരുന്നു. മുന്‍വര്‍ഷത്തെ (2021-22) 34.84 കോടി രൂപയേക്കാള്‍ ഇരട്ടിയോളമാണ് വളര്‍ച്ച. മൊത്തം വരുമാനം 510.55 കോടി രൂപയില്‍ നിന്ന് 566.18 കോടി രൂപയായും വര്‍ദ്ധിച്ചു.

നിറ്റ ജെലാറ്റിൻ
സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഐ.ഡി.സിയുടെയും ജപ്പാനിലെ നിറ്റ ജെലാറ്റിന്റെയും സംയുക്ത കമ്പനിയാണ് നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ്. ഫാര്‍മ ഉത്പന്നങ്ങള്‍, സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍, കാലിത്തീറ്റ, കൃഷിയുത്പന്നങ്ങള്‍ എന്നിവയ്ക്കായുള്ള അസംസ്‌കൃതവസ്തുക്കള്‍ നിര്‍മ്മിക്കുന്ന കമ്പനിയാണിത്. 60 ശതമാനത്തിലധികം ഉത്പന്നങ്ങളും ജപ്പാന്‍, അമേരിക്ക, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലേക്ക് കയറ്റുമതി ചെയ്യുകയാണ്. ഇന്ന് 3.16 ശതമാനം നഷ്ടത്തോടെ 797.75 രൂപയിലാണ് നിറ്റ ജെലാറ്റിന്‍ ഓഹരികളുടെ വ്യാപാരം പുരോഗമിക്കുന്നത്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it