ട്വിറ്ററിന്റെ പ്രതിദിന നഷ്ടം 4 മില്യണ്‍ ഡോളറിലധികം, വേറെ വഴിയുണ്ടായിരുന്നില്ലെന്ന് മസ്‌ക്

ജീവനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതികരണവുമായി ട്വിറ്റര്‍ ഉടമ ഇലോണ്‍ മസ്‌ക്. കമ്പനി ഓരോ ദിവസവും 4 മില്യണ്‍ ഡോളറിലധികം നഷ്ടം നേരിടുകയാണെന്നും ഇതല്ലാതെ മറ്റൊരു വഴി ഇല്ലെന്നുമായിരുന്നു മസ്‌കിന്റെ പ്രതികരണം. ജോലി നഷ്ടപ്പെട്ടവര്‍ക്കെല്ലാം 3 മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കിയിട്ടുണ്ടെന്നും മസ്‌ക് വ്യക്തമാക്കി.


ട്വിറ്ററിലെ 75,00 ജീവനക്കാരില്‍ പകുതിയോളം പേര്‍ക്കും ജോലി നഷ്ടമായെന്നാണ് വിവരം. എന്നാല്‍ എത്രപേരെ പിരിച്ചുവിട്ടു എന്നത് സംബന്ധിച്ച് ട്വിറ്റര്‍ ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. ട്വിറ്റര്‍ ഇന്ത്യയിലെ ഭൂരിഭാഗം പേര്‍ക്കും ജോലി നഷ്ടമായെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയില്‍ ട്വിറ്ററിന് 230നും 250നും ഇടയില്‍ ജീവനക്കാരുണ്ടായിരുന്നു. അതില്‍ പത്തില്‍ താഴെ ആളുകളെ മാത്രമെ കമ്പനി നിലനിര്‍ത്തിയിട്ടുള്ളു എന്നാണ് ലൈവ് മിന്റിന്റെ റിപ്പോര്‍ട്ട് പറയുന്നത്.


ബംഗളൂര്‍, ഗുരുഗ്രാം, മുംബൈ എന്നിവടങ്ങളിലായി മൂന്ന് ഓഫീസുകളാണ് ട്വിറ്ററിന് ഇന്ത്യയിലുള്ളത്. 23.6 ദശലക്ഷം ഉപഭോക്താക്കളുമായി കമ്പനിയുടെ ഏറ്റവും വലിയ മൂന്നാമത്തെ വിപണി കൂടിയാണ് ഇന്ത്യ. മസ്‌കിന്റെ ഇലക്ട്രിക് വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയിലെ ഡെവലപേഴ്‌സിന് ട്വിറ്ററിലെ ജീവനക്കാരെ നിയന്ത്രിക്കാനുള്ള ചുമതല നല്‍കിയതായാണ് വിവരം.

44 ബില്യണ്‍ ഡോളറിനാണ് ട്വിറ്ററിനെ മസ്‌ക് ഏറ്റെടുത്തത്. ഓഹരി ഒന്നിന് 52.75 ഡോളര്‍ നിരക്കിലായിരുന്നു ഇടപാട്. ട്വിറ്ററിന് അധിക വിലയാണ് നല്‍കുന്നതെന്ന് ഇടപാട് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മസ്‌ക് വ്യക്തമാക്കിയിരുന്നു.

Related Articles
Next Story
Videos
Share it