

ഇന്ത്യയിൽ വലിയ വിപുലീകരണത്തിന് പദ്ധതിയിട്ട് സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ നത്തിംഗ്. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്ത് 10 കോടി ഡോളറിലധികം നിക്ഷേപിക്കുമെന്നും 1,800 ൽ അധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും കമ്പനി സിഇഒ കാൾ പെയ് അറിയിച്ചു. കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവുമായി കാൾ പെയ് അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നു.
ആഗോള സ്മാർട്ട്‌ഫോൺ വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനാകുമെന്ന് കാൾ പെയ് പറഞ്ഞു. ഇന്ത്യയിലെ മുൻനിര ടെക്നോളജി കമ്പനികളില്‍ ഒന്നായ ഒപ്റ്റിമസുമായി (Optiemus Infracom) ചേർന്ന് നിർമ്മാണ സംരംഭം ആരംഭിക്കാനാണ് നത്തിംഗ് ലക്ഷ്യമിടുന്നത്. ഈ പങ്കാളിത്തം പ്രാദേശികമായി ഉൽപ്പാദനം വർദ്ധിപ്പിക്കുന്നതിന് കമ്പനിയെ സഹായിക്കും. സംയുക്ത സംരംഭത്തില്‍ ഉല്‍പ്പന്നങ്ങളുടെ ഡിസൈൻ, നിർമ്മാണം, ആഗോള വിതരണം എന്നിവയിൽ നത്തിംഗിന് കൂടുതൽ നിയന്ത്രണമുണ്ടായിരിക്കും.
ലോകത്തിലെ ഏറ്റവും ജനസംഖ്യയുളള രാജ്യങ്ങളിലൊന്നായ ഇന്ത്യയിലേക്ക് കമ്പനി വരുന്നത് ജെന്‍ സീ (Gen Z) ചെറുപ്പക്കാരെ ലക്ഷ്യമിട്ടാണ്. ചെറുപ്പക്കാരെ കൂടുതലായി ആകര്‍ഷിക്കുന്ന ട്രാന്‍സ്പരന്റ് ഹാൻഡ്‌സെറ്റ് ഡിസൈനുകൾക്ക് പേരുകേട്ട കമ്പനിയാണ് ലണ്ടൻ ആസ്ഥാനമായുള്ള നത്തിംഗ്. കമ്പനിയുടെ ഉല്‍പ്പന്നങ്ങളുടെ ഉപയോക്താക്കളുടെ ശരാശരി പ്രായം 26 ആണെന്നും പെയ് പറയുന്നു.
മെയ്ക്ക് ഇൻ ഇന്ത്യ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സ്മാർട്ട്‌ഫോണുകളിലും സാങ്കേതിക ഉൽപ്പന്നങ്ങളിലും പുതുമയുള്ള സമീപനവും ലളിതമായ രൂപകൽപ്പനയും കൊണ്ട് അന്താരാഷ്ട്ര ശ്രദ്ധ നേടിയവ കാര്യമായി ഇതുവരെ ഇന്ത്യയില്‍ നിന്ന് ഉണ്ടായിട്ടില്ല. നത്തിംഗിന്റെ വരവ് രാജ്യത്തിന്റെ സാങ്കേതിക ആവാസവ്യവസ്ഥയുടെ വളർച്ചക്ക് കൂടുതല്‍ ഊര്‍ജം നല്‍കുന്നതായിരിക്കുമെന്നാണ് കരുതുന്നത്.
നത്തിംഗ് ഇലക്ട്രോണിക്സുമായി സംയുക്ത സംരംഭം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ബിഎസ്ഇയിൽ ഒപ്റ്റിമസ് ഇൻഫ്രാകോം ഓഹരികൾ ഇൻട്രാഡേയില്‍ 6.4 ശതമാനം ഉയർന്ന് 712.95 രൂപയിലെത്തി. കമ്പനിയുടെ വിപണി മൂല്യം 6,042.37 കോടി രൂപയായി. ഓഹരിയുടെ 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന വില 873.65 രൂപയാണ്.
Nothing announces major India expansion with Optiemus JV, targeting Gen Z and boosting stock market response.
Read DhanamOnline in English
Subscribe to Dhanam Magazine