ബിഎസ്എന്‍എല്‍ ഭൂമി വില്‍പ്പന; വാങ്ങാന്‍ ആളില്ല

2019ലെ പുനരുജ്ജീവന പാക്കേജിന്റെ ഭാഗമായി ബിഎസ്എന്‍എലിന്റെ ഭൂമി വില്‍ക്കാന്‍ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് അസറ്റ് മാനേജ്‌മെന്റ് (ഡിപാം) നടത്തിയ ആദ്യ ശ്രമം പരാജയം. മതിയായ പ്രതികരണം ലഭിക്കാത്തതിനെ തുടര്‍ന്ന് ലേല മാനദണ്ഡങ്ങളിലെ പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഡിപാം നിര്‍ദ്ദേശം നല്‍കി. ബിഎസ്എന്‍എല്‍, എംടിഎന്‍എല്‍ എന്നിവയുടെ ആറ് ഭൂസ്വത്തുക്കളാണ് ലേലത്തിനായി ഇ-ലേല പോര്‍ട്ടലില്‍ ഡിപാം ലിസ്റ്റ് ചെയ്തിരുന്നത്.

ഭൂമി വില്‍പ്പനയിലൂടെ 3000 കോടി രൂപ സമാഹരിക്കാനാണ് ടെലികോം വകുപ്പ് ലക്ഷ്യമിടുന്നത്. നാലിടങ്ങളിലെ ബിഎസ്എന്‍എലിന്റെ ഭൂമികളും എംടിഎന്‍എലിന്റെ ഭൂമിയും ഫ്ലാറ്റുകളുമാണ് വില്‍ക്കുന്നത്. ഹൈദരബാദിലെ ബിഎസ്എന്‍എലിന്റെ ഭൂമിക്ക് മാത്രം 400 കോടിയോളം രൂപയാണ് വില കണക്കാക്കുന്നത്. കുറഞ്ഞത് 100 കോടിയുടെ ആസ്ഥിയുള്ളവര്‍ക്കായിരുന്നു ഹൈദരബാദിലെ ഭൂമിക്കായി ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം. ഭൂമിയുടെ വില അനുസരിച്ച് ഈ നിബന്ധന വ്യത്യസ്തമായിരുന്നു.
സിബിആര്‍ഇ സൗത്ത് ഏഷ്യ പ്രൈവറ്റ് ലിമിറ്റഡ്, ജെഎല്‍എല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ്‌സ് (ഇന്ത്യ), കുഷ്മാന്‍ & വേക്ക്ഫീല്‍ഡ്, നൈറ്റ് ഫ്രാങ്ക് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഭൂമിവില്‍പ്പനയില്‍ സര്‍ക്കാരിന്റെ കണ്‍സള്‍ട്ടന്റുകളായി പ്രവര്‍ത്തിക്കുന്നത്. വീണ്ടും ലേലം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഡീപാം. രണ്ടു ഘട്ടമായി ആണ് ലേലം നടത്തുന്നത്. ആദ്യ ഘട്ടത്തില്‍ ലഭിക്കുന്ന ഉയര്‍ന്ന തുകയാകും വസ്തുവിന്റെ അടിസ്ഥാന വില.



Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it