സ്വര്‍ണവും വെള്ളിയും മാത്രമല്ല, ഞങ്ങളും ഇവിടെയുണ്ടെന്ന് ചെമ്പ്, അലൂമിനിയം; ഒരു വര്‍ഷം കൊണ്ട് നിഫ്റ്റിയില്‍ ലോഹ വളര്‍ച്ച 41%

ആഗോള സംഘര്‍ഷങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കപ്പെടുന്ന വിലപ്പെട്ട ലോഹങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതാണ് വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍
സ്വര്‍ണവും വെള്ളിയും മാത്രമല്ല, ഞങ്ങളും ഇവിടെയുണ്ടെന്ന് ചെമ്പ്, അലൂമിനിയം; ഒരു വര്‍ഷം കൊണ്ട് നിഫ്റ്റിയില്‍ ലോഹ വളര്‍ച്ച 41%
Published on

മെറ്റല്‍ കമ്പനികളുടെ ഓഹരികളില്‍ ശക്തമായ വാങ്ങല്‍ താല്‍പര്യം. നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ (NSE) മെറ്റല്‍ ഓഹരികളുടെ സൂചികയായ നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്‌സ് 2.82% (320 പോയിന്റ്) വരെ കുതിച്ച് 11,675 എന്ന എക്കാലത്തെയും ഉയര്‍ന്ന നിലയിലെത്തി. ഇന്‍ഡക്‌സിലെ എല്ലാ ഓഹരികളും നേട്ടത്തിലാണ് വ്യാപാരം നടന്നത്.

നിഫ്റ്റി മെറ്റല്‍ ഇന്‍ഡക്‌സില്‍ ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത് വേദാന്ത ആയിരുന്നു. ഓഹരി 5.5%ത്തിലധികം ഉയര്‍ന്ന് 679.45 എന്ന ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും പുതിയ ഉയരത്തില്‍ എത്തി. ഹിന്ദുസ്ഥാന്‍ സിങ്ക്, ഹിന്ദുസ്ഥാന്‍ കോപ്പര്‍, ടാറ്റ സ്റ്റീല്‍, നാഷണല്‍ അലുമിനിയം കമ്പനി (NALCO), സെയില്‍ (SAIL), ജിന്‍ഡാല്‍ സ്റ്റീല്‍, എന്‍എംഡിസി (NMDC), ഹിന്‍ഡാല്‍കോ, എപിഎല്‍ അപ്പോളോ ട്യൂബ്‌സ് എന്നീ ഓഹരികളും 1.6% മുതല്‍ 5.4% വരെ ഉയര്‍ച്ച രേഖപ്പെടുത്തി.

വാങ്ങല്‍ താല്‍പര്യം ഉയര്‍ന്നത് എന്തുകൊണ്ട്?

ആഭ്യന്തര, അന്താരാഷ്ട്ര വിപണികളില്‍ വിലപ്പെട്ട ലോഹങ്ങളുടെയും വ്യവസായ ലോഹങ്ങളുടെയും വില കുത്തനെ ഉയര്‍ന്നതോടെ, മെറ്റല്‍ ഓഹരികള്‍ നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതാണ് ഈ മേഖലയിലെ ഓഹരികളില്‍ ശക്തമായ വാങ്ങല്‍ താല്‍പര്യം വര്‍ധിക്കാന്‍ പ്രധാന കാരണം.

എന്‍എസ്ഇ ഡാറ്റ പ്രകാരം, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിഫ്റ്റി മെറ്റല്‍ സൂചിക 41% വരെ ഉയര്‍ന്നിട്ടുണ്ട്. ചെമ്പ് ഉത്പാദകരായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെയും വെള്ളി ഉത്പാദകരായ ഹിന്ദുസ്ഥാന്‍ സിങ്കിന്റെയും ഓഹരികള്‍ പുതിയ ഉയരങ്ങളിലെത്തുന്നത്, ചെമ്പും വെള്ളിയും രേഖപ്പെടുത്തുന്ന റെക്കോര്‍ഡ് റാലിയെ അനുസരിച്ചാണ്.

മാര്‍ച്ച് 5ന് ഡെലിവറിയുള്ള വെള്ളി ഫ്യൂച്ചറുകള്‍ മള്‍ട്ടി കൊമോഡിറ്റി എക്സ്ചേഞ്ചില്‍ കിലോഗ്രാമിന് 2,87,990 രൂപയെന്ന റെക്കോര്‍ഡ് നിലവാരത്തിലെത്തി. ജനുവരി 30-ന് ഡെലിവറിയുള്ള ചെമ്പിന്റെ വില കിലോഗ്രാമിന് 1,331 എന്ന ഇന്‍ട്രാ ഡേ ഉയര്‍ച്ചയും രേഖപ്പെടുത്തി.

ലോഹം, വിലപ്പെട്ടത്

ആഗോള സംഘര്‍ഷങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ സുരക്ഷിത നിക്ഷേപങ്ങളായി കണക്കാക്കപ്പെടുന്ന വിലപ്പെട്ട ലോഹങ്ങള്‍ക്കുള്ള ആവശ്യകത വര്‍ധിച്ചതാണ് ഇവയുടെ വില ഉയര്‍ന്നുനില്‍ക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. അടുത്തിടെ, ഇറാനിലെ സാഹചര്യം സംബന്ധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദേശീയ സുരക്ഷാ സംഘത്തോട് ചര്‍ച്ച നടത്തിയതോടെ ആശങ്കകള്‍ വീണ്ടും ശക്തം.

അലുമിനിയം, ചെമ്പ് തുടങ്ങിയ വ്യവസായ ലോഹങ്ങളുടെയും വില കുതിച്ചുയരുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വ്യാപകമായ ഉപയോഗവും ഹരിത ഊര്‍ജത്തിലേക്കുള്ള മാറ്റവും വ്യവസായ ആവശ്യകത കൂട്ടിയതാണ് ഒരു കാരണം. വ്യവസായ ലോഹങ്ങള്‍ക്കു മേല്‍ യുഎസ് ചുമത്താന്‍ സാധ്യതയുള്ള തീരുവകളെച്ചൊല്ലിയുള്ള ആശങ്ക കമ്പനികളെ ലോഹങ്ങള്‍ ശേഖരിക്കാന്‍ പ്രേരിപ്പിക്കുന്നു.

ചിലി, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഉത്പാദനത്തില്‍ ഉണ്ടായ തടസ്സങ്ങള്‍ വിതരണ ആശങ്കകള്‍ വര്‍ധിപ്പിക്കുകയും, അതോടെ ലോഹങ്ങളുടെ വില ഉയര്‍ന്നുനില്‍ക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രതിഫലനമായാണ് എക്സ്ചേഞ്ചില്‍ ബേസ് മെറ്റല്‍ കമ്പനികളുടെ ഓഹരികളും കുതിച്ചുയരുന്നത്.

ഇന്ന് രാവിലെനിഫ്റ്റി മെറ്റല്‍ സൂചിക 2.67% ഉയര്‍ന്ന് 11,659 എന്ന നിലയിലാണ് വ്യാപാരം നടന്നത്. അതേസമയം, നിഫ്റ്റി-50 സൂചിക വലിയ മാറ്റമില്ലാത്ത നിലയിലാണ് വ്യാപാരം നടത്തിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com