റംസാന്‍ റിലീസില്ലാതെ സിനിമാ വ്യവസായം; പ്രതിസന്ധി തുടരുന്നു

മലയാള സിനിമ വ്യവസായം പ്രതിസന്ധിയുടെ ദുരന്ത ക്ലൈമാക്‌സില്‍ നട്ടം തിരിയുകയാണ്.ഓണവും, ക്രിസ്മസും കഴിഞ്ഞാല്‍ ഏറ്റവുമധികം സിനിമകള്‍ റിലീസ് ചെയ്യണ്ട റംസാന്‍ സീസണില്‍, കേരളത്തിലെ ചെറുതും വലുതുമായ 625 തീയേറ്ററുകള്‍ അടഞ്ഞു കിടക്കുകയാണ്. റമസാന്‍ വൃതത്തിന് ശേഷം കേരളത്തിലെ തീയേറ്ററുകള്‍ നിറഞ്ഞ് കവിയേണ്ട സമയമണിത്. വലിയ മുതല്‍ മുടക്കുള്ള അറബികടലിന്റെ സിംഹം മരക്കാര്‍, മാലിക്, തുറമുഖം പോലെയുള്ള അര ഡസന്‍ സിനിമകളാണ് ഇക്കാലയളവില്‍ റിലീസിനായി പ്ലാന്‍ ചെയ്തിരുന്നത്.

കോവിഡിന് മുന്‍പ്, 2019 ല്‍ 800 കോടി രൂപ നിക്ഷേപമുള്ള,192 സിനിമയാണ് മലയാളത്തില്‍ പുറത്തിറങ്ങിയത്. ഇന്നത്തെ കണക്കനുസരിച് നിക്ഷേപം 1000 കോടിയെങ്കിലും ഈ വര്‍ഷം വരേണ്ടതാണ്. മലയാള സിനിമയുടെ ഓവര്‍സീസ് വിതരണാവകാശ തുക കുതിച്ചുയര്‍ന്ന കാലഘട്ടത്തിലാണ്, കോവിഡ് പ്രതിസന്ധി മലയാള സിനിമ വ്യവസായത്തെ തകര്‍ത്തത്.
മുതല്‍മുടക്ക് എത്രയും പെട്ടെന്ന് തിരിച്ചു പിടിച്ചാല്‍ മാത്രമേ സിനിമ വ്യവസായത്തില്‍ കരകയറാന്‍ കഴിയൂ. ഒരു വര്‍ഷം ഇറങ്ങുന്ന സിനിമയില്‍ 5 മുതല്‍ 10 ശതമാനം വരെ സിനിമകള്‍ മാത്രമാണ് സാമ്പത്തികമായി വിജയിക്കുന്നത്.പിന്നെ എന്തുകൊണ്ടാണ് നിക്ഷേപകര്‍ സിനിമയില്‍ പണം മുടക്കുന്നതെന്ന് ചോദിക്കുന്നവരുണ്ട്. ഭാഗ്യം തുണച്ചാല്‍ ചിലപ്പോള്‍ സിനിമയില്‍ നിന്ന് കോടികള്‍ വരുമാനം ഉണ്ടാക്കാം. ഓരോ ദിവസവും പുതിയവരാണ് സിനിമലോകത്ത് വന്നെത്തുന്നത്. നഷ്ടം വന്ന ശേഷം അവര്‍ ആരുമറിയാതെ കളം വിടും
മിക്ക സിനിമകളും ഫിനാന്‍സ് ചെയ്യുന്നത് തമിഴ് നാട്ടിലെ മാര്‍വാടി, ചെട്ടിയാര്‍ സമുദായക്കാരാണ്. ഇവരുടെ പലിശ താങ്ങാന്‍ കഴിയുന്നതല്ല. ഒരു കോടി രൂപ ഫിനാന്‍സ് വാങ്ങുന്ന ഒരു നിര്‍മാതാവ്,മാസം തോറും മൂന്നു ലക്ഷം രൂപ പലിശ നല്‍കേണ്ടി വരും. പടം റിലീസ് ചെയ്യാനാവാതെ 'ഹാര്‍ഡ് ഡിസ്‌കില്‍'(ഇപ്പോള്‍ പെട്ടിയിലല്ല )ഇരുന്നാല്‍ നഷ്ടം താങ്ങാനാവില്ല
ഏതാണ്ട് എഴുപതോളം മലയാള സിനിമകള്‍ റിലീസ് ചെയ്യാനാവാതെ ഇപ്പോള്‍ നിര്‍മാതാക്കളുടെ കൈവശമുണ്ട് ആദ്യ ലോക്ക്ഡൗണ്‍ കഴിഞ്ഞ് 9 മാസത്തിനു ശേഷം,2021 ജനുവരിയില്‍ തീയറ്ററുകള്‍ തുറന്നെങ്കിലും, പ്രീസ്റ്റ്, ഓപ്പറേഷന്‍ ജാവ തുടങ്ങിയ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് തീയേറ്ററില്‍ സാമ്പത്തികമായി വിജയിച്ചത്. ദൃശ്യം 2, ജോജി, പ്രീസ്റ്റ് പോലെയുള്ള സിനിമകള്‍ ഒ. ടി. ടി പ്ലാറ്റ് ഫോമുകളില്‍ വലിയ പ്രേക്ഷക പ്രീതി നേടിയെങ്കിലും മറ്റു സിനിമള്‍ക്ക് ഒടി ടി റിലീസുകള്‍ക്ക് ആളെക്കൂട്ടാനായില്ല (വ്യൂവര്‍ഷിപ്). കോവിഡ് വ്യാപനം വര്‍ധിക്കുന്നതോടെ, റിലീസ് ചെയ്യാനാവാതെ കെട്ടികിടക്കുന്ന ചിത്രങ്ങള്‍ കൂട്ടത്തോടെ ഒ. ടി. ടി പ്ലാറ്റ്‌ഫോമിലേക് വരും.
ചെറിയ മലയാള സിനിമകള്‍,കേവ് ഇന്ത്യ, റൂട്‌സ് പോലെയുള്ള പുതുതായി വന്ന മലയാള ഒ, ടി, ടി യില്‍ റിലീസ് ആയിട്ടുണ്ട്. പ്രൈം, നെറ്റ്ഫ്‌ളിക്‌സ്, സണ്‍ നെക്സ്റ്റ് തുടങ്ങിയ വന്‍കിട ഒ. ടി. ടി പ്ലാറ്റ് ഫോമുകള്‍ മലയാള സിനിമയുടെ പുതുമയുള്ള കോണ്ടന്റുകളുടെ വിപണന സാധ്യതകള്‍ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ട്. മികച്ച പ്രാദേശിക കോണ്ടന്റുകള്‍ക്ക് 'ഗ്ലോബല്‍ റീച്ച് 'കിട്ടുന്നുണ്ടെന്നതാണ് സിനിമാക്കാര്‍ കാണുന്ന ഇന്നത്തെ ഏക പ്രതീക്ഷ.


Related Articles
Next Story
Videos
Share it