വ്യവസായ സൗഹൃദ കേരളം! നോക്കുകൂലി സമരങ്ങള്‍ക്ക് ആര് തടയിടും?

''ഒരിടത്തൊരു സംരംഭകനുണ്ടായിരുന്നു, കേരളത്തില്‍ വന്നു സ്വന്തമായൊരു സംരംഭം തുടങ്ങി, കഥ കഴിഞ്ഞു'' സംസ്ഥാനത്തെ സംരംഭകരുടെ ജീവിതം പറയുമ്പോള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ട്രോളുകളിലൊന്നാണിത്. ഒരുപക്ഷേ, വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം നാട്ടിലൊരു ബിസിനസ് തുടങ്ങണമെന്ന് ആഗ്രഹിച്ചവരുടെ പച്ചയായ ജീവിതവും. സംസ്ഥാന സര്‍ക്കാരും ഉദ്യോഗസ്ഥരും കേരളത്തെ ബിസിനസ് സൗഹൃദമാക്കി ഉയര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ ഇതൊന്നും അഗീകരിക്കാന്‍ തയ്യാറാവാത്ത, ഒരു വിഭാഗമാളുകളുടെ പിടിവാശികളും ഏകാധിപത്യ മനോഭാവവുമാണ് സംരംഭ കേരളത്തെ വീണ്ടും വീണ്ടും പിന്നോട്ടുനയിക്കുന്നത്.

