ആറക്ക ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ സമയം പരിമിതം: സ്വര്‍ണ വ്യാപാരികള്‍

മാര്‍ച്ച് 31 ന് ഉള്ളില്‍ കേരളത്തിലെ സ്വര്‍ണ വ്യാപാരികളുടെ മുഴുവന്‍ സ്വര്‍ണാഭരണ സ്റ്റോക്കും 6-അക്ക ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിക്കണമെന്ന നിബന്ധന അപ്രായോഗികമാണെന്ന് സ്വര്‍ണ വ്യാപാരികള്‍. ഏപ്രില്‍ ഒന്ന് മുതല്‍ 6 അക്ക നമ്പരുള്ള എച് യു ഐ ഡി (Hallmark Unique Identification Number) ഇല്ലാത്ത ആഭരണങ്ങള്‍ വില്‍ക്കാന്‍ പാടില്ലെന്ന് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ ഉത്തരവ്. ഇത് സംബന്ധിച്ച തീരുമാനം ജനുവരി 18 നാണ് മന്ത്രാലയം എടുത്തത്. 2 ഗ്രാമില്‍ താഴെയുള്ള ആഭരണങ്ങള്‍ക്ക് ഹാള്‍മാര്‍ക്കിംഗ് നിബന്ധന ബാധകമല്ല.

വ്യാപാരികളെ പ്രതിസന്ധിയിലാക്കുന്നു

ഒരു മാസത്തെ സമയം പോലും അനുവദിക്കാതെ എച്ച് യു ഐ ഡി ഇല്ലാത്ത ആഭരണങ്ങളുടെ വില്‍പ്പന പാടില്ലെന്നുള്ള ഉത്തരവ് വ്യാപാരികളെ പ്രതിസന്ധിയിലാക്കുമെന്ന് ഓള്‍ കേരള ഗോള്‍ഡ് & സില്‍വര്‍ മെര്‍ച്ചന്റ്റ്സ് അസോസിയേഷന്‍ (എ കെ ജി എസ് എം എ) സംസ്ഥാന ട്രഷറര്‍ അഡ്വ. എസ് അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

രണ്ടു തരത്തിലുള്ള ഹാള്‍മാര്‍ക്കിംഗ്

ജൂണ്‍ 2021 വരെ സ്വര്‍ണാഭരണ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമല്ലായിരുന്നു. വ്യാപാരികള്‍ക്ക് സ്വമേധയാ ഹാള്‍മാര്‍ക്കിംഗ് നടത്താനുള്ള സംവിധാനം ഉണ്ടായിരുന്നു. ബി ഐ എസ് ലോഗോ ഉള്‍പ്പടെ നാലു ലോഗോ അടങ്ങുന്നതാണ് പഴയ ഹാള്‍മാര്‍ക്കിംഗ് മുദ്ര. ജൂലൈ 2021 മുതല്‍ 6 അക്കമുള്ള എച്ച് യു ഐ ഡി നടപ്പാക്കി. അതില്‍ മൂന്ന് ലോഗോയാണ് ഉള്ളത് - ബി ഐ എസ് ലോഗോ, സ്വര്‍ണത്തിന്റെ പരിശുദ്ധി കൂടാതെ 6 അക്ക എച്ച് യു ഐ ഡി.

ഇതു വരെ രണ്ടു തരത്തിലുള്ള ഹാള്‍മാര്‍ക്കിംഗുകള്‍ ഉള്ള ആഭരണങ്ങള്‍ വില്‍ക്കാന്‍ അനുവദിച്ചിരുന്നു. ഉപഭോക്താക്കള്‍ക്ക് ആശയ കുഴപ്പം ഉണ്ടാക്കുമെന്ന് കാരണത്താലാണ് 6 അക്കം ഉള്ള ഏകീകൃത ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയത്. രാജ്യത്ത് വില്‍ക്കുന്ന ഓരോ സ്വര്‍ണാഭരണവും കണക്കില്‍ പെടുത്താനും ഗുണമേന്മ ഉറപ്പാക്കാനുമാണ് ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കിയത്.

കൂടുതല്‍ സമയം ആവശ്യം

രണ്ടു തരം ഹാള്‍മാര്‍ക്കിംഗ് പാടില്ലാത്തതിനാല്‍ പഴയത് മായ്ച്ചു കളഞ്ഞ ശേഷമാണ് പുതിയത് രേഖപ്പെടുത്തേണ്ടത്. ഇതിന് കൂടുതല്‍ സമയം ആവശ്യമുണ്ട്. കൂടാതെ ഹാള്‍മാര്‍ക്കിംഗ് കേന്ദ്രങ്ങളിലേക്ക് സ്വര്‍ണവുമായി പോകുന്നതിലും ബുദ്ധിമുട്ടുകള്‍ നേരിടും. ചെറുകിട വ്യാപാര സ്ഥാപനങ്ങളെ നിഷ്‌കാസനം ചെയ്യുന്ന നടപടിയാണെന്നും ആവശ്യമായ സമയം ഹാള്‍മാര്‍ക്കിംഗ് നടപ്പാക്കാന്‍ നല്‍കണമെന്നും എ കെ ജി എസ് എം എ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.

കേരളത്തിലെ വ്യാപാര ശാലകളില്‍ ഇപ്പോഴുള്ള സ്റ്റോക്കില്‍ പകുതിയും പഴയ ഗുണമേന്മ മുദ്ര ഉള്ളതാണ്. ബാക്കിയുള്ള ആഭരണങ്ങളില്‍ മുഴുവനും മാര്‍ച്ച് മാസത്തിനുള്ളില്‍ പുതിയ എച്ച് യു ഐ ഡി പതിപ്പിക്കുക പ്രായോഗികമല്ലന്ന്, അബ്ദുല്‍ നാസര്‍ അഭിപ്രായപ്പെട്ടു.

കേരളത്തില്‍ ഇടുക്കി ഒഴികെ ഉള്ള ജില്ലകളില്‍ സ്വര്‍ണ ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഒരു സ്വര്‍ണാഭരണം ഹാള്‍മാര്‍ക്ക് ചെയ്യാന്‍ 45 രൂപയും 18% ജി എസ് ടി യും വ്യാപാരികള്‍ നല്‍കണം. 100 ആഭരണങ്ങളില്‍ മുദ്ര പതിപ്പിക്കാന്‍ 3.5 മണിക്കൂറില്‍ അധികം വേണം. നിലവിലുള്ള ഹാള്‍മാര്‍ക്കിംഗ് സംവിധാനം സമ്മര്‍ദ്ദത്തിലാക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര്

Related Articles
Next Story
Videos
Share it