കഴിഞ്ഞദിവസമാണ് വ്യവസായ സൗഹൃദ സൂചികയില്‍ 75.49 ശതമാനം സ്‌കോറോടെ കേരളം സ്ഥാനം മെച്ചപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. കൂടാതെ, നിലവില്‍ ബിസിനസ് തുടങ്ങാനുള്ള അപേക്ഷകളും നടപടികളും ഓണ്‍ലൈനിലൂടെ സുഗമമായി നിര്‍വഹിക്കാനുള്ള സാഹചര്യവുമുണ്ട്. ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും 'ചിലരെ' പരിഗണിച്ചില്ലെങ്കില്‍ പിറ്റേന്ന് സംരംഭങ്ങളുടെ മുന്നില്‍ കൊടി നാട്ടും. ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയുള്ള തൊഴിലാളി സംഘടനകളുടെ ഈ ഫാസിസ്റ്റ് നടപടിയെ നിയമപരമായി നേരിടാന്‍ സംരംഭകന്‍ തുനിഞ്ഞിറങ്ങിയാല്‍ നഷ്ടം കോടികളായിരിക്കും. ഒപ്പം ഭീഷണിയും. സംസ്ഥാനത്തെ നിയമവ്യവസ്ഥയെ വെല്ലുവിളിച്ചുള്ള കേരളത്തിലെ തൊഴിലാളി യൂണിയനുകളുടെ നോക്കുകൂലി സമരങ്ങള്‍ കാരണം സംരംഭം തന്നെ അടച്ചുപൂട്ടേണ്ടി വന്ന കഥകള്‍ ഒരുപാടുണ്ട്. സമരത്തെ തുടര്‍ന്ന് ഒരു ഗതിയുമില്ലാതെ ചില സംരംഭകര്‍ തങ്ങളുടെ ജീവിതസ്വപ്‌നങ്ങള്‍ക്ക് താഴിടുമ്പോള്‍ മറ്റ് ചിലര്‍ നിബന്ധനകള്‍ അംഗീകരിച്ച് ഒത്തുതീര്‍പ്പിലേക്കാണ് നീങ്ങുന്നത്. നിയമങ്ങളെ നോക്കുകുത്തിയാക്കിയുള്ള പരിഹാര ചര്‍ച്ചകളില്‍ ബലിയാക്കപ്പെടുന്നത് സംരംഭ താല്‍പ്പര്യങ്ങളാണ്. നോക്കുകൂലിക്കെതിരേ കോടതികള്‍ പല തവണ വിധികള്‍ പുറപ്പെടുവിച്ചിട്ടും പരിഹാരമാവാത്തെ തുടരുമ്പോള്‍ സംരംഭക ലോകത്തിന് ചോദിക്കാനുള്ളതും ഈ ചോദ്യമാണ്, നോക്കുകൂലി സമരങ്ങള്‍ക്ക് ആര് തടയിടും?
നാണം കെടുത്തുന്ന നോക്കുകൂലി സമരങ്ങള്‍
വയനാട് കല്‍പ്പറ്റയിലെ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ സംയുക്ത ട്രേഡ് യൂണിയന്‍ (Trade Union Strike) നടത്തുന്ന നോക്കുകൂലി (Nokkukooli) സമരം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നതിന് മുമ്പ് കേരളം ചര്‍ച്ച ചെയ്ത രണ്ട് സമരങ്ങളായിരുന്നു കണ്ണൂര്‍ മാതമംഗലത്തെയും മാടായിയിലെയും സമരങ്ങള്‍. സ്ഥാപനത്തിലെ കയറ്റിറക്ക് ജോലികള്‍ക്ക് സ്വന്തം തൊഴിലാളികളെ നിയമിച്ചതിനെ തുടര്‍ന്നാണ് മാതമംഗലത്തെ എസ്ആര്‍ അസോസിയേറ്റ് ഹാര്‍ഡ്‌വെയര്‍ സ്ഥാപനത്തിനെതിരെയും മാടായിയിലെ ശ്രീപോര്‍ക്കലി സ്റ്റീല്‍ എന്ന കടയ്ക്ക് മുന്നിലും സമരവുമായി ഭരണപക്ഷ തൊഴിലാളി യൂണിയനായ സിഐടിയു രംഗത്തെത്തിയത്. കടയിലേക്ക് എത്തുന്ന വാഹനങ്ങളെ തടയുക, ഉപഭോക്താക്കളെ ഭീഷണിപ്പെടുത്തുക, അക്രമിക്കുക തുടങ്ങിയ രീതിയിലേക്ക് സമരത്തിന്റെ സ്വഭാവം മാറിയതോട റബീഹിന്റെ ഉടമസ്ഥതയിലുള്ള എസ്ആര്‍ അസോസിയേറ്റ് നാളുകളോളം അടച്ചുപൂട്ടുകയും ചെയ്തു. വര്‍ഷങ്ങളോളം പ്രവാസലോകത്ത് അധ്വാനിച്ച്, വായ്പയെടുത്ത തുകയും കൂട്ടിച്ചേര്‍ത്ത് 70 ലക്ഷം രൂപ ചെലവില്‍ തുടങ്ങിയ തന്റെ സംരംഭം ദിവസങ്ങളോളം അടച്ചുപൂട്ടേണ്ടിവന്നതോടെ റബീഹ് എന്ന യുവ സംരംഭകന്‍ നേരിടേണ്ടിവന്നത് ലക്ഷങ്ങളുടെ നഷ്ടമാണ്.
കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ നിയമിക്കാമെന്ന ഉത്തരവ് ഹൈക്കോടതില്‍ നിന്ന് നേടിയിരുന്നെങ്കിലും ഇതിന് യാതൊരുവില കല്‍പ്പിക്കാതെയാണ് തൊഴിലാളി യൂണിയന്‍ പെരുമാറിയതെന്ന് റബീഹ് ധനത്തോട് അന്ന് വ്യക്തമാക്കിയിരുന്നു. ഒടുവില്‍ പ്രശ്‌നപരിഹാരത്തിനായി തിരുവനന്തപുരത്ത് ലേബര്‍ കമ്മീഷണറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലും ഹൈക്കോടി വിധി പരിഗണിക്കപ്പെട്ടില്ല. കടയിലേക്ക് വരുന്ന വലിയ ലോഡുകള്‍ സിഐടിയു തൊഴിലാളികള്‍ ഇറക്കുമെന്നം ചെറിയ ലോഡുകളുടെ കയറ്റിറക്ക് മാത്രമാണ് കടയുടമ നിയമിച്ച തൊഴിലാളികള്‍ ചെയ്യാന്‍ പാടുള്ളൂവെന്ന നിബന്ധനയോടെ പ്രശ്‌നം പരിഹരിക്കുകയായിരുന്നു. ഇവിടെയും ബലി കഴിപ്പിക്കേണ്ടിവന്നത് സംരംഭക താല്‍പ്പര്യമായിരുന്നു.
സമാന കാരണം ചൂണ്ടിക്കാട്ടിയാണ് മാതമംഗലത്തുനിന്ന് ഏതാനും ദൂരം മാത്രമുള്ള മാടായിയിലെ ലാലുവിന്റെ ഉടമസ്ഥതയിലുള്ള ശ്രീപോര്‍ക്കലി സ്റ്റീല്‍ എന്ന കടയ്ക്ക് മുന്നിലും സിഐടിയു നോക്കുകൂലി സമരം തുടങ്ങിയത്. ജനുവരി 23ന് 60 ലക്ഷത്തോളം രൂപ ചെലവഴിച്ച് തുടങ്ങിയ ശ്രീപോര്‍ക്കലി സ്റ്റീലിന് മുന്നില്‍ പിറ്റേന്ന് തന്നെ കൊടി നാട്ടിയതോടെ ലാലുവിന്റെ സംരംഭക ജീവിതത്തിലെയും കറുത്തദിനങ്ങള്‍ ആരംഭിച്ചു. ഇവിടെ കയറ്റിറക്ക് ജോലിക്കായി ലേബര്‍ കാര്‍ഡുള്ള മൂന്ന് തൊഴിലാളികളെയായിരുന്നു ലാലു നിയമിച്ചിരുന്നത്.
ഇപ്പോള്‍ വയനാട് കല്‍പ്പറ്റയിലെ നെസ്റ്റോ സൂപ്പര്‍മാര്‍ക്കറ്റിന് മുന്നില്‍ ഭരണ-പ്രതിപക്ഷ തൊഴിലാളി യൂണിയനുകള്‍ ഒരുമിച്ചാണ് പന്തല്‍ കെട്ടി സമരം ആരംഭിച്ചിട്ടുള്ളത്. ഹൈപ്പര്‍മാര്‍ക്കറ്റിലെ കയറ്റിറക്കിനായി സ്വന്തം തൊഴിലാളികളെ മാനേജ്മെന്റ് നിയമിച്ചതാണ് നോക്കുകൂലി സമരത്തിന് കാരണം. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ 10 ദിവസത്തിലധികമായി തുടരുന്ന സമരത്തില്‍ പ്രതിദിനം വില്‍പ്പനയില്‍ 10 ലക്ഷം രൂപയുടെ നഷ്ടമാണ് നെസ്റ്റോ നേരിടുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമായ നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃഖല ഒരു മാസങ്ങള്‍ക്ക് മുമ്പാണ് കല്‍പ്പറ്റയില്‍ തങ്ങളുടെ പുതിയ സൂപ്പര്‍ മാര്‍ക്കറ്റ് തുറന്നത്.
തുടക്കത്തില്‍ എഎല്‍ഒയില്‍നിന്നും ഡിഎല്‍ഒയില്‍നിന്നും തൊഴിലാളികള്‍ക്ക് ഐഡി കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചാണ് സ്വന്തം തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് നേടിയത്. തുടര്‍ന്ന് കയറ്റിറക്കിനായി നാല് തൊഴിലാളികളെ നെസ്റ്റോ നിയമിക്കുകയും ചെയ്തു. എന്നാല്‍ ഇവരെ ജോലിക്കായി ഉപയോഗിക്കാന്‍ പാടില്ലെന്നും കയറ്റിറക്ക് ജോലി യൂണിയന്‍ തൊഴിലാളികള്‍ക്ക് നല്‍കണമെന്നുമാണ് സമരക്കാന്‍ ആവശ്യപ്പെടുന്നത്.
ജോലിയും നഷ്ടം വരുമാനവും
നോക്കുകൂലി സമരങ്ങള്‍ക്ക് തൊഴില്‍ സംരംക്ഷണമെന്ന മുഖം നല്‍കാന്‍ തൊഴിലാളി സംഘടനകള്‍ ശ്രമിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ഇതുകാരണം ആശങ്കപ്പെടുന്നത് നൂറുകണക്കിനാളുകളാണ്. നിലവില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റില്‍ ക്ലീനിംഗ് തൊഴിലാളികള്‍ അടക്കം മുന്നൂറോളം പേരാണ് ജോലി ചെയ്യുന്നത്. ഒരുതരത്തിലും സമരം പരിഹാരമാവാതെ തുടരുകയാണെങ്കില്‍ ഇവിടെ ജോലി ചെയ്യുന്ന മുന്നൂറോളം പേരുടെ ജോലിയും ആശങ്കയിലാകും. കല്‍പ്പറ്റ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരില്‍ ഭൂരിഭാഗം പേരും വയനാടില്‍നിന്ന് തന്നെയുള്ളവരാണ്. എന്നാല്‍ ഇപ്പോള്‍ ടേഡ് യൂണിയനുകളിലെ ഏതാനും തൊഴിലാളികള്‍ക്ക് വേണ്ടി ഇത്രയും പേരുടെ തൊഴില്‍ പോലും ആശങ്കയിലാണെന്നും നിയമപരമായി കാര്യങ്ങള്‍ മുന്നോട്ടുപോയില്ലെങ്കില്‍ ഹൈപ്പര്‍മാര്‍ക്കറ്റ് അടച്ചുപൂട്ടാനുമാണ് മാനേജ്മെന്റ് തീരുമാനമെന്നും നെസ്റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് പിആര്‍ഒ സുഖിലേഷ് നേരത്തെ ധനത്തോട് വ്യക്തമാക്കിയിരുന്നു.
കേരളത്തിലുടനീളം നോക്കുകൂലിയുമായുള്ള പ്രശ്‌നങ്ങള്‍ അരങ്ങേറുന്നുണ്ടെങ്കിലും ഏതാനും സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കൂടുതല്‍ നഷ്ടങ്ങള്‍ നേരിടേണ്ടിവരുമെന്ന ഭയത്താല്‍ പലരും പരാതിപ്പെടാനും മടിക്കുകയാണ്. കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയെ പോലുള്ള ചുരുക്കം ചില ആളുകളാണ് അന്യായമായ തൊഴിലാളി സമരങ്ങള്‍ക്കെതിരേ ശബ്ദിക്കാനും നിയമപരമായി നേരിടാനും മുന്നോട്ടുവരുന്നത്.
മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറുമ്പോള്‍ പിന്നോട്ടുനടന്ന് കേരളം
തങ്ങളുടെ തൊഴിലാളി ശക്തി പരമാവധി ഉപയോഗിച്ച് മറ്റ് സംസ്ഥാനങ്ങള്‍ മുന്നേറുമ്പോള്‍ തൊഴിലാളികളിലൂടെ പിന്നോട്ടുനടക്കുകയാണ് കേരളം. കേരളത്തിന്റെ അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാടും കേരളവും സംരംഭകത്വത്തില്‍ നിക്ഷേപങ്ങള്‍ വാരിക്കൂട്ടുമ്പോള്‍ കേരളം അവഗണിക്കപ്പെടാന്‍ കാരണം ഇവിടത്തെ തൊഴിലാളികളുടെ സമീപനവും അവരോടുള്ള ഭരണ-പ്രതിപക്ഷ പാര്‍ട്ടികളുടെ അനുകൂല പെരുമാറ്റവുമാണെന്നതാണ് യാഥാര്‍ത്ഥ്യം. സ്വന്തമായി ഒരു സംരംഭം തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവര്‍ തങ്ങളുടെ അവസാന ഓപ്ഷനായാണ് കേരളത്തെ കാണുന്നത്.



Ibrahim Badsha
Ibrahim Badsha  

Related Articles

Next Story

Videos

Share it